INSIGHTNEWSTop News

ഏറ്റുമാനൂരപ്പന്റെ ഏഴരപ്പൊന്നാനയെ അടിച്ചുമാറ്റാനെത്തിയ സ്റ്റീഫൻ കൊണ്ടുപോയത് മൂലവിഗ്രഹം; കേസ് തെളിയിക്കാൻ കാരണമായത് എട്ടാം ക്ലാസുകാരിയായ രമണിയും; സിപിഎം നേതാക്കളെ ഷർട്ട് ഊരിച്ച് ചുറ്റമ്പലത്തിൽ കയറ്റിയതും വിഗ്രഹ മോഷണക്കേസ്; ആ കഥ ഇങ്ങനെ

കോട്ടയം : ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണ മോഷണ വിവരം പുറത്തു വരുമ്പോൾ ചർച്ചയാകുന്നത് മൂന്നര പതിറ്റാണ്ടു മുൻപ് ക്ഷേത്രത്തിൽ നടന്ന വിഗ്രഹ മോഷണ കേസും. 1981 മേയ് 24-നാണ് ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹ കവർച്ച നടന്നത്. അന്നത്തെ പോലീസുദ്യോഗസ്ഥരെയും സർക്കാരിനെയും ഒരുപാട് കറക്കിയ കേസാണത്. നായനാർ മന്ത്രി സഭ ആയിരുന്നു ഭരണത്തിൽ. ഭരണപക്ഷത്തിനൊപ്പം പ്രതിപക്ഷവും ഈ കേസിൽ ആരോപണത്തിന്റെ മുൾമുനയിലായി. കെ കരുണാകരനും ടി. എം. ജേക്കബും ചേർന്ന് ഏറ്റുമാനൂരപ്പന്റെ കാൽ എടുത്തുകൊണ്ട് പോയി എന്നായിരുന്നു എതിരാളികളുടെ ആരോപണം. പ്രതികളെ പിടിക്കാൻ കഴിയാതെ വന്നതോടെ ജനം നിരത്തിലിറങ്ങി. പ്രക്ഷോഭം ശക്തമായതോടെ അന്വേഷണവും ഊർജ്ജിതമാക്കി. സിപിഎം നേതാക്കൾക്ക് പോലും ഷർട്ടൂരി വെളിയിൽ വെച്ച് ശ്രീകോവിൽ നടയിലെത്തി നമസ്കരിക്കേണ്ട സാഹചര്യം വന്നു.

ജനം ഇളകിയതോടെയാണ് അന്നത്തെ സർക്കാർ പ്രതിസന്ധിയിലായത്. നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാർ ഏറ്റുമാനൂരപ്പന്റെ വിഗ്രഹം അടിച്ചുകൊണ്ടുപോയവരെ സംരക്ഷിക്കുകയാണെന്ന ആരോപണം ഉയർന്നു. ഇതോടെ സിപിഎം നേതാക്കൾ ക്ഷേത്രത്തിലേക്കെത്തി. ആചാരങ്ങൾ പാലിച്ച് തന്നെയാണ് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ചുറ്റമ്പലത്തിൽ കയറിയത്.

അന്ന് മോഷണം പുറംലോകം അറിഞ്ഞതും വെളുപ്പാൻകാലത്ത്

ക്ഷേത്രത്തിലെ സുരക്ഷാജീവനക്കാരൻ കൃഷ്ണൻകുട്ടിയാണ് വെളുപ്പിന് മൂന്നു മണിയോടെ വിഗ്രഹം മോഷണം പോയ വിവരം അറിയുന്നത്. ചുറ്റമ്പലത്തിന്റെ പ്രധാന വാതിൽ തുറന്ന് അങ്കണത്തിലെത്തിയശേഷം വിളക്കുകൾ കെടുത്തി ശ്രീകോവിലിന് മുന്നിലെത്തിയ കൃഷ്ണൻകുട്ടി കാണുന്നത് തുറന്നു കിടക്കുന്ന ശ്രീകോവിലാണ്. കൃഷ്ണൻകുട്ടി ദേവസ്വം മാനേജർ വി. നാരായണപിള്ളയെ വിവരമറിയിച്ചു. അപ്പോഴേക്കും മേൽശാന്തിയെത്തി. അദ്ദേഹം ശ്രീകോവിലിനുള്ളിൽ കയറി നോക്കിയപ്പോഴാണ് മൂലവിഗ്രഹം കാണാനില്ലെന്ന് മനസ്സിലാക്കുന്നത്. അകത്തെ അഴിവാതിൽ തുറന്നു കിടക്കുന്നു. പ്രഭയിലെ ലക്ഷ്മീരൂപവും കാണാനില്ല. ഏറ്റുമാനൂർ ക്ഷേത്രത്തിലെ ലക്ഷങ്ങൾ വിലപിടിപ്പുള്ള വിഗ്രഹം മോഷണം പോയിരിക്കുന്നു എന്ന വിവരം പുറത്തറിഞ്ഞതോടെ ജനം അമ്പലത്തിലേക്ക് ഓടിയെത്തി.

മൂന്നു ദേവസ്വം ബോർഡ് ഗാർഡുകളും നാലു വാച്ചർമാരും രാത്രി കാവലുള്ള അമ്പലത്തിൽ മോഷ്ടാവ് എങ്ങനെ കയറിയെന്നതായിരുന്നു എല്ലാവരേയും അത്ഭുതപ്പെടുത്തിയത്. പാരകൊണ്ട് ഓടാമ്പൽ വളച്ചു വാതിൽ തള്ളിത്തുറന്ന് അകത്തെ കമ്പിയഴി വാതിലിലെ പൂട്ട് പാരകൊണ്ട് പൊളിച്ചെടുത്താണ് മോഷ്ടാവ് ഉള്ളിൽ കടന്നിരുന്നത്. അത്താഴപൂജ കഴിഞ്ഞാൽ രാത്രി എട്ടു മണിയോടെ നട അടയ്ക്കും. അകത്തെ അഴിവാതിൽ മേൽശാന്തിപൂട്ടും. പുറത്തെ വാതിൽ ആ ദിവസത്തെ ചുമതലക്കാരനും പൂട്ടും. അന്നും ഇതെല്ലാം ചെയ്തിരുന്നു. പക്ഷേ, വിഗ്രഹം മോഷണം പോയി. മോഷണം ഉണ്ടായത് ശനിയാഴ്ചയാണ്. അന്ന് രാത്രി എട്ടുമണിക്കു ശേഷം ചുറ്റമ്പലത്തിന്റെ വടക്ക്, തെക്ക്, കിഴക്കുവശമുള്ള വാതിൽ പുറത്തുനിന്ന് പൂട്ടി വാച്ചർ കൃഷ്ണൻകുട്ടി താക്കോൽ കയ്യിൽ സൂക്ഷിച്ചിരുന്നു.

അന്വേഷണത്തിനൊടുവിൽ ശ്രീകോവിലിന്റെ പൂട്ട് തകർത്ത് മോഷ്ടാക്കൾ അകത്തുകയറാൻ ഉപയോഗിച്ചെന്നു കരുതുന്ന ഇരുമ്പുപാര അമ്പലക്കിണറിൽ നിന്ന് കണ്ടെത്തി. ശ്രീകോവിലിനുള്ളിൽ മോഷ്ടാവ് തുറന്നുവച്ചിരുന്ന ഒരു പെട്ടി മണത്തശേഷം പൊലീസ് നായ പൂജാരികൾ കുളിക്കുന്ന വാലാങ്കുളത്തിലേക്കാണ് പോയത്. കിഴക്കുവശത്തുള്ള വാലാങ്കുളത്തിൽ ചാടിയ പൊലീസ് നായ പിന്നീടു തെക്കേഗോപുര വാതിലിലൂടെ കിഴക്കേ നടയിലെത്തി. വീണ്ടും പുറത്തിറങ്ങിയ നായ പോയത് ഏറ്റുമാനൂർ ബസ് സ്റ്റാൻഡിലേക്ക്. ബസ് സ്റ്റാൻഡിൽനിന്ന് തിരികെ ക്ഷേത്രത്തിലേക്ക് വന്ന നായ ക്ഷേത്രത്തിനടുത്തുള്ള ചായക്കടയിലും കയറി.

വളരെ ആസൂത്രിതമായി ചെയ്ത മോഷണമാണിതെന്നു പൊലീസിന് മനസിലായി. മോഷ്ടാവ് നട അടയ്ക്കുന്നതിന് മുൻപുതന്നെ ഉള്ളിൽ കടന്നിരിക്കാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. മോഷണത്തിനുശേഷം ഇവർ എങ്ങനെ രക്ഷപ്പെട്ടു എന്നത് ദുരൂഹമായി തുടർന്നു. അമ്പലത്തിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. അമ്പലക്കുളം വറ്റിച്ചു. സഹായകരമായ ഒരു വിവരവും ലഭിച്ചില്ല.

ജനം അമർഷം പ്രകടിപ്പിച്ച് ജാഥ നടത്തി. നിരവധി പ്രതിഷേധ യോഗങ്ങൾ നടന്നു. ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അമ്പലനടയിൽ സത്യഗ്രഹയജ്ഞം ആരംഭിച്ചു. സംഭവദിവസം ഒരു കാർ ക്ഷേത്രപരിസരത്തുനിന്ന് എറണാകുളത്തേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചു. കാറിനു പിന്നാലെ അന്വേഷണം നടന്നെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.

ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹം എവിടെ പോയെന്നറിയാതെ പരക്കം പായുകയായിരുന്ന പൊലീസിന് ക്ഷേത്രക്കുളത്തിൽനിന്നാണ് ഒരു കടലാസ് ലഭിക്കുന്നത്. ക്ഷേത്രത്തിന്റെ വാതിൽ തകർക്കാൻ ഉപയോഗിച്ച പാര പൊതിഞ്ഞ പേപ്പറായിരുന്നു അത്. പാറശാലയിലെ ഒരു കുട്ടിയുടെ വിലാസം പേപ്പറിലുണ്ടായിരുന്നു – രമണിയെന്ന് ചെറിയ അക്ഷരങ്ങളിൽ അതിൽ എഴുതിയിരുന്നു. രമണി – ഏഴ് ബി. അങ്ങനെയാണ് പൊലീസ് ഏഴാം ക്ലാസിലെ രമണിമാരെ അന്വേഷിച്ച് തുടങ്ങിയത്.

വിശന്നിരുന്ന രമണിയെന്ന പെൺകുട്ടി കേരളത്തിലെ ഹീറോ ആയത് ഇങ്ങനെ

തിരുവനന്തപുരം പാറശാലയിലെ ഒരു ചെറിയ ഗ്രാമമായ ചിന്നങ്കോടാണ് രമണിയെന്ന എട്ടാം ക്ലാസുകാരി കഴിഞ്ഞിരുന്നത്. പാറശാല പൊലീസ് സ്റ്റേഷന് അൽപം മാറി കുളത്തിൻകരയിലുള്ള കൊച്ചുകൂരയിൽ പൊതുമരാമത്ത് ഓഫിസിലെ താൽക്കാലിക തൊഴിലാളിയായ ചെല്ലക്കണ്ണിന്റെ മകൾ. ഭക്ഷണം പാകം ചെയ്യാനോ വിളക്കു കത്തിക്കാനോ മണ്ണെണ്ണയുണ്ടായിരുന്നില്ല. കുട്ടികളൊക്കെ വിശന്നിരിക്കുകയാണ്. എന്തു ചെയ്യാനാണ്? ആ അമ്മ തല പുകച്ചു. രണ്ടാമത്തെ മകൾ രമണി എട്ടാം ക്ലാസിലാണ്. അവളുടെ ഏഴാം ക്ലാസിലെ നോട്ടുപുസ്തകങ്ങൾ തൂക്കിവിൽക്കാമെന്ന് അമ്മ പറഞ്ഞപ്പോൾ അവൾ എതിർത്തില്ല. അനിയത്തി ഗിരിജ അത് അടുത്തുള്ള കൊച്ചുകുഞ്ഞൻ നാടാരുടെ കടയിൽ കൊണ്ടുപോയി വിറ്റു. പുസ്തകം വിറ്റപ്പോൾ കിട്ടിയത് 60 പൈസ. 40 പൈസയ്ക്ക് മണ്ണെണ്ണ വാങ്ങി. ബാക്കി 20 പൈസയ്ക്ക് ഗിരിജ മിഠായി വാങ്ങി. അമ്മ അറിയാതെ അവൾ അതു സഹോദരങ്ങളുമായി പങ്കിട്ടു.

ദിവസങ്ങൾക്കുശേഷം പാറശാല പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാർ അവരുടെ വീട്ടിലേക്കെത്തി. ആരാണ് രമണി എന്നായിരുന്നു അവർക്കറിയേണ്ടത്. ‘രമണി സ്റ്റേഷനിലേക്ക് വരണം’ – പൊലീസ് നിർദേശിച്ചു. അമ്മ സരസ്വതിയും രമണിയും അനുജത്തിമാരും കൂട്ടക്കരച്ചിലായി. സ്റ്റേഷനിലെത്തിയപ്പോൾ അച്ഛനും പൊലീസ് സ്റ്റേഷനിലുണ്ട്. ഒരു കടലാസ് രമണിയെ കാണിച്ച് പൊലീസ് ചോദിച്ചു – ഇതു നിന്റെയാണോ? പേരും പഠിക്കുന്ന ക്ലാസുമെല്ലാം എഴുതിയ ആ കടലാസ് രമണിയുടെ പുസ്തകത്തിലേതായിരുന്നു. മണ്ണെണ്ണ വാങ്ങാൻ വിറ്റതാണെന്നു പറഞ്ഞപ്പോൾ പൊലീസ് അവരെ വിട്ടയച്ചു. പേപ്പർ വിറ്റ ഇരമ്പുകട ഉടമസ്ഥനായ കൊച്ചുകുഞ്ഞൻ നാടാരെ ചോദ്യം ചെയ്തപ്പോൾ രണ്ടു ദിവസം മുൻപ് രണ്ടുപേർ അവിടെനിന്ന് ഒരു പാര വാങ്ങിയതായി വ്യക്തമായി. പൊലീസ് മോഷ്ടാക്കളിലേക്ക് കൂടുതൽ അടുത്തു.

വഴിത്തിരിവായത് മറ്റൊരു അറസ്റ്റ്

അന്വേഷണം മുന്നോട്ടു പോകുമ്പോഴാണ് പാറശാലയ്ക്കടുത്ത് ഓലത്താന്നിയിൽ അടുത്തിടെ നടന്ന കൊലപാതകക്കേസിലെ പ്രതികൾ അറസ്റ്റിലായത്. സമ്പന്ന കുടുംബാംഗവും ധനുവച്ചപുരം കോളജിലെ മാഗസിൻ എഡിറ്ററുമായ ദിലീപ് കുമാർ, സുരേഷ്കുമാർ, സ്റ്റീഫൻ എന്നിവരായിരുന്നു പ്രതികൾ. ഓലത്താന്നിയിലെ ഒരു വീട്ടിൽനിന്ന് ആഭരണങ്ങളും മറ്റും മോഷ്ടിച്ചശേഷം തെളിവുകൾ നശിപ്പിക്കുന്നതിനുവേണ്ടി വേലക്കാരൻ രവീന്ദ്രനെ വധിക്കുകയായിരുന്നു. രവീന്ദ്രനും മോഷണ സംഘത്തിലുണ്ടായിരുന്നു. ഇതിലെ സ്റ്റീഫന് ചില പ്രത്യേകതകളുള്ളതായി പൊലീസിന് മനസിലായി.

സ്റ്റീഫൻ നേരത്തെ തന്നെ പല കേസുകളിലും പ്രതിയാണ്. അടുത്തിടെ ഒരു മോഷണത്തിന് ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതേയുള്ളൂ. പൊലീസ് നിരന്തരം ചോദ്യം ചെയ്തപ്പോൾ ഏറ്റുമാനൂരിലെ വിഗ്രഹം താൻ മോഷ്ടിച്ചെന്ന് സ്റ്റീഫൻ വെളിപ്പെടുത്തി. അത് വീട്ടിനോടു ചേർന്ന കൃഷിയിടത്തിൽ കുഴിച്ചിട്ടിട്ടുണ്ട്. പാറശാല പൊലീസ് ഏറ്റുമാനൂർ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ വിവരമറിയിച്ചു. പിന്നാലെ, ഹരിപ്പാട്, മാന്നാർ, പരശുവയ്ക്കൽ ക്ഷേത്രങ്ങളിലെ മോഷണ വിവരവും പുറത്തു വന്നു. ഏറ്റുമാനൂരിലെ വിഗ്രഹം പൊലീസ് സ്റ്റീഫന്റെ വീട്ടിനടുത്തുനിന്ന് പിന്നീട് കണ്ടെടുത്തു. തങ്കവിഗ്രഹത്തിന്റെ 90 പവൻ വരുന്ന പ്രഭ കൊട്ടാരക്കരയിലെ ഒരു ജ്വല്ലറിയിൽനിന്നു കണ്ടെടുത്തു.
ഇരുപത്തിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള സ്റ്റീഫൻ കായിക അഭ്യാസിയാണ്. കളരിപ്പയറ്ററിയാം. ഇരുപത്തിമൂന്നുകാരനായ സ്റ്റീഫന്റെ ഇരുപത്തി രണ്ടാമത്തെ മോഷണമായിരുന്നു ഏറ്റുമാനൂരിലേത്. ഏഴാം ക്ലാസ് വിദ്യാഭ്യാസമുള്ള ഇയാളുടെ പ്രധാന തൊഴിൽ വിഗ്രഹമോഷണമായിരുന്നു. റേഡിയോയും മോഷ്ടിച്ചിരുന്നു. സ്ത്രീകളുടെ മാല മോഷ്ടിച്ചതായും ചോദ്യം ചെയ്യലിൽ വ്യക്തമായി.

സുരക്ഷയുള്ള ക്ഷേത്രത്തിനകത്ത് സ്റ്റീഫൻ എങ്ങനെയെത്തി?

ചോദ്യം ചെയ്യലിൽ സ്റ്റീഫൻ നടന്ന സംഭവങ്ങളെല്ലാം പറഞ്ഞു. ഒറ്റയ്ക്കാണ് സ്റ്റീഫൻ ഏറ്റുമാനൂരിലെത്തുന്നത്. ലക്ഷ്യം സ്വർണവിഗ്രഹമല്ലായിരുന്നു. സ്വർണത്തിൽ നിർമ്മിച്ച ഏഴരപൊന്നാനയായിരുന്നു. ക്ഷേത്രത്തിൽ കോടിയർച്ചന നടക്കുന്നതും ഏഴരപൊന്നാന പ്രദർശനം സംബന്ധിച്ച പത്രവാർത്തയുമാണ് സ്റ്റീഫനെ ഏറ്റുമാനൂരിലേക്ക് ആകർഷിച്ചത്. ഒരു തവണ ഏറ്റുമാനൂരിലെത്തി പരിസരം നിരീക്ഷിച്ച സ്റ്റീഫൻ രണ്ടുദിവസത്തിനുശേഷം വീണ്ടുമെത്തി. സെക്കൻഡ് ഷോ കണ്ടശേഷം കിഴക്കുവശത്തെ ക്ഷേത്രമതിൽ കടന്നു തെക്കുവശത്തെ വിളക്കുമാടത്തിനു സമീപമുള്ള പോസ്റ്റുവഴി ചുറ്റമ്പലത്തിന്റെ ചെമ്പുമേൽക്കൂരയ്ക്ക് മുകളിൽ കയറി. ശേഷം ചുറ്റമ്പലത്തിനകത്ത് ശ്രീകോവിലിന്റെ കിഴക്ക് വശത്ത് ചാടിയിറങ്ങി.

ശ്രീകോവിലിന്റെ ഓടാമ്പൽ കമ്പിപ്പാരകൊണ്ടു വളച്ചു കതകു തള്ളിത്തുറന്ന് അകത്തു കയറി ഇരുമ്പുവാതിലിന്റെ പൂട്ട് തകർത്ത് അകത്തെ വാതിൽ തുറന്ന് വിഗ്രഹത്തിനടുത്തെത്തി. പ്രഭാവലയത്തിലെ ഒരു ലക്ഷ്മീരൂപം വലിച്ചു ചീന്തിയെടുത്തു. സ്വർണത്താമരമൊട്ട് ഒടിച്ചെടുത്തു. മൂലവിഗ്രഹവും അതുറപ്പിച്ച വെള്ളിപീഠവും കയ്യിലുണ്ടായിരുന്ന ചാക്കിലാക്കി. നാലമ്പലത്തിന്റെ മേൽക്കൂരവഴിതന്നെ പുറത്തുകടന്നു. അടുത്തുള്ളൊരു കുറ്റിക്കാട്ടിൽ വിഗ്രഹം ഒളിപ്പിച്ചു.

ലക്ഷ്മീരൂപവും താമരമൊട്ടുമായി ഏറ്റുമാനൂർ ജംക്‌ഷനിലെത്തി ഒരു കടയിൽനിന്ന് ചായ കുടിച്ചു. ബസിൽ കയറി കൊട്ടാരയ്ക്കരയെത്തി. അവിടെ ഒരു ജ്വല്ലറി ഉടമയെ ലക്ഷ്മീരൂപവും താമരമൊട്ടും ഏൽപിച്ചു. വിഗ്രഹം പീഠത്തിൽനിന്ന് അറുത്തു മാറ്റാനുള്ള ആയുധവുമായി തിരിച്ച് ഏറ്റുമാനൂരെത്തി. വിഗ്രഹം ഒളിച്ചുവച്ച കുറ്റിക്കാട്ടിൽ കടന്നു വിഗ്രഹം അറുത്തുമാറ്റി അരയിൽകെട്ടി അതുമായി സ്ഥലം വിട്ടു. ഈ സമയങ്ങളിലെല്ലാം ഏറ്റുമാനൂർ ക്ഷേത്രത്തിൽ പൊലീസിന്റെയും ഭക്തജനങ്ങളുടേയും തിരക്കായിരുന്നു. പൊലീസ് നായയും മണത്തുനടക്കുകയായിരുന്നു. ആരും സ്റ്റീഫനെ തിരിച്ചറിഞ്ഞില്ല. മോഷണ മുതലുമായി സ്റ്റീഫൻ പാറശാലയിലെ വീട്ടിലെത്തി. അച്ഛനോട് വിവരം പറഞ്ഞു. വീട്ടുകാരുടെ നിർദേശമനുസരിച്ചാണ് പുരയിടത്തിൽ കുഴിച്ചിട്ടത്. കുറ്റം ഏറ്റുപറഞ്ഞ സ്റ്റീഫന് ‌ആറുവർഷം കഠിനതടവ് ലഭിച്ചു. പിന്നീടിയാൾ മാനസാന്തരപ്പെട്ട് സുവിശേഷമാർഗത്തിലേക്ക് തിരിഞ്ഞു. വലിയ ആഘോഷമായാണ് വിഗ്രഹം തലസ്ഥാന നഗരിയിൽനിന്ന് ഏറ്റുമാനൂരിലേക്ക് കൊണ്ടുവന്നത്.

രമണിയിലൂടെ കേസ് തെളിഞ്ഞതിനാൽ ഏറ്റുമാനൂർ ക്ഷേത്ര സമിതി രമണിയെ ക്ഷേത്രത്തിൽ കൊണ്ട് വന്നു ആദരിക്കുകയും പഠനചിലവുകൾക്കായി 10000 രൂപ നൽകുകയും ചെയ്തു. ഭക്തർക്കിടയിൽ താരമായി മാറിയ രമണിയെ തേടി പലതരം സമ്മാനങ്ങളെത്തി. മധുരമൂറും മിട്ടായിപൊതികൾ മുതൽ വെള്ളി കൊലുസ്സ് വരെ രമണിക്ക് ഭക്തർ സമ്മാനിച്ചു. തൊഴിലുറപ്പ് പദ്ധതി വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം. പിന്നീട് ദേവസ്വം ബോർഡിന്റെ ശരണാശ്രയം പദ്ധതിയുടെ തുടക്കമായി രമണിക്ക് വീട് വെച്ച് നൽകി. 650 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമിച്ചു നൽകിയത്. ഏറ്റുമാനൂരിൽ നിന്നടക്കം ഒരുപാട് ഭക്തജനങ്ങൾ സാമ്പത്തികമായി സഹായിച്ചിരുന്നു.

ക്ഷേത്രത്തിൽ നിശ്ചിത സമയത്തു മണി മുഴക്കുന്ന ഓരോ ഇടവേളകളിലുമായി പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ചാണ് പ്രതി മോഷണം നടത്തിയത്. മണി മുഴക്കത്തിന്റെ ശബ്ദത്തിനൊപ്പം കുത്തിത്തുറക്കുന്നതിന്റെ ശബ്ദം തിരിച്ചറിയാൻ സാധിക്കില്ല എന്നതാണ് പ്രതിക്ക് സഹായകമായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close