NEWSTrendingWORLD

ഇവിടെ ഇനി കോവിഡ് വെറുമൊരു വൈറൽ പനി; മാസ്ക് വേണ്ട, വർക്ക് ഫ്രം ഹോമില്ല; കോവിഡ് നിയന്ത്രണങ്ങളെല്ലാം പിൻവലിച്ച് ഇംഗ്ലണ്ട്

ലണ്ടൻ: കോവിഡിന് പേടിച്ച് എത്ര നാൾ ഇങ്ങനെ കഴിയാൻ സാധിക്കും? ജനങ്ങൾക്ക് അവരുടെ സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി പോകാനാണ് ഇപ്പോഴും ആഗ്രഹം. എന്നാൽ ആ ആഗ്രഹത്തെ നിറവേറ്റി കൊടുക്കുകയാണിവിടെ. നിയന്ത്രണങ്ങളും മുൻകരുതലുകളും എല്ലാം പിൻവലിച്ച് കോവിഡിനെ വെറും സാധാരണ വൈറൽ പനിയായി കാണാനുള്ള നീക്കത്തിലാണ് ഇംഗ്ലണ്ട്. ദിവസേന ഒരു ലക്ഷത്തിലേറെ ആളുകൾ രോഗികളാകുന്ന സ്ഥിതി നിലനിൽക്കുമ്പോഴും വാക്സീൻ നൽകുന്ന പ്രതിരോധത്തിന്റെ കരുത്തിൽ നിയന്ത്രണങ്ങൾ എല്ലാം ഓരോന്നായി പിൻവലിക്കുകയാണ് ഇംഗ്ലണ്ടിൽ. പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെയാണ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്ന കാര്യം പാർലമെന്റിൽ പ്രഖ്യാപിച്ചത്.

കോവിഡിന്റെ പേരിൽ ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം സംവിധാനം ഇനി നിലവിലുണ്ടാകില്ല. ഇതുസംബന്ധിച്ച മാർഗരേഖകൾ ഇന്ന് അവസാനിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നാളെ മുതൽ സെക്കൻഡറി സ്കൂളുകളിൽ മാസ്കും നിർബന്ധമല്ല. അടുത്ത വ്യാഴാഴ്ച മുതൽ ഇംഗ്ലണ്ടിൽ പൊതുസ്ഥലത്തോ ഓഫിസുകളിലോ കടകളിലോ ഒന്നും മാസ്ക് നിർബന്ധമല്ല.

നൈറ്റ് ക്ലബ്ബുകളിലും കളിസ്ഥലങ്ങളിലും ഗാലറികളിലും സിനിമാശാലകളിലും പ്രവേശിക്കാൻ കോവിഡ് പാസ് വേണമെന്ന നിർബന്ധനയും പിൻവലിച്ചു. രണ്ടു മീറ്റർ സോഷ്യൽ ഡിസ്റ്റൻസ് നിയന്ത്രണങ്ങൾ നേരത്തെ തന്നെ പിൻവലിച്ചിരുന്ന ഇംഗ്ലണ്ടിൽ പുതിയ ഇളവുകൾ കൂടിയാകുന്നതോടെ അടുത്തയാഴ്ച മുതൽ ജനജീവിതം പൂർണമായും സാധാരണ നിലയിലാകും.

രോഗവ്യാപനം തുടരുമ്പോഴും ആശുപത്രിയിലെത്തുന്നവരുടെയും മരണനിരക്കിലെയും കുറവ് ജനങ്ങൾ ഒമിക്രോണിനെ ഭയക്കാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചു. നവംബറിനുശേഷം ആദ്യമായി രോഗവ്യാപന നിരക്കിൽ സാരമായ കുറവ് രേഖപ്പെടുത്തിയതും സർക്കാരിന് നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ കരുത്തായി. ഇംഗ്ലണ്ടിൽ ഇരുപതിൽ ഒരാൾക്കു മാത്രമാണ് ഇപ്പോൾ കോവിഡ് രോഗമുള്ളത്.

ഇംഗ്ലണ്ടിൽ നിയന്ത്രണങ്ങൾ നീങ്ങുമെങ്കിലും സ്കോട്ട്ലൻഡിലും നോർതേൺ അയർലൻഡിലും വെയിൽസിലുമെല്ലാം പ്രാദേശിക ഭരണകൂടങ്ങളുടെ തീരുമാനം അനുസരിച്ചാകും കോവിഡ് നിയന്ത്രണങ്ങൾ.

രോഗികളാകുന്നവർക്കുള്ള ഐസലേഷൻ നിയമങ്ങളിൽ നിലവിൽ മാറ്റമില്ല. എന്നാൽ മാർച്ച് അവസാനത്തോടെ ഇക്കാര്യത്തിലും കാര്യമായ ഇളവുകൾ ഉണ്ടാകുമെന്നാണ് സർക്കാർ നൽകുന്ന സൂചനകൾ. കോവിഡ് രോഗികളാകുന്നവർ നിർബന്ധമായും ഐസലേഷനു വിധേയരാകണം എന്ന നിയമം മാറ്റി ഇതിനെ ഉപദേശമോ ഗൈഡൻസോ ആക്കി മാറ്റണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കോവിഡിന്റെ നാലാം തരംഗം ഉണ്ടായ സാഹചര്യത്തിൽ പ്ലാൻ ബി എന്ന നിലയിലാണ് മാസ്ക് ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തിയിരുന്നത്. ഇതാണ് ഇപ്പോൾ പിൻവലിക്കുന്നത്. ഒമിക്രോൺ തരംഗം അതിശക്തമായിരുന്ന കാലം കഴിഞ്ഞുവെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെങ്കിലും ജനത്തിരക്കുള്ള സ്ഥലങ്ങളിലും അപരിചിതരുമായി ഇടപഴകുമ്പോഴും ഇവ ഉപയോഗിക്കുന്നത് ഉചിതമാകും എന്ന ഉപദേശം സർക്കാർ നൽകുന്നുണ്ട്. അതുപോലെ എൻഎച്ച്എസിനു കീഴിലുള്ള സ്ഥാപനങ്ങളിൽ വേണമെങ്കിൽ കോവിഡ് വാക്സിനേഷൻ പാസ് നിർബന്ധമാക്കാനും അവകാശമുണ്ട്.

വിദേശയാത്രകൾക്കും ഹോം വിസിറ്റിനും മറ്റും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ വരുദിവസങ്ങളിൽ കൂടുതൽ ഇളവുണ്ടാകുമെന്നും പ്രധാനമന്ത്രി പാർലമെന്റിനെ അറിയിച്ചു. ചുരുക്കിപ്പറഞ്ഞാൽ ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ കോവിഡിനെ വെറുമൊരു വൈറൽപനിയായി മാത്രം കണക്കാക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കുകയാണ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close