ഞങ്ങളുടെ പെൺകുട്ടിക്ക് തിരിച്ചുവരാനാകില്ല; പക്ഷേ നീതി ഉറപ്പാക്കും; ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: ഒമ്പതുവയസുകാരിയെ പുരോഹിതനും സംഘവും ചേർന്ന് മാതാപിതാക്കളുടെ സമ്മതമില്ലാതെ സംസ്കരിച്ച സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പുരോഹിതനും സംഘവും പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്ന വിവരം പുറത്തു വന്നതിന് പിന്നാലെ ഡൽഹി സർക്കാർ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചുപോയ പെൺകുട്ടിയുടെ ജീവൻ തിരികെ കൊടുക്കാനാകില്ലെങ്കിലും അവൾക്ക് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചു.
ഡൽഹി കന്റോൺമെന്റിനു സമീപം ഓൾഡ് നംഗൽ ഗ്രാമത്തിലെ പെൺകുട്ടിയെയാണു പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. മാതാപിതാക്കൾക്കൊപ്പം വാടക വീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടി ഞായറാഴ്ച വൈകുന്നേരം 5:30 ഓടെ അടുത്തുള്ള ശ്മശാനത്തിലെ കൂളറിൽനിന്ന് തണുത്ത വെള്ളമെടുക്കാൻ പോയതായിരുന്നു.
വൈകുന്നേരം 6 മണിയോടെ പെൺകുട്ടി വൈദ്യുതാഘാതമേറ്റു മരിച്ചതായി ശ്മശാനത്തിലെ പുരോഹിതനും മറ്റുള്ളവരും പെൺകുട്ടിയുടെ കുടുംബത്തെ അറിയിച്ചു. സംഭവത്തിൽ ശ്മശാനത്തിലെ പുരോഹിതൻ ഉൾപ്പെടെ നാലു പേരെ പീഡനം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡൽഹി വനിതാ കമ്മിഷനും ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചു.
പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ഡൽഹി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ ഉന്നത അഭിഭാഷകരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഞങ്ങളുടെ പെൺകുട്ടിക്ക് തിരിച്ചുവരാനാകില്ല. കുടുംബത്തോടു ചെയ്ത അനീതി നിർഭാഗ്യകരമാണ്. അതിനു നഷ്ടപരിഹാരം നൽകാൻ കഴിയില്ല. പക്ഷേ സർക്കാർ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യും’– പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.