INDIANEWS

മദ്യം മേടിക്കാൻ പണം നൽകിയില്ല; മകൻ അച്ഛനെ ഇരുമ്പ് വടികൊണ്ട് അടിച്ചു കൊന്നു; പ്രതിയുടെ മുറി പരിശോധിച്ച പോലീസ് കണ്ടത് നൂറുകണക്കിന് ഒഴിഞ്ഞ മദ്യ കുപ്പികൾ

കടലൂർ: തമിഴ്നാട് കടലൂർ ജില്ലയിൽ മദ്യം വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ മകൻ അച്ഛനെ കൊന്നു. കടലൂർ ടൗണിലെ ആനായ്ക്കുപ്പത്തെ എസ് കാർത്തിക് (32) എന്ന വ്യക്തിയാണ് മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് അച്ഛനെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നത്. ഡെപ്യൂട്ടി കളക്ടറായി വിരമിച്ച പി സുബ്രഹ്മണ്യൻ (76) ആണ് മരിച്ചത്.

പിതാവിന്റെ മൃതദേഹം സൂക്ഷിക്കുന്നതിനായി ഒരു ഫ്രീസർ ബോക്സ് വിതരണം ചെയ്യാൻ പട്ടണത്തിലെ ഒരു ഏജൻസിയോട് കാർത്തിക് പറയുകയായിരുന്നു. തുടർന്ന് ഫ്രീസർ ബോക്സുമായി വീട്ടിലെത്തിയ ഏജൻസി ജോലിക്കാർ മൃതദേഹത്തിൽ രക്തസ്രാവങ്ങൾ കണ്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് കടലൂർ പോലീസ് സ്റ്റേഷനിൽനിന്നുള്ള സംഘം സംഭവ സ്ഥലത്തു എത്തുകയായിരുന്നു.

ചെന്നൈയിൽ ഒരു മൊബൈൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന കാർത്തിക് ഒന്നര വർഷം മുമ്പ് ജോലി രാജിവച്ച് ആനക്കുപ്പത്തുള്ള പിതാവിന്റെ വീട്ടിലെത്തിയതായി പോലീസ് പറഞ്ഞു. എട്ട് വർഷം മുമ്പ് ഭാര്യ മരിച്ചതോടെ വിരമിച്ച ഡെപ്യൂട്ടി കളക്ടർ ഒറ്റയ്ക്കായിരുന്നു താമസം. ഇദ്ദേഹത്തിന് മൂന്ന് ആൺമക്കളും ഒരു മകളുമാണ് ഉള്ളത്. മകൾ വിവാഹശേഷം ലണ്ടനിൽ സ്ഥിരതാമസമാക്കി. മൂത്ത മകൻ ബെംഗളൂരുവിലാണ്. മറ്റൊരു മകൻ (പ്രതിയുടെ ഇരട്ട സഹോദരൻ) ചെന്നൈയിലാണ് താമസിക്കുന്നത്. കാർത്തിക് മദ്യം കഴിക്കുന്ന ആളാണ്. തൊഴിലില്ലാത്ത ഇയാൾ മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ട് പിതാവിനോട് വഴക്കിടാറുണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞു. അത്തരത്തിൽ മദ്യം കഴിക്കാൻ പണത്തിന് വേണ്ടി വഴക്കിടുകയും പണം നൽകാതിരുന്ന പിതാവിനെ ഇരുമ്പു വടികൊണ്ട് അടിക്കുകയായിരുന്നു. പലതവണ ക്രൂരമായി അടിച്ചതിനെ തുടർന്ന് അദ്ദേഹം സംഭവ സ്ഥലത്തു വെച്ച് തന്നെ മരിക്കുകയായിരുന്നു.

നൂറുകണക്കിന് ഒഴിഞ്ഞ മദ്യക്കുപ്പികളും സിഗരറ്റ് പാക്കറ്റുകളും അവശേഷിക്കുന്ന ഭക്ഷ്യവസ്തുക്കളും എല്ലാം കൊണ്ട് കാർത്തിക്കിന്റെ മുറി വൃത്തിഹീനമാണെന്ന് പോലീസ് പറഞ്ഞു. ഏതാനും ആഴ്ചകളായി മുറി ഇയാൾ മുറി വൃത്തിയാക്കിയിരുന്നില്ല. മരിച്ച സുബ്രഹ്മണ്യന്റെ മൃതദേഹം വീണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിനായി കടലൂർ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് അയച്ചു. പ്രതി കാർത്തിക്കിനെ ജുഡീഷ്യൽ കസ്റ്റഡിയിലും വിട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close