Breaking NewsINDIANEWSTop News

രാഷ്ട്രപതി സ്ഥാനാർഥിയായി ദ്രൌപദി മുർമു ഇന്ന് നാമ നിർദേശ പത്രിക നൽകും; എൻഡിഎക്ക് പുറത്തുള്ള പാർട്ടി നേതാക്കളും ഒപ്പമെത്തും

ന്യൂഡൽഹി: ദേശീയ ജനാധിപത്യ സഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായി ദ്രൌപദി മുർമു ഇന്ന് നാമ നിർദേശ പത്രിക നൽകും. ഉച്ചക്ക് 12.30ഓടെയാണ് ദ്രൌപദി പത്രിക നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർക്കൊപ്പമെത്തിയാകും ദ്രൌപദി പത്രിക സമർപ്പിക്കുക. പത്രിക നൽകുന്നതിനു മുൻപ് ദ്രൌപദി മുർമു രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയേക്കും

അതേസമയം ദ്രൌപദി മുർമുവിൻറെ നാമനിർദേശ പത്രിക തയ്യാറാക്കുന്നത് പാർലമെന്ററി കാര്യ മന്ത്രി പ്രൾഹാദ് ജോഷിയുടെ നേതൃത്വത്തിൽ ആണ്. നാമനിർദേശ പത്രികയിൽ ഒപ്പിടുന്ന ചിത്രം മന്ത്രി കിരൺ റിജിജു പങ്കുവെച്ചിട്ടുണ്ട്. സഖ്യകക്ഷി നേതാക്കൾക്കൊപ്പം ബിജു ജനതാദൾ, വൈഎസ്ആർസിപി തുടങ്ങിയ പാർട്ടികളുടെ പ്രതിനിധികളും പത്രികാ സമർപ്പണത്തിനെത്തും എന്നാണ് റിപ്പോർട്ട്.

പത്രികാ സമർപ്പണത്തിന് മുന്നോടിയായി ഇന്നലെ ഡൽഹിയിലെത്തിയ മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ പി നദ്ദ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടിസ്ഥാനവർഗ്ഗത്തിൻറെ പ്രശ്നങ്ങളെ കുറിച്ചും, രാജ്യത്തിൻറെ വികസനത്തിനെ കുറിച്ചും കൃത്യമായ കാഴ്ച്ചപ്പാടുള്ള നേതാവാണ് മുർമ്മുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചത്. നിതീഷ് കുമാറിൻറെ ജെഡിയുവും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായികും കൂടി പിന്തുണ അറിയിച്ചതോടെ അനായാസ വിജയം ഉറപ്പാക്കിയിരിക്കുകയാണ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു.

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപദി മുർമുവിനെ അഭിനന്ദിച്ചു കൊണ്ട് ട്വീറ്റ് ചെയ്ത നവീൻ പട്നായിക്, ഇക്കാര്യം തന്നോട് ചർച്ച ചെയ്തതിൽ സന്തോഷമുണ്ടെന്നും അറിയിച്ചു. ഉന്നത പദവിയിലേക്ക് പട്ടിക വർഗ്ഗത്തിൽ നിന്നൊരു വനിതയെ സ്ഥാനാർത്ഥിയാക്കതിൽ സന്തോഷമുണ്ടെന്ന് നിതീഷ് കുമാർ വ്യക്തമാക്കി.

വെങ്കയ്യ നായിഡു, കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങി നിരവധി പ്രമുഖരുടെ പേരുകൾ രാഷ്ട്രപതി സ്ഥാനാർഥിയായി ബിജെപി പരി​ഗണിക്കുമെന്ന അഭ്യൂഹം ഉയർന്നതിന് ശേഷമാണ് വനിതയും ആദിവാസി വിഭാ​ഗത്തിൽ നിന്നുൾപ്പെട്ടതുമായ ദ്രൌപതി മുർമുവിലേക്ക് തീരുമാനം എത്തുന്നത്.

2000ത്തിലാണ് ദ്രൗപതി മുർമു ഒഡീഷ നിയമസഭയിലേക്ക് ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിക്കുന്നത്. റെയ്റാങ്പുർ മണ്ഡലത്തിൽ നിന്നാണ് എംഎൽഎയായി ജയിച്ചത്. തുടർച്ചയായി രണ്ട് തവണ എംഎൽഎയായി. 2000ത്തിൽ ആദ്യവട്ടം എംഎൽഎയായപ്പോൾ തന്നെ മന്ത്രിപദം തേടിയെത്തി. ആദ്യം വാണിജ്യ-​ഗതാ​ഗത മന്ത്രി സ്ഥാനവും പിന്നീട് ഫിഷറീസ്-മൃ​ഗസംരക്ഷണ വകുപ്പും കൈകാര്യം ചെയ്തു. 2007ൽ ഒഡിഷയിലെ ഏറ്റവും മികച്ച എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു(നിലാകാന്ത പുരസ്കാരം). 2015ൽ ദ്രൗപതിയെ ജാർഖണ്ഡിന്റെ ​ഗവർണറായി നിയമിച്ചു. ജാർഖണ്ഡിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ആദ്യ ​ഗവർണറായി ദ്രൗപതി മുർമു മാറി. ജാർഖണ്ഡിന്റെ ആദ്യ വനിതാ ​ഗവർണർ എന്ന പ്രത്യേകതയും ദ്രൗപതി മുർമുവിന് തന്നെ.


Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close