Breaking NewsKERALANEWSTrending

ഏറ്റുമാനൂർ ക്ഷേത്രത്തിൽ നിന്നും മോഷണം പോയ തിരുവാഭരണം എത്ര പവന്റേതെന്ന് ആർക്കുമറിയില്ല; ചിലരുടെ സ്വകാര്യ സ്വത്ത് പോലെയാണ് ക്ഷേത്ര ഭരണമെന്ന് ഭക്തർ; കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ഹിന്ദു ഐക്യവേദി

കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ സംഭവത്തിൽ ഭക്തജന പ്രതിഷേധം ശക്തമാകുന്നു. ദേവസ്വം ബോർഡിന്റെ നിരുത്തരവാദപരമായ നിലപാടുകളാണ് ഇത്തരം സംഭവങ്ങൾക്ക് കാരണം എന്നാണ് ഹിന്ദു ഐക്യവേദി ആരോപിക്കുന്നത്. നിരവധി അനിഷ്ട സംഭവങ്ങളാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട് നടക്കുന്നത്. എന്നാൽ, ഇതൊന്നും പുറംലോകം അറിയുന്നില്ല. ചിലരുടെ സ്വകാര്യ സ്വത്ത് പോലെയാണ് ക്ഷേത്ര ഭരണമെന്നും ഭക്തർ ആരോപിക്കുന്നു. മോഷണം സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്ത് വിടണമെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. അത് ഏറ്റുമാനൂർ ക്ഷേത്ര പരിസരത്ത് ഒതുങ്ങില്ലെന്നും കേരളമാകെ പ്രതിഷേധം വ്യാപിപ്പിക്കുമെന്നും ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി കെ യു ശാന്തകുമാറും സംസ്ഥാന സെക്രട്ടറി ബിന്ദു മോഹനും ആരോപിച്ചു.

അതേസമയം, മോഷണം പോയ തിരുവാഭരണത്തിലെ രുദ്രാക്ഷമാലയുടെ കൂടുതൽ വിവരങ്ങൾ ദേവസ്വം ബോർഡിന് പോലും അറിയില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. എഴുപത് പവന് മേലുള്ള മാലയാണ് മോഷണം പോയതെന്ന മാധ്യമ റിപ്പോർട്ടുകൾ ക്ഷേത്ര ഉപദേശക സമിതിയും തള്ളുന്നു. എന്നാൽ, എത്ര പവൻ മോഷണം പോയി എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നൽകാൻ അവർക്കും കഴിയുന്നില്ല.

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണത്തിന്റെ ഭാഗമായ വിഗ്രഹത്തിൽ ചാർത്തുന്ന സ്വർണ്ണം കെട്ടിയ രുദ്രാക്ഷമാലയാണ് കാണാതായത്. ക്ഷേത്രത്തിലെ പുതിയ മേൽശാന്തി പദ്മനാഭൻ സന്തോഷ് ചുമതലയേറ്റപ്പോൾ നടത്തിയ പരിശോധനയിലാണ് മാല നഷ്ടപെട്ട വിവരമറിയുന്നത്. സംഭവത്തിൽ ദേവസ്വം ബോർഡ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ മാസം ചുമതലയേറ്റ പുതിയ മേൽശാന്തി ക്ഷേത്രത്തിലെ പൂജ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള എല്ലാ സാമഗ്രികളും ദേവസ്വം അധികൃതരുടെ സാന്നിധ്യത്തിൽ സാക്ഷ്യപ്പെടുത്തി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് അസിസ്റ്റന്റ് കമ്മീഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്. കാണാതായ മാലയുടെ തൂക്കം തിട്ടപ്പെടുത്തിയിട്ടില്ല. അടുത്ത ദിവസം ക്ഷേത്രത്തിലെത്തി തെളിവ് ശേഖരിക്കുമെന്ന് അന്വേഷണം നടത്തുന്ന ദേവസ്വം ബോർഡ് തിരുവാഭരണ കമ്മീഷണർ എസ്. അജിത്ത്കുമാർ പറഞ്ഞു. സംഭവത്തിൽ ദേവസ്വം പ്രസിഡൻറ് എൻ. വാസു റിപ്പോർട്ട് തേടി. ദേവസ്വം വിജിലൻസിനും പരാതി ലഭിച്ചിരുന്നതായി വിജിലൻസ് എസ് പി പി. ബിജോയ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close