Breaking NewsKERALANEWSTop News

ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങൾ ഒളികാമറയിൽ പകർത്തി; സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ കേസിൽ വീണ്ടും അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസിൽ പൊലീസ് കോടതിയിൽ വീണ്ടും അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. എളമക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആലുവ കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. പൊലീസ് അന്വേഷണം നിർജ്ജീവമാണെന്ന് കാണിച്ച് യുവതി കോടതിയെ സമീപിച്ചതിന് പിന്നാലെ, ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് ആയി സമർപ്പിക്കാൻ കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കഴിഞ്ഞ ഫെബ്രുവരിയിലാണ് കണ്ണൂർ സ്വദേശിനിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പീഡന പരാതി നൽകിയത്.

മുമ്പ് മെയ് 19 ന് അന്വേഷണ ഉദ്യോഗസ്ഥർ ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും കോടതി അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. 2010ൽ കൊച്ചിയിലെ ഒരു വീട്ടിൽവെച്ച് സംവിധായകൻ ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്നാണ് ഹോം നഴ്സായ യുവതിയുടെ പരാതി. സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വച്ച് തന്നെ പത്ത് വർഷം മുൻപ് പീഡിപ്പിച്ചുവെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് ആരോപണം. പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയശേഷം ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചിരുന്നു. ഇപ്പോൾ നടിയുടെ നീതിക്ക് വേണ്ടി ബാചന്ദ്രകുമാർ രംഗത്ത് വന്നത് കണ്ടപ്പോഴാണ് ദുരനുഭവം തുറന്നുപറയാൻ തയ്യാറായതെന്നാണ് യുവതി പറഞ്ഞിരുന്നു.

എളമക്കര പൊലീസിന് കൈമാറിയ കേസ് പിന്നീട് അന്വഷണത്തിനായി തിരുവനന്തപുരം ഹൈടെക് സെൽ അഡിഷണൽ എസ് പി, എസ് ബിജുമോൻ കൈമാറുകയായിരുന്നു. കേസെടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും ബാലചന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണ് എന്നാരോപിച്ച് പരാതിക്കാരി ഡിജിപിക്ക് പരാതിയും നൽകിയിട്ടുണ്ട്. ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തുന്നു, കേസിൽ നിന്ന് പിന്മാറാൻ സ്വാധീനിക്കുന്നു, പ്രതിയുടെ സുഹൃത്തായ ബൈജു കൊട്ടാരക്കര ചാനലുകളിലൂടെ അവഹേളിക്കുന്നു എന്നെല്ലാം അറിയിച്ചാണ് യുവതി ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. ബാലചന്ദ്രകുമാറിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു. ബാലചന്ദ്രകുമാർ നുണ പരിശോധനയ്ക്ക് തയാറാകണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു.

പത്തു വർഷം മുമ്പ് ആണ് തനിക്ക് ക്രൂരമായ അനുഭവം ഉണ്ടായതെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ജോലി വാഗ്ദാനം നൽകി എറണാകുളത്തെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങൾ ഒളികാമറയിൽ പകർത്തി ബാലചന്ദ്രകുമാർ തന്നെ ബ്ലാക്ക് മെയിൽ ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം. ബാലചന്ദ്രകുമാറിന് എതിരെ യുവതി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ഇയാളെ കാണുന്നത് ദിലീപിന് എതിരെ ആരോപണവുമായി എത്തിയപ്പോഴാണ്.

ഇയാളുടെ കൈയിൽ പെൻകാമറ അടക്കമുള്ള സാധനങ്ങൾ എപ്പോഴും ഉണ്ടാകാറുണ്ടെന്നും യുവതി ആരോപിക്കുന്നു. ഇതിനെതിരെ താൻ നിയമനടപടിക്ക് പോകാതിരുന്നത് തന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടാൽ ആത്മഹത്യ ചെയ്യേണ്ടി വരും എന്നതു കൊണ്ടാണെന്നും യുവതി പറഞ്ഞു. ബാലചന്ദ്രകുമാറിന് പിന്നിൽ ​ഗുണ്ടാ സംഘങ്ങളുണ്ടെന്നും യുവതി പറയുന്നു. ബലാത്സം​ഗത്തിന് ശേഷം പിന്നീട് ഇപ്പോൾ ചാനൽ ചർച്ചകളിലാണ് ബാലചന്ദ്രകുമാറിനെ തിരിച്ചറിഞ്ഞതെന്നും, ഓരോ ചാനൽ ചർച്ചകളും കഴിയുമ്പോഴും താൻ ബാലചന്ദ്രകുമാറിന് മെസേജ് അയക്കുമായിരുന്നെന്നും യുവതി പറയുന്നു.

ആ സംഭവത്തിന് ശേഷം പിന്നീട് തന്നെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിരുന്നില്ലെന്നും യുവതി പറയുന്നു. ബാലചന്ദ്രകുമാർ മൃ​ഗീയമായാണ് തന്നെ പീഡിപ്പിച്ചതെന്നും യുവതി പറയുന്നു. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ബാലചന്ദ്രകുമാറിനെ പരിചയപ്പെട്ടതെന്നും യുവതി പറയുന്നുണ്ട്. അപ്പോൾ ബാലചന്ദ്രകുമാർ തന്നെ ഇങ്ങോട്ട് വന്ന് പരിചയപ്പെടുകയായിരുന്നെന്നും സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് ചോദിക്കുകയായിരുന്നെന്നും യുവതി പറയുന്നു. എന്നാൽ, തനിക്ക് സിനിമാ മോഹമില്ലെന്ന് മറുപടി നൽകിയപ്പോൾ ജോലിക്കായി വിളിക്കാൻ മറ്റൊരാളുടെ നമ്പർ നൽകുകയായിരുന്നെന്നും യുവതി പറയുന്നു. അയാളെ വിളിച്ചപ്പോഴാണ് ഉടൻ തന്നെ എറണാകുളത്ത് എത്താൻ നിർദ്ദേശിച്ചതെന്നും യുവതി പറയുന്നു. താൻ പറയുന്നത് നൂറു ശതമാനം സത്യമാണെന്നും നുണ പരിശോധനക്ക് ഉൾപ്പെടെ താൻ തയ്യാറാണെന്നും യുവതി പറയുന്നുണ്ട്.

എന്നാൽ, ദിലീപ് ഇടപെട്ട് മനപ്പൂർവ്വം കെട്ടിച്ചമച്ച പരാതിയാണിതെന്ന വാദമാണ് ബാലചന്ദ്ര കുമാർ ഉയർത്തുന്നത്. ബലാത്സംഗ ആരോപണത്തിന് പിന്നിൽ നടൻ ദിലീപാണെന്നും ദിലീപിനെതിരെ ആരോപണം ഉന്നയിച്ചതിനെ പ്രതികാരമായിട്ടാണ് തനിക്കെതിരെ ബലാൽസംഗ പരാതി നൽകിയതെന്നും ബാലചന്ദ്ര കുമാർ ആരോപിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close