KERALANEWS

ഡോക്​ടർമാരുടെ സമരം ബാധിക്കുന്നത്​ പാവപ്പെട്ട രോഗികളെ; സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: പി.ജി. ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണ‍‍‍‍മെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ. ഡോക്ടർമാരുടെ സമരം പാവപ്പെട്ട രോഗികളെയാണ് ബാധിക്കുന്നത് കൂടാതെ മെഡിക്കൽ കോളേജിലെ പ്രവർത്തനങ്ങളെ അത് സാരമായി ബാധിക്കും. ഈ വിഷയത്തില്‍ സര്‍ക്കാര്‍ തികഞ്ഞ നിസംഗതയാണ് കാണിക്കുന്നത്. സമരം പ്രഖ്യാപിച്ച ഡോക്ടര്‍മാരോട് സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുന്നതായി പരാതിയുണ്ട്.

സമര രംഗത്തുള്ള ഗര്‍ഭിണികളായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരോട് ഹോസ്റ്റല്‍ ഒഴിയണമെന്ന സര്‍ക്കാര്‍ നിലപാട് സമരം ഒത്തുതീര്‍പ്പാക്കുന്നതിന് സഹായകരമല്ല. പി.ജി. ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാല് മാസം മുമ്പ് സൂചനാ സമരം നടത്തിയപ്പോള്‍ ആരോഗ്യമന്ത്രി നല്‍കിയ പല വാഗ്ദാനങ്ങളും നടപ്പാകാത്തതിനെ തുടര്‍ന്നാണ് സമരരംഗത്തേക്ക് ഇറങ്ങേണ്ടി വന്നതെന്ന് പി.ജി ഡോക്ടര്‍മാര്‍ പറയുന്നു.സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് നീറ്റ് പിജി പ്രവേശനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ കുറവും അമിതജോലിഭാരവും പിജി ഡോക്ടര്‍മാരെ കാര്യമായി ബാധിക്കുന്നുണ്ട്.

കോവിഡ് കാരണം വൈകി നടന്ന പരീഷയുടെ ഫലം വരാത്തതിനാൽ മൂന്ന് ബാച്ച് പി.ജി. ഡോക്ടർമാർ ജോലി ചെയ്യേണ്ടിടത്ത് രണ്ട് ബാച്ച് ഡോക്ടർമാരുടെ സേവനം മാത്രമാണ് നിലവിൽ ലഭിക്കുന്നത്. ഇത് ആത്യന്തികമായി ബാധിക്കുന്നത് പാവപ്പെട്ട രോഗികളെയാണെന്നതിനാൽ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close