
പത്തനംതിട്ട: പത്തനംതിട്ടയില്‍ വനിതാ ഹോസ്റ്റലിന് മുന്നില്‍ പട്ടാപ്പകല്‍ നഗ്നതാ പ്രദര്‍ശനം നടത്തിയവരില്‍ ഒരാള്‍ പിടിയിൽ. അങ്ങാടിക്കല്‍ സ്വദേശി നന്ദനന്‍ ആണ് പോലീസ് പിടിയിലായത്. ഇരുചക്രവാഹനങ്ങളില്‍ എത്തിയ രണ്ടുപേരാണ് നഗ്നത പ്രദർശനം നടത്തിയത്.
55-കാരനായ നന്ദനനെ പോലീസ് വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നേരത്തെയും പരാതികള്‍ ഉണ്ടായിട്ടുണ്ട്. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിന് ഏതാനും മാസങ്ങള്‍ക്ക് നന്ദനനെ പ്രദേശവാസികള്‍ മര്‍ദിച്ചിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചു.
ഐപിസി 509 അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ട രണ്ടാമനെ കണ്ടെത്താനുള്ള നടപടികള്‍ പോലീസ് നടത്തിവരികയാണ്. സമീപത്തെ സ്കൂളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ഇതില്‍ നിന്ന് സ്കൂട്ടറിന്റെ നമ്പര്‍ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. നന്ദനന്റെ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ 11നും 12 മണിക്കും ഇടയിലായിരുന്നു നഗ്നതാ പ്രദര്‍ശനം. മുണ്ടും ഷര്‍ട്ടും ധരിച്ച് ബുള്ളറ്റിലും സ്കൂട്ടറിലും എത്തിയ രണ്ടു പേരാണ് വാഹനം ഹോസ്റ്റലിന് മുന്നില്‍ നിര്‍ത്തി വസ്ത്രം മാറ്റി നഗ്നത പ്രദര്‍ശിപ്പിച്ചത്. ഏകദേശം 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗീക ചേഷ്ടകള്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലും വ്യക്തമാണ്.
30 സെക്കന്‍ഡ് മുതല്‍ ഒരു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള രണ്ട് ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇരുവരും ഹെല്‍മറ്റും മാസ്കും ധരിച്ചിരുന്നു. കഴിഞ്ഞ കുറച്ചുദിവസമായി ഹോസ്റ്റലിന് മുന്നില്‍ തുടര്‍ച്ചയായി ഇത്തരം സംഭവങ്ങളുണ്ടാകുന്നതില്‍ വിദ്യാര്‍ഥിനികള്‍ മാനസിക വിഷമത്തിലായിരുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ഏതാനം കുട്ടികള്‍ ഒന്നിച്ചാണ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. പിന്നീട് ഇത് ഹോസ്റ്റല്‍ വാര്‍ഡനെ കാണിക്കുകയും തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..