KERALANEWS

എൻഡോസൾഫാൻ ദുരിതബാധിതർക്ക് നീതി വേണം; നിയമം അനുശാസിക്കുന്ന അവകാശങ്ങൾ അവർക്കും ബാധകം; ദയാബായി

കാസർഗോഡ്: എന്‍ഡോസള്‍ഫാന് ഇരയായവരോട് നീതി കാണിക്കണമെന്ന് സാമൂഹ്യപ്രവർത്തക ദയാബായി. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കാസർഗോഡ് കളക്ടേറ്റിന് മുന്നിൽ സംഘടിപ്പിച്ച മനുഷ്യ മതിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ദയാബായി.

എൻഡോസൾഫാൻ കാരണം വലിയ ഒരു ജനവിഭാഗം ഇപ്പോഴും ദുരിതത്തിലാണ്. ഇവരുടെ ക്ഷേമപ്രവർത്തനത്തിന്നായി രണ്ടുമാസത്തിൽ ഒരിക്കൽ നടത്തേണ്ട സെൽ യോഗം പതിനൊന്നു മാസങ്ങൾ പിന്നിട്ടിട്ടും നടത്തിയില്ല. ഇത്തരത്തിൽ നടത്തുന്ന യോഗത്തിലാണ് ഇവർക്ക് പ്രശ്നങ്ങൾ പങ്കുവെക്കാനും നടപടിയെടുക്കാൻ ആവശ്യപെടുവാനും കഴിയുക. ഈ സെൽ യോഗം വിളിച്ചു ചേർക്കുക. കാസർഗോഡ് ജില്ലാശുപത്രിയിലും ജനറൽ ഹോസ്പിറ്റലിലും ന്യൂറോളജിസ്റ്റിന്‍റെ സേവനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മനുഷ്യമതില്‍ സംഘടിപ്പിച്ചത്.

ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ എൻഡോസൾഫാൻ ദുരിത ബാധിതർക്കും ബാധകമാണെന്നും ജനാധിപത്യ സർക്കാറുകൾ അതേറ്റെടുത്ത് നടപ്പാക്കണമെന്നും ദയാബായി ആവശ്യപ്പെട്ടു. ആരോഗ്യത്തോടെ ജീവിക്കാനുള്ള ജനങ്ങളുടെ മൗലികമായ അവകാശങ്ങൾ നിഷേധിക്കുന്നത് യാതൊരു കാരണത്താലും അംഗീകരിക്കാനാവില്ലായെന്നും അവർ കൂട്ടിച്ചേർത്തു. 2017-ലെ സുപ്രീംകോടതി വിധിയനുസരിച്ച് ലഭിക്കേണ്ട ആജീവനാന്ത ചികിത്സയുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടക്കുന്നതെന്ന് അവർ പറഞ്ഞു.

സെല്‍യോഗം എത്രയും വേഗം പുനരാരംഭിക്കണമെന്നാണ് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ആവശ്യം. സെല്‍ യോഗങ്ങള്‍ ഇല്ലാതാകുന്നതോടെ രോഗബാധിതരുടെ തുടര്‍ ചികിത്സയുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ കേൾക്കാനുള്ള സംവിധാനമാണ് ഇല്ലാതാകുന്നത്. ഇത് ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നുവെന്നും സമരസമിതി ചൂണ്ടിക്കാട്ടി. രോഗബാധിതരുടെ പ്രശ്നങ്ങളോട് സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടണമെന്നും സമരസമിതി ആവശ്യപ്പെട്ടു. കോറോണക്കാലമായിട്ടും നൂറ് കണക്കിന് ദുരിതബാധിതരുടെ കുടുംബാംഗങ്ങൾ മനുഷ്യമതിലിൽ പങ്കെടുത്തു.

കീടനാശിനിയായി ഉപയോഗിക്കുന്ന ഒരു ഓർഗാനോക്ലോറിൻ സം‌യുക്തമാണ്‌ എൻഡോസൾഫാൻ. നിറമില്ലാത്ത ഈ ഖരവസ്തു ഒരു മാരകവിഷവസ്തു എന്ന നിലയിൽ മനുഷ്യരടക്കമുള്ള ജീവജാലങ്ങളിൽ ജനിതകവൈകല്യങ്ങളും ഹോർമോൺ തകരാറുകളും ഉൾപ്പെടെയുള്ള ദോഷഫലങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിരുന്നു. അതിനാൽ കാർഷിക രംഗത്തെ ഇതിന്റെ ഉപയോഗം വൻ‌വിവാദങ്ങൾ ഉയർത്തിവിട്ടിട്ടുണ്ട്.

കേരളത്തിലെ കാസർഗോഡ് ജില്ലയിൽ‌പ്പെട്ട ചില പ്രദേശങ്ങളിലെ കശുമാവ് കൃഷിയിടങ്ങളിൽ വ്യാപകമായി എൻഡോസൾഫാൻ ഉപയോഗിച്ചു വന്നിരുന്നു. 2001 ൽ ആ പ്രദേശത്തെ ശിശുക്കളിൽ കാണപ്പെട്ട അസാധാരണമായ ചില രോഗങ്ങൾ എൻഡോസൾഫാന്റെ ഉപയോഗവുമായി ബന്ധപ്പെട്ടതാണെന്ന സംശയമുയർന്നു. ആദ്യഘട്ടത്തിൽ എൻഡോസൾഫാന്റെ ഉപയോഗം നിരോധിച്ചെങ്കിലും കീടനാശിനി വ്യവസായരംഗത്തെ കടുത്ത സമ്മർദ്ദത്തെ തുടന്ന് ഇത് പിൻ‌വലിക്കുകയുണ്ടായി. ഭോപ്പാൽ വാതക ദുരന്തത്തിനു സാമ്യതപുലർത്തുന്ന ഒന്നായി കേരളത്തിലെ എൻഡോസൾഫാന്റെ പ്രത്യാഘാതത്തെ വിലയിരുത്തപ്പെടുന്നു. 2011 മെയ് 13നാണ് രാജ്യത്ത് എൻഡോസൾഫാൻ ഉൽപാദനവും വിൽപ്പനയും സുപ്രീംകോടതി നിരോധനം പ്രഖ്യാപിച്ചിരുന്നെങ്കിലും 2011 സെപ്തംബർ 30നാണ് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close