INDIANEWS

സമരത്തിനിടെ ജീവൻ പൊലിഞ്ഞ കർഷകർക്ക് സ്മാരകം നിര്‍മ്മിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി; രാഷ്ട്രീയ നേട്ടത്തിനൊരുങ്ങി കോൺഗ്രസ്

പഞ്ചാബ്: കര്‍ഷക സമരത്തിനിടെ ജീവന്‍ പൊലിഞ്ഞ കര്‍ഷകരുടെ സ്മരണക്കായി സ്മാരകം നിര്‍മ്മിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി പറഞ്ഞു . കാര്‍ഷിക നിയമങ്ങള്‍ പിൻ‌വലിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിന് പുറകെ ആയിരുന്നു ഇത്തരമൊരു പ്രഖ്യാപനവുമായി പഞ്ചാബ് മുഖ്യമന്ത്രി രംഗത്ത് വന്നത്. സ്മാരകം നിർമിക്കുന്നത് എവിടെയാണെന്നും കര്‍ഷക സംഘടനകളുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ കര്‍ഷക സമരത്തിനിടെ മരിച്ച 700ലധികം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു വർഷത്തോളം നീണ്ടുനിന്ന പ്രക്ഷോഭങ്ങൾക്ക് ഒടുവിലാണ് കേന്ദ്ര സർക്കാർ കർഷകർക്ക് മുന്നിൽ മുട്ടുമടക്കിയത്. രാജ്യത്തോടും കർഷകരോടും ക്ഷമാപണം നടത്തിയ പ്രധാനമന്ത്രി ഡൽഹി അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകരോട് വീടുകളിലേക്ക് മടങ്ങാനും അഭ്യർത്ഥിച്ചു.

അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്. അതിനാൽ രാഷ്ട്രീയ ലക്ഷ്യം കൂടി ഈ തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് റിപ്പോർട്ട്. പഞ്ചാബിൽ അമരീന്ദർ സിംഗ് സ്വന്തം പാർട്ടി രൂപീകരിച്ച് എൻഡിഎയ്ക്കൊപ്പം ചേരുമെന്നറിയിച്ചതിനാൽ പഞ്ചാബിലെ രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിച്ചാണ് ഈ നീക്കം. ഇതിനിടെ ആഭ്യന്തര സഹമന്ത്രിയുടെ മകൻ കർഷക സമരത്തിനിടയിലേക്ക് വാഹനമിടിച്ചുകയറിയ സംഭവവും ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചെന്നാണ് റിപ്പോർട്ട്.

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നുവെന്ന് അറിയിച്ചപ്പോൾ മുതൽ രാജ്യം ആശങ്കപ്പെട്ടിരുന്നത് എന്ത് പ്രഖ്യാപനമാണ് ഉണ്ടാകാൻ പോകുന്നത് എന്നായിരുന്നു. എന്നാൽ അപ്രതീക്ഷിതമായാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഇങ്ങനെയൊരു പ്രഖ്യാപനം ഉണ്ടായത്. വിവാദ നിയമങ്ങൾ പിൻവലിച്ചതോടെ കർഷകരുടെ നിശ്ചയദാർഢ്യത്തിന് മുമ്പിൽ മുട്ടുമടക്കി അടിയറവ് പറയുകയാണ് ബിജെപിയും കേന്ദ്ര സർക്കാരും.

ചർച്ചകളെല്ലാം പരാജയപ്പെട്ടതോടെയാണ് ഇങ്ങനെ ഒരു ഏക പക്ഷീയ തീരുമാനം സർക്കാർ സ്വീകരിച്ചത്. കർഷകർക്ക് വേണ്ടിയാണെന്നും അവരുടെ അഭിവൃദ്ധിക്ക് വേണ്ടിയാണെന്നും പറഞ്ഞ് കൊണ്ടുവന്ന ബില്ലുകൾ ഇപ്പോൾ അതേ വാക്കുകൾ തന്നെ ആവർത്തിച്ചാണ് പിൻവലിക്കുന്നതും. രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധത്തിന് മുമ്പിലാണ് സർക്കാർ കീഴടങ്ങിയിരിക്കുന്നത്. പാളി പോയ നോട്ട് നിരോധനം ഉൾപ്പെടെയുള്ള ഒരു നീക്കത്തിലും പിന്നോട് ഒരടി വെക്കാത്ത നരേന്ദ്ര മോദി സർക്കാരിന്റെ ഈ കീഴടങ്ങൽ യഥാർത്ഥത്തിൽ കർഷകരുടെ വിജയത്തിന്റെ തിളക്കം കൂട്ടുകയാണ്.

ബില്ലുകൾ പിൻവലിച്ചതായി പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചതോടെ വിജയം കൊയ്യുന്നത് പതിനാല് മാസമായി സമരം ചെയ്യുന്ന ഇന്ത്യൻ കർഷകരാണ്. കൃഷിയുടെ സമസ്തമേഖലയിലും കോർപറേറ്റ്‌ ആധിപത്യം ഉറപ്പാക്കുന്ന മൂന്ന്‌ നിയമം പാർലമെന്ററി സംവിധാനങ്ങള്‍ അട്ടിമറിച്ചാണ് മോദി സർക്കാർ പാസാക്കിയത്‌. കഴിഞ്ഞവർഷം ജൂണിൽ മൂന്ന്‌ ഓർഡിനൻസ്‌ ഇറക്കിയപ്പോൾത്തന്നെ പഞ്ചാബില്‍ പ്രക്ഷോഭം തുടങ്ങി. 2020 സെപ്‌തംബർ 17ന്‌ ലോക്‌സഭ ബില്ലുകൾ പാസാക്കിയതോടെ കർഷകർ തെരുവിലിറങ്ങി. 20ന്‌ രാജ്യസഭ ശബ്ദവോട്ടോടെ ബില്ലുകൾ പാസാക്കി. 24 മുതൽ മൂന്നു ദിവസം പഞ്ചാബിൽ കർഷകർ ട്രെയിനുകൾ തടഞ്ഞു. ഒക്ടോബർ ഒന്നുമുതൽ പഞ്ചാബിൽ അനിശ്ചിതകാല ട്രെയിൻ ഉപരോധം തുടങ്ങി. ചരക്ക്‌ ട്രെയിനുകൾ നിർത്തി കേന്ദ്രം പ്രതികാരംവീട്ടി.

ഒക്ടോബര്‍ 25ന്‌ സംയുക്ത കിസാൻമോർച്ച ഡൽഹി ചലോ മാർച്ച്‌ പ്രഖ്യാപിച്ചു. പഞ്ചാബ് കർഷകരെ അതിർത്തിയിൽ തടയാൻ ഹരിയാന പൊലീസ്‌ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഹരിയാന കർഷകരും മാർച്ചിൽ അണിചേർന്നു. പതിനായിരക്കണക്കിനു കർഷകരും നൂറുകണക്കിനു ട്രോളി– -ട്രാക്ടറുകളും ഡൽഹിയിലേക്ക്‌ നീങ്ങി. ഡൽഹി അതിർത്തിയായ സിന്‍ഘുവിൽ 26 മുതൽ ആയിരക്കണക്കിനു കർഷകർ താവളമടിച്ചു. ടിക്രി, ഗാസിപുർ അതിർത്തികളിലും സമരകേന്ദ്രങ്ങൾ തുടങ്ങി. രാജ്യമെമ്പാടുമുള്ള കർഷകർ സമരത്തിൽ പങ്കുചേർന്നു. ചർച്ച നടത്തിയെങ്കിലും കാർഷികനിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയാറല്ല. നിയമങ്ങൾ നടപ്പാക്കുന്നത്‌ സ്‌റ്റേ ചെയ്‌ത സുപ്രീംകോടതി നിയമങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിച്ചു. സമിതി റിപ്പോർട്ട്‌ നൽകിയെങ്കിലും അത്‌ പുറത്തുവിട്ടിട്ടില്ല.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പത്ത് വര്‍ഷം വേണ്ടി വന്നാല്‍ അതുവരെയും സമരം ചെയ്യുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് നേരത്തേ വ്യക്തമാക്കിയിരുന്നു. നവംബർ 26 നുള്ളിൽ വിവാദമായ കാർഷിക നിയമം കേന്ദ്രം പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായിത് പ്രഖ്യാപിച്ചിരുന്നു. ഡൽഹി അതിർത്തികളായ സിംഗു, ടിക്രി, ഗസിപൂർ എന്നിവിടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന കർഷക സമരത്തിന് നവംബർ 26ന് ഒരു വർഷം തികയും.

കർഷക കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയാണ്( എസ് കെ എം) പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ഡൽഹി ഉത്തർപ്രദേശ് അതിർത്തിയിലെ ഗാസിപൂരിൽ തമ്പടിച്ചിരിക്കുന്ന ഭാരതീയ കിസാൻ യൂണിയനും എസ് കെ എമ്മിന്റെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ പാസാക്കിയ കാ‌ർഷിക നിയമങ്ങൾക്കെതിരെ ആയിരത്തോളം കർഷകരാണ് നവംബർ 2020 മുതൽ ഡൽഹിയുടെ അതിർത്തികളിലായി സമരം ചെയ്തുവരുന്നത്. ഇതിനോടകം കർഷകരുമായി പതിനൊന്ന് പ്രാവശ്യം കേന്ദ്രം ചർച്ചകൾ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

പ്രധാനമന്ത്രി ഇന്ന് രാവിലെ ഒൻപത് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിയ്ക്കുമ്പോഴായിരുന്നു സുപ്രധാന പ്രഖ്യാപനം. നിയമത്തിന്റെ നേട്ടങ്ങൾ വിശദീകരിക്കാൻ സർക്കാർ നിരവധി ശ്രമങ്ങൾ നടത്തി. ഈ നിയമങ്ങൾ സർക്കാർ ആത്മാർത്ഥമായാണ് കൊണ്ടുവന്നത്. എന്നാൽ നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് പിൻ വലിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകരുടെ വിഷമങ്ങൾ മനസ്സിലായി, അവരുടെ അഭിവൃദ്ധിക്ക് പ്രാധാന്യം നൽകുമെന്നും നരേന്ദ്രമോദി പറഞ്ഞു, ഗുരു നാനാക്ക് ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close