KERALANEWSTop News

ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കാനുള്ള ഉത്തരവിന് പിന്നിൽ ജലവിഭവ വകുപ്പ്; വിശദീകരണവുമായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്

ഇടുക്കി: മുല്ലപ്പെരിയാറിലെ മരം മുറികേസിൽ വിശദീകരണവുമായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്. മുല്ലപ്പെരിയാറിലെ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കാനുള്ള ഉത്തരവിന് പിന്നിൽ ജലവിഭവ വകുപ്പാണെന്നാണ് വിശദീകരണം. മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് യോഗങ്ങൾ ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിളിച്ചിരുന്നുവെന്നും ഇദ്ദേഹം സർക്കാരിന് നൽകിയ വിശദീകരണത്തിൽ പറയുന്നു.

ഉത്തരവ് വിവാദമായതോടെ സർക്കാർ ബെന്നിച്ചൻ തോമസിനോട് വിശദീകരണം തേടുകയും തുടർന്ന് ഏഴ് പേജുള്ള വിശദീകരണം ഇയാൾ നൽകുകയും ചെയ്തു. ഇതിലാണ് മരം മുറി, ഡാം സൈറ്റിലേക്കുള്ള റോഡിൻറെ അറ്റകുറ്റപ്പണികൾ എന്നിവയുമായി ബന്ധപ്പെട്ട് മൂന്ന് യോഗങ്ങൾ ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിളിച്ചിരുന്നതായി ബെന്നിച്ചൻ തോമസ് വിശദീകരിക്കുന്നത്. സെപ്തംബർ 15 ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിലായിരുന്നു ആദ്യ യോഗം. 17 ന് സെക്രട്ടറിയേറ്റിലെ അനക്സ് 2 വിലെ കോൺഫറൻസ് ഹാളിൽ വെച്ച് അന്തർ സംസ്ഥാന സെക്രട്ടറി തല ഉദ്യോഗസ്ഥരുടെ യോഗവും നടന്നു. ഇതിന് അധ്യക്ഷത വഹിച്ചതും അഡീഷണൽ ചീഫ് സെക്രട്ടറി തന്നെയായിരുന്നു. ഈ യോഗത്തിൽ മരം മുറക്കാൻ അനുമതി നൽകാനുള്ള ധാരണ രൂപം കൊണ്ടു.

ശേഷം ഒക്ടോബര് 26ന് തന്നെ ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഫോണിൽ വിളിച്ചു. സുപ്രീം കോടതിയുടെ മുമ്പാകെ വാദം കേൾക്കുന്നതിനിടെ വനംവകുപ്പ് മരം മുറിക്കാനുള്ള അനുമതി നൽകാത്തതിൽ തമിഴ്‌നാട് സമ്മർദം ചെലുത്തുന്നുവെന്ന് അറിയിച്ചു. നിയമപരമായി അനുവദിക്കാമെങ്കിൽ മരങ്ങൾ മുറിക്കുന്നതിനുള്ള അനുമതി വേഗത്തിലാക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. തുടർന്ന് നവംബർ ഒന്നിന് താനും വനം പ്രിൻസിപ്പൽ സെക്രട്ടറിയും ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായി അദ്ദേഹത്തിൻറെ ചേംബറിൽ കൂടിക്കാഴ്ച നടത്തി. അപ്പോഴും ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മരം വെട്ടേണ്ടതിൻറെ ആവശ്യകത ആവർത്തിക്കുകയും അത് മൂലം സുപ്രീംകോടതിയിലെ കേസിൽ ശരിയായി വാദിക്കാൻ കഴിയുമെന്ന് അറിയിക്കുകയും ചെയ്തുവെന്നാണ് ബെന്നിച്ചൻ തോമസിൻറെ വിശദീകരണത്തിലുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close