NEWSSocial Media

കുന്നിന്റെയായാലും ടെൻഷന്റെ ആയാലും കൊടുമുടിയിൽ എത്തിയാൽ പിന്നെ തിരിച്ചിറക്കമാണല്ലോ; കുന്നൂരിലെ ഹെലികോപ്റ്റർ അപകടം റിപ്പോർട്ട് ചെയ്ത പ്രമുഖ മാധ്യമപ്രവർത്തകൻ ധനസുമോദിന്റെ ഹൃദയസ്പർശിയായ കുറിപ്പ് ഇങ്ങനെ..

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ മലയാളി സൈനികനും ഉണ്ടായിരുന്നെന്ന വാർത്ത ആദ്യം നൽകിയ മലയാളി മാധ്യമ പ്രവർത്തകൻ ധനസുമോദിന്റെ കുറിപ്പ് വൈറലാകുന്നു. അപകടത്തിൽപെട്ട് മരിച്ചവരുടെ കൂട്ടത്തിൽ ഒരു മലയാളി സൈനികനും ഉണ്ടെന്ന വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് ധനസുമോദായിരുന്നു. അതിന് പിന്നിലെ മാനസിക സംഘർഷങ്ങളും അദ്ദേഹം പങ്കുവെക്കുന്നു.

ധനസുമോദിന്റെ കുറിപ്പ് ഇങ്ങനെ..

ഇന്നലെ ഉച്ചയ്ക്ക് 12. 50 ന് ആരംഭിച്ച ഒരു കോൾ താൽക്കാലത്തേക്ക് കട്ട് ചെയ്യുന്നത് വൈകുന്നേരം 7 മണിക്കായിരുന്നു. ചാനൽ സ്റ്റുഡിയോയിലെ പി.സി.ആറിലാണ് ഫോൺ കണക്ട് ചെയ്തു വച്ചിരുന്നത്.സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന വാർത്ത പുറത്ത് വരുമ്പോൾ വിജയ്ചൗക്കിൽ വാർത്താ സമ്മേളനത്തിലായിരുന്നു.തമിഴ്നാട്ടിൽ നിന്നുള്ള എംപിമാരോടാണ് ആദ്യവിവരം തേടിയത്. ആദ്യം മരണസംഖ്യ 5 എന്നും പിന്നീട് ഏഴ്,ഒൻപത് എന്നിങ്ങനെ വിവരം ലഭിക്കുമ്പോഴും ബിപിൻ രാവത്ത് മരിച്ചു എന്നത് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ഇരുന്നും നടന്നും കാറിൽ സഞ്ചരിച്ചും ചാനലിൽ സംസാരിച്ചു കൊണ്ടേയിരുന്നു. 4.15 ആയപ്പോൾ കൃത്യമായ സോഴ്സിൽ നിന്നും ബിബിൻ രാവത്തിന്റെ മരണവാർത്ത എത്തി. ഇത്രയും വലിയ പദവിയിൽ ഉള്ള ആളായതിനാൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായ ശേഷം മരിച്ചതായി വാർത്ത നൽകാവൂ എന്നും വിവരം കൈമാറിയ വ്യക്തി പറഞ്ഞു.അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു മെസേജ് ലഭിച്ചു. മരിച്ച ക്രൂ മെമ്പർമാരിൽ ഒരു മലയാളി ഉണ്ട്. ഗണ്ണർ JWO പ്രദീപ്‌.

അക്രമണത്തിനായി ഹെലികോപ്റ്ററിൽ ഘടിപ്പിച്ച തോക്ക് നിയന്ത്രിക്കുന്ന ആളാണ് ഗണ്ണർ. ഉള്ളൊന്നു വിറച്ചു. വാർത്ത കൊടുക്കാതെ അഞ്ച് മിനിറ്റ് കാത്തിരുന്നു. ഇതുവരെ തെറ്റ് സംഭവിക്കാത്ത സോഴ്സ് ആണ്. ഒടുവിൽ വാർത്ത നൽകി. മലയാളിയും ഹെലികോപ്റ്റർ അപകടത്തിൽപെട്ടതായി വാർത്ത നൽകിയപ്പോഴും നെഞ്ചിന്റെ മിടിപ്പ് എനിക്ക് കേൾക്കാവുന്ന ഉച്ചത്തിലായി. അരമണിക്കൂർ കഴിഞ്ഞിട്ടും മറ്റു ചാനലുകൾ നൽകാതിരുന്നപ്പോൾ ടെൻഷൻ ഇരട്ടിയായി. സോഴ്സിനെ വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച് ഓഫ്. മറ്റൊരു വാർത്താ ചാനലിലെ സുഹൃത്തിനെ വിളിച്ചു ഇങ്ങനെ വാർത്ത നൽകിയ കാര്യം പറഞ്ഞു. എങ്ങാനും തെറ്റിപ്പോയാൽ രാജ്യ ദ്രോഹകേസ് കൂടി ആകുമെന്ന് അവൻ പറഞ്ഞപ്പോൾ ടെൻഷൻ കുറഞ്ഞു തുടങ്ങി. കുന്നിന്റെയായാലും ടെൻഷന്റെ ആയാലും കൊടുമുടിയിൽ എത്തിയാൽ പിന്നെ തിരിച്ചിറക്കമാണല്ലോ. സോഴ്സിന്റെ ഫോണിൽ നിന്നും മെസേജ് എത്തി. ”പ്രദീപ്‌ തൃശൂർ സ്വദേശിയാണ്. അദ്ദേഹത്തെ കുറച്ചു അധികം സംസാരിക്കാനുണ്ട്.രാത്രി വിളിക്കാം.” മെസേജിനൊപ്പം പ്രദീപിന്റെ ഫോട്ടോയും അയച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോൾ മറ്റൊരു ചാനൽ പ്രദീപിന്റെ വാർത്ത കാണിക്കാൻ തുടങ്ങി.ഏഴുമണിയോടെ മറ്റു ചാനലുകളിലും പ്രദീപിന്റെ മരണവാർത്ത എത്തി.

വിവരം നൽകിയ ആളുമായി രാത്രി സംസാരിച്ചപ്പോഴാണ് പ്രദീപിനെക്കുറിച്ച് കൂടുതൽ അറിയുന്നത്. മനുഷ്യ സേവനമായി സേനയുടെ ഭാഗമായതാണ് ഈ ചെറുപ്പക്കാരൻ.2018 ഇൽ കേരളത്തെ പ്രളയം വിഴുങ്ങിയപ്പോൾ, സ്വമേധയാ ഡ്യൂട്ടി താല്പര്യം അറിയിച്ചു രക്ഷാപ്രവർത്തനത്തിന് എത്തിയ വ്യക്തിയാണ് പ്രദീപ്‌.ഉത്തരാഖണ്ഡിലും രക്ഷപ്രവർത്തനം ആവർത്തിച്ചു. ആകാശത്ത് നിന്നും പ്രദീപ്‌ നീട്ടിയ കൈകളിൽ പിടിച്ചു എത്രയോ പേർ പ്രളയജലത്തിൽ നിന്നും ജീവിതത്തിലേക്ക് പിടിച്ചു കയറിയിരിക്കുന്നു. അസുഖബാധിതനായ അച്ഛനെ ശുശ്രൂഷിക്കാനായി നാട്ടിലെത്തി മടങ്ങി നാലാം നാളാണ് ഈ ചെറുപ്പക്കാരൻ പൊലിഞ്ഞത്. മനുഷ്യനന്മയുടെ ആൾരൂപമായിരുന്ന പ്രദീപ്‌ അറക്കൽ ഏറെനാൾ നമുക്കിടയിൽ ജീവിക്കേണ്ടതായിരുന്നു. വേർപാട് സൃഷ്‌ടിച്ച വേദന കുടുംബത്തിന് മറികടക്കാൻ കഴിയട്ടെ. പ്രദീപിന്റെ ഓർമകൾക്ക് മുന്നിൽ കൂപ്പുകൈ ആദരാഞ്ജലികൾ…

https://m.facebook.com/story.php?story_fbid=4478018588934546&id=100001793478894

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close