KERALANEWS

അണക്കെട്ടുകള്‍ കൊണ്ട്‌ കേരളത്തിന്റെ ശ്വാസം മുട്ടിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത്‌; പുതിയ അണക്കെട്ടുകള്‍ക്ക്‌ തടസം പരിസ്ഥിതി ലോബിയെന്ന്‌ കേരളത്തിന്റെ പരിഹാസം


തിരുവനന്തപുരം: തുടര്‍ച്ചയായ പ്രളയഭീഷണി അതിജീവിക്കാന്‍ കേരളത്തില്‍ കൂടുതല്‍ അണക്കെട്ടുകള്‍ വേണമെന്നാണ്‌ ജലവിഭവ പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചിരിക്കുന്നത്‌. പാരിസ്ഥിതിക ആശങ്കകള്‍ പരിഹരിച്ച്‌ അണക്കെട്ടുകള്‍ പണിയാന്‍ പരിസ്ഥിതി സംഘടനകള്‍ ഉള്‍പ്പെടെ ഉള്ളവരുമായി ചര്‍ച്ചയ്‌ക്ക്‌ കേരള സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ഡോ.സഞ്‌ജയ്‌ ജയ്‌സ്വാള്‍ അധ്യക്ഷനായ സമിതി നിര്‍ദ്ദേശിച്ചു.

എന്നാല്‍ കേളത്തില്‍ പുതിയ അണക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ പരിസ്ഥിതി ലോബി തടസം നില്‍ക്കുന്നുവെന്നാണ്‌ സമതിക്ക്‌ മുന്നില്‍ കേരളം വച്ച വാദം.
അതേസമയം സംസ്ഥാനത്ത്‌ പുതിയ അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നത്‌ തികച്ചും അശാസ്‌ത്രീയമാണെന്നാണ്‌ പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിപ്രായം. നിലവിലുള്ള അണക്കെട്ടുകളുടെ സംഭരണ ശേഷി കൂട്ടുകയാണ്‌ പ്രതിവിധിയെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു. ഇനിയും വികസനത്തിന്റെ പേരില്‍ വനങ്ങള്‍ നശിപ്പികരുതെന്നും അവര്‍ ആവശ്യപ്പെടുന്നു.

കേരളത്തിലെ അണക്കെട്ടുകളുടെ ശരാശരി സംഭരണ ശേഷി വെറും നാല്‍പ്പത്‌ ശതമാനം മാത്രമാണ്‌.ഇതിന്‌ കാരണം വന്‍തോതില്‍ എക്കല്‍ വന്നടിയുന്നതാണെന്നും വിദ്‌ഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അരുവിക്കര അണക്കെട്ടിലാണ്‌ ഏറ്റവും കൂടുതല്‍ എക്കല്‍ അടിയുന്നത്‌, 55 ശതമാനം. ഏറ്റവും കുറഞ്ഞ എക്കല്‍ ശേഖരമുള്ളത്‌ മുല്ലപ്പെരിയാറിലാണെന്നും വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മൂന്ന്‌ ശതമാനംമാത്രമാണ്‌ ഇവിടുത്തെ എക്കല്‍ ശേഖരം.

അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്ത്‌ കൂടുതല്‍ സസ്യാവരണങ്ങളും വനവത്‌ക്കരണവും നടത്തിയാല്‍ വന്‍തോതില്‍ മണ്ണൊലിപ്പ്‌ തടയാനാകും. കടലിന്റെ നിലനില്‍പ്പ്‌ തന്നെ നദികളില്‍ നിന്നുള്ള ജലത്തിന്റെ ലഭ്യതയെ ആശ്രയിച്ചാണ്‌. അണകള്‍ കെട്ടി നീരൊഴുക്ക്‌ തടസപ്പെട്ടത്‌ മൂലം മധ്യേഷ്യയിലെ ഏറല്‍ സമുദ്രം മരുഭൂമിയായി മാറിയതിന്റെ തെളിവുണ്ട്‌. ഭൂവിസ്‌തൃതി അനുസരിച്ചാണ്‌ ഓരോ രാജ്യവും എത്ര അണക്കെട്ടുകള്‍ വേണമെന്ന്‌ തിട്ടപ്പെടുത്തുന്നത്‌.

അണക്കെട്ടുകള്‍ ഉള്ള സ്ഥലങ്ങളില്‍ ഭൂചലന സാധ്യത കൂടുതലാണ്‌. ശാസ്‌ത്ര സത്യങ്ങള്‍ വിളിച്ച്‌ പറയുമ്പോള്‍ അവരെ വികസന വിരോധികള്‍ എന്ന്‌ പറഞ്ഞും അവരെ അപവാദം പറഞ്ഞ്‌ പരത്തി വായ്‌ അടപ്പിക്കുന്നതും തികച്ചും മനോരോഗ ലക്ഷണമാണ്‌. കമ്പ്യൂട്ടര്‍ ആദ്യമായി കേരളത്തില്‍ വന്നപ്പോഴും ട്രാക്ടര്‍ വന്നപ്പോഴും എതിര്‍ത്തത്‌ പരിസ്ഥിതി വാദികള്‍ ആയിരുന്നോ എന്ന ചോദ്യവും ഇവര്‍ ഉയര്‍ത്തുന്നു. ആരാണ്‌ വികസന വിരോധികള്‍ എന്ന്‌ എല്ലാവര്‍ക്കും അറിയാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.വികസനത്തിന്റെയും മഹാമാരിയുടെയും പേര്‌ പറഞ്ഞ്‌ സാമ്പത്തിക രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും ഇവര്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close