
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ സാധ്യത. ജീവനക്കാരുടെ ശമ്പളചെലവ് കൂടി അംഗീകരിക്കണമെന്ന കെഎസ്ഇബി ആവശ്യം റെഗുലേറ്ററി കമ്മീഷന് അംഗീകരിച്ചാല്‍, പ്രവര്‍ത്തന ചെലവിനെ ഇത് കാര്യമായി ബാധിക്കും. അത്തരത്തിൽ വന്നാൽ അത് വൈദ്യുതി നിരക്ക് കൂട്ടുന്നതിൽ മാത്രമേ കലാശിക്കൂ. 6196 ജീവനക്കാര്‍ക്കുള്ള ശമ്പളച്ചെലവ് കൂടി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി, റെഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കിയിരുന്നു. തെളിവെടുപ്പ് നടത്തി ബോര്‍ഡിന്റെ ആവശ്യം കമ്മീഷന് അംഗീകരിച്ചാല്‍ പ്രവര്‍ത്തന ചെലവില്‍ 350 കോടിയോളം രൂപ അധികമാകും.
വൈദ്യുതി നിരക്കില്‍ ഇത് പ്രതിഫലിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ യൂണിറ്റിന് 15 പൈസയെങ്കിലും കൂടും. 27,175 ജീവനക്കാരെയാണ് 2009 വരെ കമ്മീഷന് അംഗീകരിച്ചത്. കെഎസ്ഇബി പ്രവര്‍ത്തനത്തിന് ഇത്രയും ജീവനക്കാര്‍ മതിയെന്നായിരുന്നു കമ്മീഷന്റെ വിലയിരുത്തല്‍. എന്നാലിത് 33,371 ജീവനക്കാരായെന്നാണ് ബോര്‍ഡ് വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ ശമ്പളവും അംഗീകരിക്കണമെന്നാണ് ആവശ്യം. എന്നാല്‍ ജീവനക്കാരുടെ ചെലവ് വര്‍ധിപ്പിക്കാതെ കാര്യക്ഷമത കൂട്ടണമെന്ന നിര്‍ദ്ദേശമാണ് നേരത്തെ കെഎസ്ഇബിക്ക് കമ്മീഷന് നല്‍കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ആവശ്യം അംഗീകരിക്കുമോ എന്നകാര്യം ചോദ്യചിഹ്നമായി തുടരുകയാണ്.