KERALANEWSTop News

ഗൂഢാലോചന കേസ്; ദിലീപിന് ഇന്ന് നിർണായക ദിവസം; മുൻകൂർ ജാമ്യഹർജി ഇന്ന് കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെ അഞ്ച് പ്രതികളുടേയും മുൻകൂർ ജാമ്യപേക്ഷയിൽ കോടതി ഇന്ന് തീരുമാനമെടുക്കും. ഇവരുടെ ചോദ്യം ചെയ്യൽ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. മൂന്ന് ദിവസം 33 മണിക്കൂറാണ് അഞ്ച് പ്രതികളേയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്.

ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, സഹായി കൃഷ്ണദാസ് എന്ന അപ്പു, ഉറ്റ സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ചൊവ്വാഴ്ച രാത്രിയോടെ ചോദ്യം ചെയ്യൽ പൂർത്തിയായി. സംഭവവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തതിന് പിന്നാലെയാണ് നടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചത്. ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിൾ ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടനെതിരെ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി കൂടുതൽ ചോദ്യം ചെയ്യലിനായി ഞായറാഴ്ച മുതൽ മൂന്ന് ദിവസം ദിലീപും മറ്റ് നാല് പ്രതികളും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ഉത്തരവിടുകയായിരുന്നു.

ജനുവരി 27 വരെ നടനെ അറസ്റ്റ് ചെയ്യരുതെന്നും മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ മുദ്രവച്ച കവറിൽ കൈമാറണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പഴയ മൊബൈൽ ഫോണുകൾ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാക്കാനും നിർദ്ദേശിച്ചിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതിനാൽ ഫോണുകൾ കൈമാറാൻ കഴിയില്ലെന്നാണ് ദിലീപിന്റെ നിലപാട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close