Breaking NewsKERALANEWS

കുഞ്ഞിന്റെ പിതൃത്വത്തിൽ ഭർത്താവിന് സംശയം; വിവാഹത്തിന് 60 പവന്റെ സ്വര്‍ണാഭരണങ്ങളും മൂന്നുലക്ഷം രൂപയും നൽകിയിട്ടും കെവിനും വീട്ടുകാർക്കും വീണ്ടും ആർത്തി; എലിസബത്ത് ആത്മഹത്യ ചെയ്തത് മകളുടെ രണ്ടാം ജന്മദിനത്തിൽ; കോളജ് അധ്യാപികയായ യുവതിക്ക് ഭർതൃവീട്ടിൽ ഏൽക്കേണ്ടി വന്നത് കടുത്ത പീഡനങ്ങൾ

കടുത്തുരുത്തി: കോളജ് അധ്യാപികയായ യുവതി ജീവനൊടുക്കിയത് ഭർത്താവിന്റെ നിരന്തര പീഡനത്തെ തുടർന്ന്. കുറുപ്പന്തറ ആക്കാംപറമ്പില്‍ കെവിന്‍ മാത്യുവിന്റെ ഭാര്യ എലിസബത്താണ് പീഡനം സഹിക്കാനാകാതെ ആത്മഹത്യ ചെയ്തത്. ഞീഴൂരുള്ള ബന്ധുവീട്ടിലെ കുളിമുറിയിലാണ് 31കാരിയായ യുവതി തൂങ്ങിമരിച്ചത്. ഉഴവൂർ കോളജിൽ ​ഗസ്റ്റ് ലക്ചററായ എലിസബത്തിന്റെ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച് കെവിൻ സംശയം പ്രകടിപ്പിക്കുകയും ഇതിന്റെ പേരിൽ മാനസികമായി പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് യുവതിയുടെ പിതാവ് ആരോപിക്കുന്നത്.

യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് എലിസബത്തിന്റെ പിതാവ് കൊച്ചംപറമ്പില്‍ തോമസ് കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തമിഴ്നാട് ചെങ്കല്‍പേട്ടില്‍ ജോലി ചെയ്യുകയാണ് തോമസ്. എലിസബത്തും കെവിനും തമ്മിലുള്ള വിവാഹം 2019 ജനുവരിയിലായിരുന്നു. 2020-ല്‍ കെവിന്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഏറ്റുമാനൂര്‍ കുടുംബക്കോടതിയില്‍ പരാതി നല്‍കി. വിവാഹമോചന കേസില്‍ കൗണ്‍സലിങ് നടന്നുവരുന്നതിനിടെയാണ് എലിസബത്തിന്റെ മരണം.

ഇവർക്ക് ഇപ്പോൾ രണ്ടു വയസുള്ള ഒരു മകളുണ്ട്. എലിസബത്ത് ഗര്‍ഭിണിയായ സമയത്ത് തമിഴ്നാട് ചെങ്കല്‍പ്പേട്ടിലെ വീട്ടിലേക്കു പോയിരുന്നു. കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞ് കെവിനും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. 60 പവന്റെ സ്വര്‍ണാഭരണങ്ങളും മൂന്നുലക്ഷം രൂപയും വിവാഹസമയത്ത് നല്‍കിയിരുന്നതായി പരാതിയില്‍ പറയുന്നു. എലിസബത്തിന് ശമ്പളം കുറവാണെന്നും പത്ത് ലക്ഷം രൂപ വീട്ടില്‍നിന്നും വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് കെവിനും അമ്മയും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായും തോമസ് പറഞ്ഞു.

ഇവരുടെ രണ്ട് വയസ്സുള്ള കുഞ്ഞ് കെവിന്റെ വീട്ടുകാര്‍ക്കൊപ്പമാണ്. വ്യാഴാഴ്ച കുഞ്ഞിന്റെ ജന്മദിനമായിരുന്നു. കുഞ്ഞിനെ കാണണമെന്ന് എലിസബത്ത് ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവിന്റെ വീട്ടുകാര്‍ കുഞ്ഞിനെ കാണാന്‍ അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്നുള്ള മാനസിക വിഷമത്തിലാണ് ബന്ധുവീട്ടിലെത്തിയ എലിസബത്ത് കുളിമുറിയില്‍ തൂങ്ങിമരിച്ചതെന്നാണ് യുവതിയുടെ വീട്ടുകാരുടെ പരാതി. കേസെടുത്തതായി കടുത്തുരുത്തി എസ്.ഐ. വിബിന്‍ ചന്ദ്രന്‍ പറഞ്ഞു. എലിസബത്തിന്റെ സംസ്‌കാരം ശനിയാഴ്ച മൂന്നിന് കുറുപ്പന്തറ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ നടക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close