INSIGHTNEWS

ഇന്ത്യ സ്നേഹിച്ച രാഷ്ട്രീയ വ്യക്തിത്വം;കാരിരുമ്പിന്റെ കരുത്തുള്ള രാഷ്ട്രിയ നിലപാടുകൾ; സുഷമ സ്വരാജ് ഓർമ്മയായിട്ട് ഇന്നേക്ക് രണ്ട് വർഷം

വിദേശകാര്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുഷമ സ്വരാജ് ഓർമ്മയായിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുകയാണ്. ബിജെപിയുടെ കരുത്തുറ്റ വനിതാ മുഖമായിരുന്ന സുഷമാ സ്വരാജ്, ബിജെപിയെ സാധാരണക്കാരുമായി അടുപ്പിച്ച നേതാക്കളില്‍ പ്രമുഖ കൂടിയായിരുന്നു. 2014 മോദി സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരിക്കെ സുഷമയുടെ ഇടപെടലുകള്‍ അന്താരാഷ്ട്ര രംഗത്തു പോലും വന്‍ ചര്‍ച്ചയായിരുന്നു. ‘നിങ്ങൾ ചൊവ്വയിൽ കുടുങ്ങിപ്പോയാലും അവിടുത്തെ ഇന്ത്യൻ എംബസി സഹായത്തിനുണ്ടാകും!’– അതു വീൺവാക്കായിരുന്നില്ല. സുഷമ സ്വരാജ് എന്ന മുൻ വിദേശകാര്യ മന്ത്രിയുടെ ഉറപ്പായിരുന്നു.

വളരെ ചെറുപ്പത്തില്‍ തന്നെ സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ഇന്ത്യന്‍ സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയെന്ന വിശേഷണവുമായാണ് സുഷമ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചത്. 1977 ഹരിയാന നിയമസഭയില്‍ 25ാം വയസ്സില്‍ ക്യാബിനറ്റ് മന്ത്രിയായി. ദില്ലിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും സുഷമാ സ്വരാജ് തന്നെയായിരുന്നു. 1998 ഒക്ടോബര്‍ 13 മുതല്‍ 1998 ഡിസംബര്‍ മൂന്ന് വരെയുള്ള ഹ്രസ്വമായ കാലയളവിലായിരുന്നെങ്കിലും ഷീലാ ദീക്ഷിതിന് മുമ്പേ ദില്ലിയുടെ വളയം പിടിച്ച കൈകള്‍ സുഷമയുടേതായിരുന്നു. ഏഴുതവണ ലോക്സഭഎംപിയായും അഞ്ച് തവണ എംഎല്‍എയായും ജനങ്ങളെ സേവിച്ചു. 2014ല്‍ സുപ്രധാനമായ വിദേശകാര്യ വകുപ്പും കൈകാര്യം ചെയ്തു. ഇന്ദിരാഗാന്ധിക്ക് ശേഷം ആദ്യമായി വിദേശ വകുപ്പ് കൈകാര്യം ചെയ്യുന്ന വനിതയെന്ന പേരും സുഷമയുടേത് തന്നെ. ബിജെപിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപിയിലൂടെയാണ് സുഷമ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലേക്കടുത്തു. ഭര്‍ത്താവായിരുന്ന സ്വരാജ് കൗശല്‍ സോഷ്യലിസ്റ്റ് നേതാവ് ജോര്‍ജ് ഫെര്‍ണാണ്ടസിന്‍റെ കൂടെ പ്രവര്‍ത്തിച്ചിരുന്നു. ജോര്‍ജ് ഫെര്‍ണാണ്ടസിന്‍റെ നിയമോപദേശ ടീമില്‍ അംഗമായാണ് സുഷമയുടെ രാഷ്ട്രീയ ജീവിത തുടക്കം.

പിന്നീട് ജയപ്രകാശ് നാരായാണന്‍റെ അടിയന്താരാവസ്ഥ വിരുദ്ധ സമരങ്ങളില്‍ സജീവമായി. ഒടുവില്‍ ബിജെപി ദേശീയ നേതാവായി വളര്‍ന്നു. ഹരിയാനയായിരുന്നു സുഷമ സ്വരാജിന്‍റെ ആദ്യ തട്ടകം. 1977ല്‍ അംബാലയില്‍നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. ജനത പാര്‍ട്ടി ചിഹ്നത്തിലാണ് അന്ന് മത്സരിച്ചത്. അതേ വര്‍ഷം സംസ്ഥാന മന്ത്രിയുമായി. 27ാം വയസ്സില്‍ ജനതാ പാര്‍ട്ടിയുടെ ഹരിയാന പ്രസിഡന്‍റായി. പിന്നീട് ബിജെപി-ലോക്ദള്‍ സഖ്യസര്‍ക്കാറില്‍ വിദ്യാഭ്യാസ മന്ത്രിയായി. കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചാണ് 1998ല്‍ ദില്ലി മുഖ്യമന്ത്രിയാകുന്നത്. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ കഷ്ടി രണ്ട് മാസം മാത്രമാണ് മുഖ്യമന്ത്രി കസേരയിലിരുന്നത്. 1991ല്‍ രാജ്യസഭ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 1996ല്‍ സൗത്ത് ദില്ലിയില്‍നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 1996ലെ ആദ്യ വാജ്പേയി സര്‍ക്കാറില്‍ ഇന്‍ഫര്‍മേഷന്‍, ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായി. 13 ദിവസം മാത്രമായിരുന്നു ആ സര്‍ക്കാറിന്‍റെ ആയുസ്സ്. പിന്നീട് 1998ല്‍ വാജ്പേയി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയപ്പോഴും കേന്ദ്ര മന്ത്രിയായി.

1999ല്‍ ബെല്ലാരിയില്‍ സോണിയാ ഗാന്ധിക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. വീണ്ടും രാജ്യസഭാംഗമായി 1999ലെ വാജ്പേയി സര്‍ക്കാരില്‍ മന്ത്രിയായി. 2000ല്‍ ഇന്‍ഫര്‍മേഷന്‍, ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായി ചുമതലയേറ്റ ശേഷം 2003 വരെ ആ പദവിയില്‍ തുടര്‍ന്നു. 15ാം ലോക്സഭയില്‍ ലോക്സഭയിലെ പ്രതിപക്ഷ നേതാവായും സുഷമ സ്വരാജ് പ്രവര്‍ത്തിച്ചു. ബിജെപിയുടെ ആദ്യ വനിതാ വക്താവും സുഷമ സ്വരാജായിരുന്നു. 2014ല്‍ മോദി സര്‍ക്കാറില്‍ വിദേശകാര്യ മന്ത്രിയായി മികച്ച പ്രകടനം കാഴ്ചവച്ചു. പ്രവാസികളുടെ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെട്ട സുഷമ സ്വരാജ് ജനപ്രീതിയാര്‍ജിച്ചു. അനാരോഗ്യത്തെ തുടര്‍ന്ന് 2019ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചു. 2019 ആഗസ്റ്റ് 6 നാണ് ഇന്ത്യ സ്നേഹിച്ച ആ രാഷ്ട്രീയ വ്യക്തിത്വം ഈ ലോകത്തോട് വിടപറഞ്ഞത്. കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പുകഴ്ത്തിയായിരുന്നു അവസാന ട്വീറ്റ്. പാകിസ്ഥാനിൽ നിന്നുള്ളവർക്ക് പോലും ചികിത്സയ്‌ക്കായി വിസ ലഭ്യമാക്കിയ സുഷമ കാരുണ്യത്തിന്റെ ആൾസ്പർശം തന്നെയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close