NEWSWORLD

ഇംഗ്ലീഷ് ചാനലിൽ ബോട്ട് മുങ്ങി; 27 അഭയാർഥികൾ മരിച്ചു; കാണാതായത് നിരവധി പേരെ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ലണ്ടൻ: ഇംഗ്ലിഷ് ചാനലിൽ ബോട്ടു മുങ്ങിയതിനെ തുടർന്ന് 27 അഭയാർഥികൾ മരിച്ചു. നിരവധി പേരെ കാണാതായി. ഫ്രഞ്ച് തുറമുഖ നഗരമായ കാലെസിൽനിന്നും ഇംഗ്ലിഷ് ചാനലിലൂടെ അനധികൃതമായി ബ്രിട്ടനിലേക്ക് കടക്കാൻ ശ്രമിച്ച അഭയാർഥികളാണ് അപകടത്തിൽ പെട്ടത്. ഫ്രഞ്ച്, ബ്രിട്ടീഷ് സേനകളും കോസ്റ്റ് ഗാർഡും ഹെലികോപ്ററ്ററുകളും ബോട്ടുകളും കപ്പലുകളും ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.

സമീപത്തുള്ള മത്സ്യബന്ധന ബോട്ടുകളാണ് അപകട വിവരം പുറംലോകത്ത അറിയിച്ചത്. 2014നുശേഷം ഇംഗ്ലിഷ് ചാനലിൽ ഉണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്. സ്ഥിതിഗതികൾ വിലയിരുത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടിയന്തര കോബ്രാ കമ്മിറ്റി യോഗം വിളിച്ചു.

ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് കാലെസിനു സമീപത്തുനിന്നും അപകടവിവരം മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നവർ അധികൃതരെ അറിയിക്കുന്നത്. പീന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് 27 പേരുടെ ജീവൻ പൊലിഞ്ഞെന്ന് മനസിലാകുന്നത്. ബ്രിട്ടീഷ്, ഫ്രഞ്ച് അധികൃതർ സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

ഫ്രഞ്ച് അതിർത്തി പട്ടണങ്ങളിൽ പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങൾ വ്യാപകമായി അഭയാർഥികളെ ബ്രിട്ടനിലേക്ക് കടത്തുന്നത് വർധിച്ചു വരുന്നതിനിടെയാണ് അപ്രതീക്ഷിതമായ ദുരന്തം. മനുഷ്യക്കടത്ത് നിയന്ത്രിക്കാൻ യൂറോപ്യൻ യൂണിയനും ബ്രിട്ടനും കരാറിൽ ഏർപ്പെടുകയും കോസ്റ്റ് ഗാർഡിന്റെ ഉൾപ്പെടെ പരിശോധന കർക്കശമാക്കുകയും ചെയ്തിരുന്നു. ഇതിനിടെയിലും അധികൃതരെ കബളിപ്പിച്ച് മാഫിയ സംഘങ്ങൾ കടത്തു തുടരുന്നത് കഴിഞ്ഞ ദിവസങ്ങളിൽ വലിയ വാർത്തയായിരുന്നു. തണുപ്പുകാലത്ത് പൊതുവേ കുറയാറുള്ള അഭയാർഥി പ്രവാഹം ഇക്കുറി വർധിക്കുന്ന സ്ഥിതിയാണ്. അതിനിടെയാണ് ഇപ്പോൾ നിരവധി പേരുടെ ജീവനെടുത്ത ദുരന്തം.

ജീവൻ പണയം വച്ചും പുതിയ ജീവിതം സ്വപ്നം കാണുന്നവരാണ് ഇംഗ്ലിഷ് ചാനലിലെ സാഹസിക കുടിയേറ്റക്കാർ. ടർക്കി, അഫ്ഗാനിസ്ഥാൻ, സിറിയ, ലിബിയ, യെമൻ, എറിത്രിയ, ചാഡ്, ഈജിപ്ത്, സുഡാൻ, ഇറാഖ് തുടങ്ങി കലാപബാധിതവും രാഷ്ട്രീയ കലുഷിതവുമായ ലോകത്തുനിന്നും രക്ഷപ്പെട്ടോടി ജീവിതം തിരിച്ചുപിടിക്കാൻ കൊതിക്കുന്നവരാണ് ഇവരെല്ലാം. നഷ്ടപ്പെടാൻ ജീവൻ മാത്രം ബാക്കിയുള്ളവർക്ക് മരണത്തെ ഭയമില്ലാത്തത് സ്വാഭാവികമാണ്. വായു നിറച്ച ചെറിയ പോളിത്തീൻ ബോട്ടുകളിൽ കടൽ കടക്കാൻ ഇവർ കാണിക്കുന്ന ധൈര്യം നിസഹായതയുടേതു കൂടിയാണ്.

ഇംഗ്ലിഷ് ചാനൽ കടന്ന് ബ്രിട്ടനിലെത്തിയാൽ ഏതെങ്കിലും കാലത്ത് അഭയാർഥിയായി പരിഗണിക്കപ്പെടും എന്ന വിശ്വാസമാണ് ഈ സാഹസികതയ്ക്കു ബലമേകുന്നത്. ആഴ്ചതോറും ആയിരക്കണക്കിന് ആളുകളാണ് ഫ്രാൻസിൽനിന്നും ഇംഗ്ലിഷ് ചാനൽ കടന്ന് ബ്രിട്ടീഷ് തീരത്ത് എത്തുന്നത്. അതിർത്തി സേനയുടെ ബോട്ടുകൾ ഇവരെ പിന്തുടർന്ന് ഡോവറിലെ അഭയാർഥി ക്യാംപുകളിൽ എത്തിക്കും. പിന്നെ ഇവർക്ക് കാത്തിരിപ്പിന്റെ കാലമാണ്. അഭയാർഥിയായി അംഗീകരിച്ചു കിട്ടാനുള്ള അപേക്ഷാ തീർപ്പിന്റെ കാലം. 2021ൽ ഇതുവരെ ഇത്തരത്തിൽ 23,000ലധികം പേർ ഇത്തരത്തിൽ ഇംഗ്ലീഷ് തീരത്ത് എത്തിക്കഴിഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ 8404 പേരുടെ വർധനയാണ് ഇക്കണക്കിലുള്ളത്.

2019ൽ ഇത്തരത്തിൽ പലവിധത്തിൽ ബ്രിട്ടനിലെത്തിയ 35,737 പേർക്കാണ് അഭയാർഥികളായി അംഗീകാരം ലഭിച്ചത്. 2020ൽ ഇത് 29,815 ആയി. 2021ലെ ആദ്യത്തെ ആറു മാസം തന്നെ അഭയാർഥിയാകാൻ അപേക്ഷ നൽകിയത് 14,670 പേരാണ്. ഫ്രാൻസിന്റെയും ബ്രിട്ടന്റെയും പട്രോളിങ് സംഘങ്ങളുടെ കണ്ണുവെട്ടിച്ചാണ് ദിവസേന ഇത്തരത്തിൽ നൂറുകണക്കിനാളുകൾ കടലിലേക്ക് സാഹസിക യാത്രയ്ക്ക് ഇറങ്ങുന്നത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങൾ കൂട്ടത്തോടെ അപകടത്തിൽ പെടുന്നതും നിരവധി പേർ മരിക്കുന്നതും നിത്യസംഭവമാണെങ്കിലും പുതിയൊരു ജീവിതം സ്വപ്നം കണ്ടുള്ള യാത്രയിൽ ഇവർക്ക് മരണഭയം തടസമേ ആകുന്നില്ല.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close