ചെന്നൈ: തമിഴ്നാട്ടിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഭരണകക്ഷിയായ ഡി.എം.കെക്ക് മിന്നുന്ന വിജയം. പുതുതായി വിഭജിക്കപ്പെട്ട ഒമ്പത് ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് നടന്ന ഒമ്പത് ജില്ല പഞ്ചായത്തുകളിലും ഡി.എം.കെ ഭരണമുറപ്പിച്ചു. മൊത്തമുള്ള 140 ജില്ല കൗൺസിൽ അംഗങ്ങളിൽ 138ഉം ഡി.എം.കെ കരസ്ഥമാക്കി. അണ്ണാ ഡി.എം.കെക്ക് രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത്.
ഒക്ടോബർ ആറ്, ഒമ്പത് തീയതികളിൽ രണ്ടു ഘട്ടങ്ങളിലായി കാഞ്ചിപുരം, ചെങ്കൽപേട്ട്, തെങ്കാശി, വെല്ലൂർ, റാണിപേട്ട്, തിരുപ്പത്തൂർ, തിരുനൽവേലി, വിഴുപ്പുറം, കള്ളക്കുറിച്ചി എന്നീ ജില്ലകളിലെ ജില്ല പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് യൂനിയൻ വാർഡ് മെംബർമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, ഗ്രാമപഞ്ചായത്ത് വാർഡ് അംഗങ്ങൾ എന്നീങ്ങനെ കാൽലക്ഷത്തോളം സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 73.27 പോളിങ് ശതമാനം രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 74 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ ആരംഭിച്ചത്.