MoviesNEWS

‘തനിക്കിത് പുതിയ വാർത്ത’ ; മരക്കാർ ഒ ടി ടി റിലീസിനെക്കുറിച്ച് യാതൊന്നും അറിയില്ല; സത്യം തുറന്ന് പറഞ്ഞ് പ്രിയദർശൻ

മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ഒടിടി റിലീസായി എത്തില്ല എന്ന് സൂചന. പ്രിയദർശൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രം ഒടിടി റിലീസായി എത്തുമെന്നായിരുന്നു വാർത്തകൾ. തുടർന്ന് സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ ചർച്ച വിഷയമാവുകയും ചെയ്തു. മോഹൻലാൽ ആരാധകരും ചലച്ചിത്ര പ്രേമികളും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. ചിത്രം ഒടിടി റിലീസായി എത്തുമെന്നത് തനിക്ക് പുതിയ വാർത്തയാണെന്നും ഇതിനെ പറ്റി യാതൊന്നും അറിയില്ലെന്നും പ്രിയദർശൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ വാർത്ത സ്ഥിരീകരിക്കാൻ ചിത്രത്തിന്റെ നിർമ്മാതാവും മോഹൻലാലുമാണ്‌ അനുയോജ്യരായ ആളുകൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഒരു വാർത്ത ചാനലിൽ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ഒടിടി റലീസായി എത്തുമെന്നും റിലീസുമായി ബന്ധപ്പെട്ട് ആമസോണുമായി ചർച്ച നടന്നുവെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സംവിധായകൻ പ്രിയദർശൻ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുന്നത്. സിനിമയുടെ ബജറ്റ് 100 കോടിയാണ്. ആറ് മാസം കൂടി കാത്തിരിക്കേണ്ടി വന്നാലും ചിത്രം തീയേറ്ററിൽ തന്നെയായിരിക്കും പ്രദർശിപ്പിക്കുക എന്ന് ഇതിനു മുമ്പ് പ്രിയദർശൻ പറഞ്ഞിരുന്നു. എന്നാൽ ആമസോൺ പ്രൈം ചിത്രം ഏറ്റെടുത്തുവെന്നും ക്രിസ്മസിന് പ്രേക്ഷകരിലേക്ക് ഒടിടി റിലീസായി ചിത്രം എത്തുമെന്നും വാർത്തകൾ വന്നിരുന്നു.

രണ്ട് തവണയാണ് കൊവിഡ് പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത്. വലിയ ബഡ്ജറ്റിൽ പൂർത്തിയാക്കിയ ചിത്രം തിയേറ്ററിൽ വന്നാൽ മാത്രമേ അതിന്റെ പൂർണ്ണതയിൽ പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയൂ എന്ന അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. വിവിധ ഭാഷകളിൽ നിന്നുള്ള നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ ഭാഗമായിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close