ലോകത്ത് ഒരു മനുഷ്യകുഞ്ഞിനെയും കുരുതി കൊടുക്കുക എന്നത് അള്ളാഹുവിന്റെ താത്പര്യമല്ല

ഡോ. വി പി സുഹൈബ് മൗലവി
ബഹുമാന്യരായ സഹോദരങ്ങളെ സഹോദരിമാരെ, ഏവർക്കും ഹൃദ്യമായ ബലിപെരുന്നാൾ ആശംസകൾ നേരുകയാണ്. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഓർമ്മകൾ പുതുക്കിക്കൊണ്ട് ബലിപെരുന്നാൾ ഒരിക്കൽ കൂടി സമാഗതമായിരിക്കുകയാണല്ലോ. കോവിഡ് കാലത്തുള്ള ഈ പെരുന്നാളുകൾ കോവിഡ് പ്രോട്ടോക്കോളുകൾ കൃത്യമായി പാലിച്ചുകൊണ്ട് തന്നെ ആഘോഷിക്കുവാൻ നമുക്ക് സാധ്യമാകേണ്ടതുണ്ട്. മഹാനായ പ്രവാചകൻ ഇബ്രാഹിം നബിയുടെയും ഇസ്മായിൽ നബിയുടെയും ഓർമ്മകൾ പുതുക്കുന്നതാണ് ബലിപെരുന്നാൾ.
നമുക്കറിയാം, വാർദ്ധക്യഘട്ടത്തിൽ തനിക്കുണ്ടായ സന്താനത്തെ അള്ളാഹുവിന് അർപ്പിക്കണമെന്നായിരുന്നു അള്ളാഹുവിന്റെ ആഹ്വാനം. മഹാനായ ഇബ്രാഹീം നബി അള്ളാഹുവിന്റെ കല്പന പുത്രൻ ഇസ്മായിലിനോട് പറയുന്നുണ്ട്. അള്ളാഹുവിന്റെ കല്പന അപ്രകാരമാണെങ്കിൽ പ്രിയ പിതാവേ ആ കല്പന എന്നിൽ നടപ്പിലാക്കിയാലും എന്നാണ് ഇസ്മായിൽ നബി പറയുന്നത്. അങ്ങനെ ഇരുവരും അള്ളാഹുവിന് സമർപ്പിച്ച ഘട്ടത്തിൽ, ഇസ്മായിലിനെ ചരിച്ചുകിടത്തിയ ഘട്ടത്തിൽ എന്നാണ് ഖുർ ആൻ അതിനെ കുറിച്ച് പ്രയോഗിച്ചിട്ടുള്ളത്- അള്ളാഹുവിന്റെ ഉത്തരവ് ഉണ്ടാകുന്നു. ഓ ഇബ്രാഹീം, അരുത്! നിന്റെ സ്നേഹം, നിന്റെ ഏറ്റവും വലിയ സ്നേഹം അള്ളാഹുവിനോടാണോ അതോ നിനക്ക് അള്ളാഹു നൽകിയ അനുഗ്രഹത്തോടാണോ, നിനക്ക് അള്ളാഹു നൽകിയ സന്താനത്തോടാണോ എന്ന് പരീക്ഷിക്കുക മാത്രമാണ് യഥാർത്ഥത്തിൽ ഇതിലൂടെ ചെയ്യുന്നതെന്ന് അള്ളാഹു അറിയിക്കുകയായിരുന്നു.
എന്നിട്ട് അള്ളാഹു പറയുകയാണ്.. ഇസ്മായിലിനെ എന്നല്ല, ലോകത്ത് ഒരു മനുഷ്യകുഞ്ഞിനെയും കുരുതി കൊടുക്കുക എന്നത് അള്ളാഹുവിന്റെ താത്പര്യമല്ല. മറിച്ച് ഇബ്രാഹീമിന്റെ ഈയൊരു ത്യാഗത്തിന്റെ ശക്തി എത്രത്തോളമുണ്ടെന്ന് അള്ളാഹു പരീക്ഷിക്കുകയായിരുന്നു. ആ പരീക്ഷണത്തിൽ സമ്പൂർണമായും ഇബ്രാഹീം നബി വിജയിച്ചു എന്നാണ് ചരിത്രം പറയുന്നത്.
സഹോദരങ്ങളെ, ആ വിജയത്തിന്റെ ആഘോഷം കൂടിയാണീ ബലിപെരുന്നാൾ. ബലിപെരുന്നാൾ, അത് മുസ്ലീങ്ങളുടേത് മാത്രമല്ല, മുസ്ലീങ്ങളുടെ ആഘോഷമാണെങ്കിലും ശരി, നമ്മുടെ നാട്ടിലെ ആഘോഷങ്ങൾ മുഴുവൻ ഈ നാടിന്റെ ആഘോഷങ്ങളാണ്. അതുകൊണ്ട് ജാതിമത വ്യത്യാസങ്ങൾക്ക് അപ്പുറത്ത്, കക്ഷിരാഷ്ട്രീയ ചിന്തകൾക്ക് അപ്പുറത്ത്, എല്ലാവരും ഒരുമിച്ച് നിന്നുകൊണ്ട്, ഒരിക്കൽ കൂടി പറയുന്നു, കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് ഓൺലൈനിലും ഓഫ്ലൈനിലുമായി ആഘോഷം നിർവഹിക്കുവാൻ തയ്യാറാവുക.