KERALANEWSTop News

അറബിക്കടലിലെ ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞു; അതി തീവ്ര മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം

തിരുവനന്തപുരം: അറബിക്കടലിൽ ഉണ്ടായ ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴയുടെ തീവ്രത കുറഞ്ഞു. സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

എന്നാൽ അതി തീവ്ര മഴക്ക് സാധ്യതയില്ല എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴയുടെ ശക്തി കുറയുകയാണ് എങ്കിലും ജാഗ്രത തുടരണം എന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വടക്കൻ ജില്ലകളിൽ മഴയുടെ ശക്തി കുറഞ്ഞ നിലയിലാണ്. കോഴിക്കോട് മഴ കുറഞ്ഞു. താമരശ്ശേരി ചുരത്തിലെ ഗതാഗത തടസം പരിഹരിച്ചു.

തിരുവനന്തപുരത്തിന്റെ കിഴക്കൻ മേഖലകളിൽ മഴ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഇടവിട്ട് മഴ ലഭിക്കുന്നു. കോട്ടയം ജില്ലയിൽ മഴ കുറയുന്നതായും ജലനിരപ്പ് താഴുന്നതായും ജില്ലാ ഭരണകൂടം അറിയിച്ചു. അപ്പർ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരുകയാണ്. തിരുവനന്തപുരത്തിന്റെ കിഴക്കൻ മേഖലകളിൽ മഴ തുടരുകയാണ്.

കോട്ടയം മുണ്ടക്കയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടത്തി. ഇതോടെ ഉരുൾപൊട്ടലിൽ ആകെ മരിച്ചവരുടെ എണ്ണം നാലായി. ഓട്ടോ ഡ്രൈവറായ ഷാലറ്റി(29)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആറു പേർക്കായി തിരച്ചിൽ തുടരുകയാണ്.

ഇന്നലെ ഉരുൾപൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും രാവിലെ മുതൽ വീണ്ടും രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. കൂട്ടിക്കലിലും കൊക്കയാറിലുമായി 14 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കൂട്ടിക്കലിൽ ഇന്നലെ മൂന്ന് പേരുടെ മരണം സ്ഥിരികരിച്ചിരുന്നു. കൂട്ടിക്കലിലെ കാവാലിയിലാണ് ഇനി തെരച്ചിൽ നടത്തുന്നത്. ഇവിടെ നിന്നും 6 പേരെയാണ് കണ്ടെത്താനുള്ളത്.

40 അം​ഗ സൈന്യം ഇവിടെ രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്. കൂട്ടിക്കൽ മേഖലയിൽ വൻ നാശനഷ്ടമാണുണ്ടായിട്ടുള്ളത്. കൊക്കയാറിൽ രണ്ടിടങ്ങളിലായി എട്ട് പേരെയാണ് കാണാതായത്. രാവിലെ തന്നെ തെരച്ചിൽ തുടങ്ങുമെന്ന് ഇടുക്കി കളക്ടർ അറിയിച്ചിരുന്നു. ഫയർ ഫോഴ്സ്, എൻഡിആർഎഫ്, റവന്യു, പൊലീസ് സംഘങ്ങൾ എത്തി തിരച്ചിൽ ആരംഭിച്ചു. കൊക്കയാറിൽ തെരച്ചിലിന് ഡോഗ് സ്‌ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നും എത്തി. കൊക്കയാറിൽ ഏഴു വീടുകൾ പൂർണമായി തകർന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close