KERALANEWS

മോൺസന്റെ വീട്ടിലെ തിരുമൽ കേന്ദ്രത്തിൽ ഒളിക്യാമറയും; വെളിപ്പെടുത്തലുമായി മോൻസനെതിരെ പീഡന പരാതി നൽകിയ യുവതി; ഭീഷണി ഭയന്ന് പരാതി നൽകാതെ ഉന്നതർ

കൊച്ചി: തട്ടിപ്പുകാരൻ മോൺസൺ മാവുങ്കലിന്റെ വീട്ടിലെ തിരുമൽ കേന്ദ്രത്തിൽ ഒളിക്യാമറയും. സാമ്പത്തിക തട്ടിപ്പ് കേസിൽ കസ്റ്റഡിയിൽ കഴിയുന്ന മോൻസൻ മാവുങ്കലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ ആണ് വരുന്നത്. മോൻസനെതിരെ പീഡന പരാതി നൽകിയ യുവതിയാണ് ക്രൈം ബ്രാഞ്ചിനു മൊഴി നൽകിയത്. മോൻസന്റെ വീട്ടിലെ തിരുമൽ കേന്ദ്രത്തിൽ എട്ട് ഒളിക്യാമറകളുണ്ടെന്നും ഉന്നത വ്യക്തികളുടെ ദൃശ്യങ്ങൾ ഈ ക്യമാറകളിൽ ചിത്രീകരിച്ചിട്ടുണ്ടെന്നുമാണ് വെളിപ്പെടുത്തൽ. മോൻസന്റെ ഭീഷണി ഭയന്നാണ് പലരും പോലീസിൽ പരാതിപ്പെടാത്തതെന്നും തന്റെ ദൃശ്യങ്ങളും മോൻസൻ പകർത്തിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തുന്നു. മോൻസനെതിരെ പോക്സോ കേസ് ഉയർന്നു വന്നതോടെയാണ് മോൻസന്റെ വീട്ടിലെ ചികിത്സാകേന്ദ്രം സംബന്ധിച്ച് ദുരൂഹതകൾ വർധിക്കുന്നത്.

സൗന്ദര്യവർധക ചികിത്സയും മറ്റും ഉണ്ടെങ്കിലും ഇവിടെ മസാജിങ്ങിനാണു പ്രിയം. പ്രായപൂർത്തിയാവാത്ത പെൺകുട്ടി ഇവിടെയാണു മോൻസന്റെയും മറ്റ് ജീവനക്കാരുടെയും പീഡനത്തിൽ പെട്ടുപോയത്. ചികിത്സാ കേന്ദ്രത്തിനുള്ളിൽ ഒളിക്യാമറ ഘടിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി. മോൻസന്റെ ചികിത്സതേടി എത്തിയവർ പലരും ക്യാമറയിൽ പെട്ടിട്ടുണ്ട്. ഇതിൽ ഉന്നതരും ഉണ്ടെന്നാണു ക്രൈംബ്രാഞ്ച് നിഗമനം.

മോൻസൻ കോടികൾ തിരിച്ചുനൽകാൻ ഉള്ള പലരും ബ്ലാക് മെയിലിങ് ഭയന്നാണ് പരാതി നൽകാത്തതെന്നാണു വിവരം. മസാജ് സെന്ററിൽ പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് സംഘം നിരവധി സാധനങ്ങൾ പിടിച്ചെടുത്തു. ഫൊറൻസിക് വിഭാഗവും പരിശോധനയ്ക്ക് എത്തി. കൂടുതൽ യുവതികൾ മോൻസനെതിരെ പരാതിയുമായി വരുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.

പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ മോൻസൻ മാവുങ്കലിനെതിരെ ക്രൈംബ്രാ‌ഞ്ച് അന്വേഷണം നടക്കുകയാണ്. 2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയ്‌ക്ക് 17 വയസ്സുള്ളപ്പോഴായിരുന്നു തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് മോൻസൻ പീഡിപ്പിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്. കലൂരിലെ രണ്ട് വീട്ടിൽ വെച്ച് നിരവധി വട്ടം പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചു. പീഡനത്തെ തുടർന്ന് ഗർഭിണിയായ മകളെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന് ഗുരുതര ആരോപണവും പരാതിക്കാർ ഉന്നയിയിച്ചിരുന്നു. നോർത്ത് പോലീസ് റജിസ്റ്റർ ചെയ്ത കേസാണ് ക്രൈംബ്രാ‌ഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ മൊഴിയിൽ ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഇവരെയും കേസിൽ പ്രതി ചേർത്തേക്കും.

അതിനിടെ മോൺസൺ മാവുങ്കലിന്റെ സമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഗുണ്ട നേതാവ് ഓം പ്രകാശിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ഓം പ്രകാശിന്റെ കൊച്ചി മുളവുകാട് സ്റ്റേഷനിലെ കേസ് ഒതുക്കാൻ മോൺസൺ ഇടപെട്ടിരുന്നു. കൊച്ചിയിലെ ഒരു എസിപിയുടെ സഹായം മോൻസൻ വഴി ഗുണ്ട നേതാവ് തേടിയിരുന്നു. ഈ ബന്ധമുപയോഗിച്ച് പണം നൽകി കേസ് ഒതുക്കിയെന്നാണ് കണ്ടെത്തൽ. കേസ് ഒതുക്കാൻ മോസനെ ഉപയോഗിച്ചെന്ന് ഓം പ്രകാശ് സമ്മതിച്ചിട്ടുണ്ട്. എന്നാൽ പോലീസിന് പണം നൽകിയിട്ടില്ലെന്നും കേസിൽ ജാമ്യം ലഭിച്ചതിനാൽ പണം നൽകേണ്ടി വന്നില്ലെന്നുമാണ് ഓം പ്രകാശിന്റെ മൊഴി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close