HEALTHNEWSWORLD

വാക്സിനെടുത്താൽ കുട്ടികളുണ്ടാകില്ലേ? സത്യമിതാണ്

കോവിഡ് വാക്സിൻ എടുത്താൽ കുട്ടികൾ ഉണ്ടാകില്ലേ? ഇന്ന് വ്യാപകമായി വാക്സിൻ വിരുദ്ധർ പ്രചരിപ്പിക്കുന്ന ഒരു കാര്യമാണിത്. ആണുങ്ങളിലും പെണ്ണുങ്ങളിലും വന്ധ്യത മാത്രമല്ല, സ്ത്രീകൾക്ക് വളരെ അസ്വസ്ഥതകൾ നിറഞ്ഞ ആർത്തവകാലത്തിനും കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് കാരണമാകുന്നു എന്നാണ് നിലവിലെ പ്രചാരണം. ആണുങ്ങളിൽ ഉദ്ധാരണശേഷി കുറവ്, സ്ത്രീകൾ ഗർഭിണികൾ ആകില്ല, പന്നി മാംസത്തിൽ നിന്നാണ് ഈ വാക്സിനൊക്കെ സൃഷ്ടിച്ചിരിക്കുന്നത് തുടങ്ങിയ പ്രചാരണങ്ങളും സജീവമാണ്. എന്നാൽ, ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെ വസ്തുതകൾ വ്യക്തമാക്കുകയാണ് ഡോ. സുൽഫി നൂഹു. കോവിഡ് വാക്സിൻ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകളെ തള്ളിയാണ് ഡോ. സുൽഫി നൂഹു രം​ഗത്ത് വന്നത്. പുതുതായി പറയുന്ന മെൻസ്ടുറൽ വ്യതിയാനങ്ങൾ തീർത്തും അപ്രസക്തമാണെന്ന് അദ്ദേഹം പറയുന്നു.

മഹാമാരിക്ക് ഏതാണ്ടൊക്കെ അറുതി വരാൻ തുടങ്ങിയെങ്കിൽ അതിന്റെ മുഖ്യകാരണം കോവിഡ് വാക്സിനെന്ന ഈ ചതിയൻ ചന്തു തന്നെയാണെന്ന് സുൽഫി നൂഹു പറയുന്നു. പാണന്മാർ പറഞ്ഞുപരത്തിയ ചില കാര്യങ്ങളിൽ ചിലതൊക്കെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആണുങ്ങളിൽ ഉദ്ധാരണശേഷി കുറവ്, സ്ത്രീകൾ ഗർഭിണികൾ ആകില്ല, പന്നി മാംസത്തിൽ നിന്നാണ് ഈ വാക്സിനൊക്കെ സൃഷ്ടിച്ചിരിക്കുന്നത് തുടങ്ങിയ പ്രചാരണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും പുതിയത് സ്ത്രീകളിൽ മാസമുറസമയത്ത് കൂടുതൽ ബ്ലീഡിങ് ഉണ്ടാക്കുന്നുവെന്നുള്ള ചില റിപ്പോർട്ടുകളാണെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. ഉദ്ധാരണശേഷി, പ്രത്യുൽപാദനം ഇവയൊക്കെ ധാരാളം ചർച്ച ചെയ്തതാണ്. ഇതിലൊന്നും ഒരുർത്ഥവുമില്ലായെന്ന് വളരെ വ്യക്തവും. സ്ത്രീകളിൽ മാസമുറ സമയത്ത് ബ്ലീഡിങ് കൂടുന്നതിനെ കുറിച്ചാണ് പുതിയ ചില വിശകലനങ്ങൾ. വാക്സിനേഷൻ എടുത്ത സ്ത്രീകളിൽ കുത്തിവെപ്പിനെ തുടർന്ന് ആദ്യ മാസത്തിൽ കൂടുതൽ ബ്ലീഡിങ് ഉണ്ടാകുന്നുവെന്ന് ചില റിപ്പോർട്ടുകളുണ്ട് എന്നുള്ളത് സത്യമാണെന്ന് സുൽഫി നൂഹു സമ്മതിക്കുന്നു.

ഇത്തരത്തിൽ ഇംഗ്ലണ്ടിൽ മാത്രം ഏതാണ്ട് മുപ്പതിനായിരത്തോളം റിപ്പോർട്ടുകളാണ് ഉണ്ടായത്. എന്നാൽ ആദ്യത്തെ മാസത്തെ ഉയർന്ന തോതിലുള്ള രക്തസ്രാവത്തിന് ശേഷം അടുത്ത മാസങ്ങളിൽ എല്ലാം തന്നെയും മാസമുറ വീണ്ടും പഴയപടിയാകുന്നതാണ് കണ്ടെത്തിയത്.
എന്നുമാത്രമല്ല ഗർഭധാരണത്തിൽ, കുഞ്ഞിന്റെ വളർച്ചയിൽ ഒന്നും തന്നെ വാക്സിനേഷൻ വ്യതിയാനങ്ങൾ ഉണ്ടാക്കുന്നില്ല . ജീവൻ രക്ഷിക്കുന്ന വാക്സിനേഷനിലെ ഈ ചെറിയ ചെറിയ കാര്യങ്ങൾ തള്ളിക്കളയുക തന്നെ വേണമെന്ന് ഡോ. സുൽഫി നൂഹു പറയുന്നു.

കൂടുതൽ പഠനങ്ങൾ എല്ലാ മേഖലയിലും ഉണ്ടാകുന്നത് വളരെ നല്ലത് തന്നെയെന്ന് ഡോക്ടർ പറയുന്നു. ലഭ്യമായ വിവരങ്ങളെല്ലാം കാണിക്കുന്നത് വാക്സിൻ ശരീരത്തിൽ പ്രവർത്തിക്കുമ്പോളുണ്ടാകുന്ന ഇമ്മ്യൂണോളജിക്കൽ വ്യതിയാനങ്ങൾ മെൻസ്തുറേഷൻ നിയന്ത്രിക്കുന്ന ഹോർമോണുകളിലും താൽക്കാലികമായി ചെറിയ വ്യതിയാനങ്ങൾ ഉണ്ടാക്കുന്നു എന്നാണ്. എന്നാൽ, ഏറ്റവും പ്രധാനം ഇതു ഗർഭധാരണത്തിനും, ഗർഭധാരണശേഷിയിലും, ഗർഭസ്ഥശിശുവിനും ലവലേശം ബാധിക്കുന്നില്ലായെന്നുള്ളതാണ്. കുത്തിവെപ്പ് കഴിഞ്ഞ് ആദ്യത്തെ മാസം, വളരെ ചുരുക്കം സ്ത്രീകളിൽ ഒരല്പം ബ്ലീഡിങ് കൂടുന്നു. അത്രതന്നെ. വാക്സിൻ ഗുരുതര രോഗം തടയുന്നു, മരണം തടയുന്നു. ഇക്കാര്യത്തിൽ വളരെ വ്യക്തമായ സുദൃഢമായ റിപ്പോർട്ടുകൾ ലോകവ്യാപകമായി ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പുതുതായി പറഞ്ഞ ഈ മെൻസ്ടുറൽ വ്യതിയാനങ്ങളും വളരെ അപ്രസക്തമാണെന്ന് ഡോ. സുൽഫി നൂഹു അടിവരയിട്ട് പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close