KERALANEWSTop News

ഫ്ലാറ്റ് വാങ്ങാൻ എഗ്രിമെന്റ് എഴുതി വർഷങ്ങൾ കഴിഞ്ഞിട്ടും സെയ്ൽ ലെറ്റർ നൽകിയില്ലെന്ന് ആരോപണം; കൂടുതൽ പണം ആവശ്യപ്പെട്ട് ഫ്ലാറ്റിൽ കയറി ശല്യം ചെയ്യുന്നത് ഗായികയായ കെ എസ് ചിത്രയുടെ ഭർത്താവ്; ആരോപണം നിഷേധിച്ച് വിജയ് ശങ്കറും രംഗത്ത്

തിരുവനന്തപുരം: ഫ്ലാറ്റ് വാങ്ങാൻ എഗ്രിമെന്റ് എഴുതി വർഷങ്ങൾ കഴിഞ്ഞിട്ടും സെയ്ൽ ലെറ്റർ നൽകാതെ വഞ്ചിച്ചെന്ന പരാതിയുമായി യുവാവ് രംഗത്ത്. വട്ടിയൂർക്കാവ് പേൾ മാനർ ഫ്‌ളാറ്റ് സമുച്ചയത്തിൽ ഫ്‌ളാറ്റ് വാങ്ങാൻ ആണ് യുവാവ് എഗ്രിമെന്റ് എഴുതി നൽകിയത്. പേൾ മാനർ 2 B ഫ്‌ളാറ്റിൽ പ്രമോദ് കുമാർ നൽകിയ പരാതിയിൽ ഫ്‌ളാറ്റിന്റെ തുക ബാക്കി 4 ലക്ഷം രൂപ കൂടി കൈപറ്റി ഫ്‌ളാറ്റിന് ടി സി നമ്പർ ഇട്ട് വെള്ളത്തിന്റെയും വൈദ്യുതിയുടെയും കണക്ഷൻ നൽകി സെയ്ൽ ലെറ്റർ നൽകണമെന്ന് ഉത്തരവ് നൽകി.

ഗായിക കെഎസ് ചിത്രയുടെ ഭർത്താവ് വിജയ് ശങ്കറിന് എതിരെയും ഗുരുതര ആരോപണങ്ങളാണ് പ്രമോദ് കുമാർ ഉന്നയിക്കുന്നത്. കൈയിലെ സമ്പാദ്യവും കടം വാങ്ങിയതുമെല്ലാം കൊടുത്ത് ഫ്ളാറ്റ് വാങ്ങാനായി എഗ്രിമെന്റ് ഒപ്പുവെച്ചെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും സെയിൽ ലെറ്റർ കൊടുത്തില്ല. കൂടുതൽ പണമാണ് ഇവർ ഇപ്പോൾ ആവശ്യപ്പെടുന്നത്. പണം ആവശ്യപ്പെട്ട് വിജയ് ശങ്കർ പലതരത്തിൽ ഉപദ്രവിച്ചെന്ന് ആരോപിക്കുന്നു. വിജയ് ശങ്കർ മിക്ക സമയങ്ങളിലും ഫ്ളാറ്റിൽ കയറി വന്നു നിരന്തരം ശല്യം ചെയ്ത്, ആ കുടുംബത്തിന്റെ സമാധാനം ഇല്ലാതാക്കുന്ന അന്തരീക്ഷം ഉണ്ടാക്കുന്നു എന്നാണ് പരാതി.

2013 ൽ ബിൽഡറായ അനിൽകുമാറും ഒപ്പമുള്ള ജോസ് തോമസ് മുള്ളങ്കാട്ടിൽ, റോബിൻസൺ പണിക്കർ എന്നിവർ ചേർന്നാണ് ഫ്ളാറ്റ് നിർമ്മാണം ആരംഭിച്ചത്. 2015ൽ ഫ്ളാറ്റ് പൂർത്തിയാക്കി കൈമാറാമെന്നായിരുന്നു പ്രമോദിന് ഇവരുമായുള്ള എഗ്രിമെന്റ്. എന്നാൽ കാലാവധി കഴിഞ്ഞിട്ടും ഫ്‌ളാറ്റ് കൈമാറാത്തതിനാൽ പ്രമോദ് ഫ്‌ളാറ്റിൽ കയറി താമസിക്കുകയായിരുന്നു. വൈദ്യുതി കണക്ഷനും വാട്ടർ കണക്ഷനും സ്വന്തമായി എടുത്തതാണെന്ന് പ്രമോദ് പറയുന്നു.

ഇതിനിടെ അനിൽകുമാറിന്റെ സുഹൃത്തും കൊമേഴ്ഷ്യൽ ഏരിയയുടെ ഉടമസ്ഥനുമായ വിജയ് ശങ്കർ തന്നെ പലവട്ടം ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പ്രമോദ് പരാതിപ്പെടുന്നു. ‘വിജയ് ശങ്കറുമായി തനിക്ക് ഇടപാടുകൾ ഒന്നുമില്ല പക്ഷേ അയാൾ വീട്ടിൽ എത്തി സ്ഥിരമായി ഡോറിൽ ഇടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തന്റെ കൈയിൽ നിന്നും കൂടുതൽ പണം ബിൽഡർമാർക്ക് വാങ്ങി കൊടുക്കാനായിരുന്നു ശ്രമം. അയാൾക്ക് എതിരെ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ നാല് കേസുകൾ കൊടുത്തു. ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. എന്നാൽ താൻ ഭർത്താവിനെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കെ.എസ് ചിത്രയുടെ മെയിൽ ഐഡിയിൽ നിന്നും ഹോം സെക്രട്ടറിക്ക് അയച്ചു.

ഇത് ചിത്രയുടെ അറിവോടെ ആയിരിക്കില്ല. ഇതേ തുടർന്ന് ഹൈക്കോടതിയിൽ പോയി പ്രൊട്ടക്ഷൻ ഓർഡർ വാങ്ങിയിരുന്നു. തിരികെ എത്തുമ്പോൾ കാണുന്നത് വിജയ് ശങ്കറും മറ്റുള്ളവരും തങ്ങളുടെ മാതാപിതാക്കൾ താമസിക്കുന്ന ഫ്ളാറ്റിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറി അതിക്രമം കാട്ടുന്നതാണ്. ഇക്കാര്യം പൊലീസിനെ അറിയിച്ചപ്പോൾ പൊലീസ് എത്തി താനുൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് കേസെടുത്തു. ബിൽഡേഴ്സിന്റെയും വിജയശങ്കറിന്റെയും ഭീഷണിയെ തുടർന്ന് മറ്റൊരു ഫ്ളാറ്റിലെ ആൾ കഴിഞ്ഞ വർഷം മെയ് 25 ന് ഫ്ളാറ്റിൽ നിന്നും ചാടി ജീവനൊടുക്കുകയും ചെയ്തു’ – പ്രമോദ് പറയുന്നു.

വട്ടിയൂർക്കാവിലെ ഫ്‌ളാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നത് കുപ്രചാരണമെന്ന് ഗായിക ചിത്രയുടെ ഭർത്താവ് വിജയ് ശങ്കർ പ്രതികരിച്ചു. തനിക്കെതിരെ ആക്ഷേപം ഉയർത്തുന്ന പ്രമോദ് എന്നയാൾക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത വീടുകയറി ആക്രമണക്കേസ് ഒത്തുത്തീർക്കുന്നതിനുള്ള സമ്മർദതന്ത്രമാണ് നടക്കുന്നത്.

തന്റെയും ചിത്രയുടെയും പേര് അനാവശ്യമായി വലിച്ചിഴച്ചതിന് പ്രമോദിനും വിഡിയോ പ്രചരിപ്പിച്ച യൂട്ഊബർക്കും എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതിക്കാരിയായ സ്ത്രീയെ വീടു കയറി ആക്രമിച്ച കേസിലെ പ്രതിയായ പ്രമോദിനെതിരെ വട്ടിയൂർക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോം നഴ്‌സിനെ ശാരീരികമായി അക്രമിക്കുകയും വസ്ത്രം വലിച്ചു കീറുകയും ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്ത കേസിലാണു പ്രമോദിനെ പ്രതി ചേർത്തിരിക്കുന്നത്. പട്ടികജാതിക്കാരിയായ യുവതിയെ ശാരീരിക കയ്യേറ്റം നടത്തിയതിന് പൊലീസ് അറസ്റ്റു ചെയ്യുമെന്ന സാഹചര്യത്തിലാണ് പ്രമോദ് എന്നയാളും സ്ഥലത്തുള്ള ഒരു ഗുണ്ടയും ചേർന്ന് ആക്ഷേപങ്ങളുമായി വന്നിരിക്കുന്നതെന്നു വിജയ് ശങ്കർ പറഞ്ഞു.

പൊലീസ് തിരയുന്ന ഇയാൾ ഇപ്പോൾ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്. ഒളിവിലിരിക്കെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിഡിയോയുമായി രംഗത്തെത്തിയത്. ഫ്‌ളാറ്റുമായി ബന്ധപ്പെട്ട് സാമ്പത്തികമായതോ അല്ലാത്തതോ ആയ കാര്യങ്ങളിൽ ഒരു ഇടപാടും തനിക്ക് ഇല്ലെന്നും വിജയ് ശങ്കർ പറഞ്ഞു.

2008 ൽ നിർമ്മാണം ആരംഭിച്ച ഫ്‌ളാറ്റ് നിർമ്മാണം 2010ൽ കെട്ടിട നിർമ്മാതാവു മുങ്ങിയതിനെ തുടർന്നു പണിമുടങ്ങി കിടക്കുകയായിരുന്നു. ഇത് വാസയോഗ്യമാക്കാനാകും വിധം പണികൾ പൂർത്തിയാക്കാൻ മുൻകൈ എടുത്തത് വിജയ് ശങ്കറായിരുന്നു. ഭൂമി ഉടമയ്ക്കു ഫ്‌ളാറ്റ് നിർമ്മാതാവു പണം നൽകാത്തതിനാലാണ് റജിസ്‌ട്രേഷൻ നടക്കാത്തത് എന്നറിഞ്ഞ് പണം കയ്യിൽ നിന്നു മുടക്കി ഇദ്ദേഹം പണി പൂർത്തിയാക്കുകയായിരുന്നു. അതേസമയം ഫ്‌ളാറ്റ് വാങ്ങിയവരെ വിജയ് ശങ്കർ ഭീഷണിപ്പെടുത്തുന്നെന്നും ബിൽഡർക്കു കൂടുതൽ പണം വാങ്ങി നൽകാൻ നിർബന്ധിക്കുന്നു എന്നുമാണ് ആക്ഷേപം.

”ഈ വിഷയത്തിൽ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റിക്ക് ഒരു ഫ്‌ളാറ്റുടുമ കൂടിയായ പ്രമോദ് നൽകിയ പരാതിയിൽ അടുത്തിടെ വിധി വന്നിരുന്നു. ഇത് എതിരായതോടെയാണ് വിഡിയോയുമായി രംഗത്തു വന്നിരിക്കുന്നത്. ഫ്‌ളാറ്റിന്റെ മുഴുവൻ പണവും നൽകാൻ തയാറാകാതെയാണ് ആക്ഷേപം ഉയർത്തുന്നത്. പ്രമോദ് എന്നയാൾ അഞ്ചു ലക്ഷം രൂപ ഫ്‌ളാറ്റ് നിർമ്മാതാവിനു നൽകാനിരിക്കെയാണ് മറ്റൊരു ഫ്‌ളാറ്റിൽ അതിക്രമിച്ചു കയറുന്നത്. അതിൽ താമസിച്ചിരുന്ന ഹോം നഴ്‌സായ യുവതിയെ മർദ്ദിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തിരുന്നു. ഇതിനെതിരെ യുവതി നൽകിയ പരാതിയെ തുടർന്നാണ് വട്ടിയൂർക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഫ്‌ളാറ്റിന്റെ പണം പൂർണമായും നൽകിക്കഴിഞ്ഞാൽ വെള്ളത്തിന്റെ കണക്ഷൻ എടുക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കി നൽകുമെന്നാണ് നിർമ്മാതാവ് അറിയിച്ചിട്ടുള്ളത്. ഇതിനിടെ ഫ്‌ളാറ്റുമായി ബന്ധപ്പെട്ട് സ്ഥലത്തെ ചില ഗുണ്ടകൾ തന്നെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. ഫ്‌ളാറ്റ് രജിസ്റ്റർ ചെയ്തു കിട്ടണമെന്നായിരുന്നു ആവശ്യം. ഇവിടെ വാങ്ങിയിട്ടുള്ള തന്റെ പേരിലുള്ള ഫ്‌ളാറ്റു പോലും ഇതുവരെ രജിസ്റ്റർ ചെയ്തു കിട്ടിയിട്ടില്ല എന്ന മറുപടി പറഞ്ഞിട്ടും ഭീഷണി തുടരുകയായിരുന്നു. കെട്ടിടസമുച്ചയത്തിൽ താൻ വാങ്ങിയ ഒരു കൊമേഴ്‌സ്യൽ സ്‌പേസ് മാത്രമാണ് രജിസ്റ്റർ ചെയ്തു കിട്ടിയിട്ടുള്ളത്. അതു തന്നെ പണം നൽകി കെട്ടിട നിർമ്മാണം പൂർത്തിയാക്കാൻ മുൻകൈ എടുത്തതിനാൽ മാത്രമാണ് സാധിച്ചതെന്നും വിജയ് ശങ്കർ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close