
മഴ പെയ്താൽ നാം എല്ലാവരും എവിടേക്കെങ്കിലും ഓടി അഭയം തേടാറുണ്ട്. ഏതെങ്കിലും കെട്ടിടങ്ങളിലേക്കോ ആരുടെയെങ്കിലും കുടക്കീഴിലേക്കോ മഴ നനയാത്ത മറ്റെവിടേക്കെങ്കിലുമോ. എന്നാൽ അത് മനുഷ്യർ മാത്രമല്ല, മൃഗങ്ങളും അങ്ങനെ തന്നെയെന്ന് സൂചിപ്പിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ഒരു ചിത്രം. കൊൽക്കത്ത പൊലീസാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
നഗരത്തിലെ കനത്ത മഴയിൽ ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ കുട ചൂടിക്കൊണ്ട് ട്രാഫിക് നിയന്ത്രിക്കുകയാണ്. മഴ കടുത്തതോടെ ആ കുടക്കീഴിൽ ചില അതിഥികൾ അഭയം തേടിയെത്തി. ആ അതിഥികൾ മറ്റാരുമല്ല തെരുവിലെ രണ്ട് നായ്ക്കളാണ്. കുട ചൂടി നിക്കുന്ന ട്രാഫിക് പോലീസ് ഓഫിസർക്ക് കീഴെ ഇരുവരും ഇരുപ്പുറപ്പിച്ചു. ഉദ്യോഗസ്ഥൻ അവയെ ആട്ടിപായിച്ചില്ല. ശേഷം അയാൾ തന്റെ ദൗത്യം നിർവഹിച്ചുകൊണ്ടിരുന്നു. ഉദ്യോഗസ്ഥൻ വാഹനങ്ങളെ നിയന്ത്രിക്കുമ്പോൾ അത് ശ്രദ്ധയോടെ വീക്ഷിക്കുകയാണ് നായ്ക്കൾ.
കൊൽക്കത്തയിലെ തിരക്കേറിയ ക്രോസിംഗിലാണ് സംഭവം. ഈസ്റ്റ് ട്രാഫിക് ഗാർഡിലെ കോൺസ്റ്റബിൾ തരുൺ കുമാർ മണ്ഡൽ എന്ന പൊലീസുകാരനാണ് ചിത്രത്തിലെ താരം. എന്തായാലും മനോഹരമായ ഈ ചിത്രമിപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധിക്കപെടുകയാണ്.
