INDIANEWSTop News

ആർടിപിസിആറിന്റെ പേരിൽ മുത്തങ്ങയിൽ നടക്കുന്ന പകൽകൊള്ള; കർണാടക കടക്കാൻ ഇളവുകൾ നൽകിയില്ലെങ്കിൽ കൃഷി അവസാനിപ്പിക്കുമെന്ന് കർഷകർ

വയനാട്: കർണാടക കടക്കാൻ ഇളവുകൾ നൽകിയില്ലെങ്കിൽ കൃഷി അവസാനിപ്പിക്കുമെന്ന് അതിർത്തി ഗ്രാമത്തിലെ കർഷകർ. ആർടിപിസിആർ നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകരുടെ സംഘടനയായ എൻഎഫ്പിഒ കർണാടക മുഖ്യമന്ത്രിയെ സമീപിക്കും.

കോവിഡും വിളകളുടെ വിലയിലുണ്ടായ തകർച്ചയും കർണാടക അതിർത്തി ഗ്രാമങ്ങളിലെ ആയിരക്കണക്കിന് കർഷകർക്ക് കോടികളുടെ നഷ്ടമാണ് വരുത്തി വെച്ചത്. കോവിഡ് നിയന്ത്രണം എന്ന പേരിൽ ചെക്ക് പോസ്റ്റിൽ നടക്കുന്ന അഴിമതി സഹിക്കാൻ കഴിയാതെ വന്നതോടെ കൃഷി അവസാനിപ്പിക്കുകയല്ലാതെ ഇനി മറ്റ് മാർഗങ്ങളില്ലെന്ന് കർഷകർ പറയുന്നു. കോവിഡ് ഒന്നാം തരംഗ സമയത്ത് ഇവർക്ക് കർണാടകയിലേക്ക് കടക്കാൻ പ്രത്യേക പാസ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ പാസ് പിന്നീട് പുതുക്കി നൽകിയില്ല.

മുത്തങ്ങ അതിർത്തിയിലെ പകൽകൊള്ള മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു. വിഷയത്തിൽ ഹൈക്കോടതി ഇടപെടണമെന്നാണ് യാത്രക്കാരുടെയും അതിർത്തി ഗ്രാമങ്ങളിലെ കർഷകരുടെയും ആവശ്യം.

അതിനിടയിൽ ആർടിപിസിആർ കൈയിൽ ഉണ്ടെങ്കിൽ പോലും മുത്തങ്ങ അതിർത്തി കടക്കാൻ കർണാടക ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുന്നുണ്ടെന്ന് കർഷകർ. കൈക്കൂലി നൽകിയില്ലെങ്കിൽ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്ന് കർഷകർ പറഞ്ഞു. ഉദ്യോഗസ്ഥരുടെ കൊള്ളയ്ക്ക് അവസരമൊരുക്കുന്ന കർണാടകയുടെ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അതിർത്തി ഗ്രാമങ്ങളിലെ കർഷകർ.

ആർടിപിസിആർ സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതിയാലും രക്ഷയില്ലെന്നാണ് കർഷകർ പറയുന്നത്. കർണാടകയിലേക്ക് ചരക്കുമായി പോകുന്ന വാഹനങ്ങൾ തടഞ്ഞ് നിർത്തി കൈക്കൂലി ചോദിച്ചു വാങ്ങുന്നുവെന്നാണ് പരാതി. അനുസരിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥരുടെ സ്വരം മാറും.

മൈസൂർ ജില്ലയുടെ ചുമതല വഹിക്കുന്ന കർണാടക സഹകരണ മന്ത്രി എസ്.ടി സോമശേഖറിനെ നേരിൽ കണ്ട് അതിർത്തി ഗ്രാമങ്ങളിലെ കർഷകർ പരാതി അറിയിച്ചിട്ടുണ്ട്. കേരളത്തിൽ രോഗവ്യാപനം കുറഞ്ഞിട്ടും കർണാടക കടുത്ത നിയന്ത്രണങ്ങൾ പിൻവലിക്കാത്തതാണ് കൈക്കൂലിക്ക് അവസരമൊരുങ്ങുന്നതെന്നാണ് പരാതി.

ആർടിപിസിആർ സർട്ടിഫിക്കറ്റിന്റെ പേരിൽ മുത്തങ്ങയിൽ നടക്കുന്നത് പകൽകൊള്ളയാണ്. 500 മുതൽ 1000 രൂപ വരെ കൈകൂലി കൊടുത്താൽ മുത്തങ്ങയിലെ ചെക്ക്പോസ്റ്റിലൂടെ ആർടിപിസിആർ സർട്ടിഫിക്കറ്റില്ലെങ്കിലും കർണ്ണാടകത്തിലേക്ക് കടക്കാം. കൈകൂലി വാങ്ങിയാണ് കർണാടക ഉദ്യോഗസ്ഥർ രേഖകളില്ലാതെ കടത്തി വിടുന്നത്.

ആർടിപിസിആറിന്‍റെ മറവിൽ ഇത്തരത്തിൽ ലക്ഷങ്ങളാണ് കർണാടക ഉദ്യോഗസ്ഥർ കൈകൂലി വാങ്ങുന്നത്. വയനാട്ടിൽ നിന്ന് കർണാടകയിലേക്ക് കടക്കാൻ മൂന്ന് ചെക്ക്പോസ്റ്റുകളാണുള്ളത്. ഇതിൽ യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നത് മുത്തങ്ങ ചെക്ക്പോസ്റ്റിനെയാണ്. സംസ്ഥാനത്തേക്ക് കടക്കാൻ ആർടിപിസിആർ സർട്ടിഫിക്കറ്റും ക്വാറന്ററൈയനും ആദ്യം നടപ്പാക്കിയത് കർണ്ണാടകയായിരുന്നു.

അതിർത്തിയിൽ സംഭവിക്കുന്നത് കർണ്ണാടക സർക്കാർ പ്രഖ്യാപിച്ച നിബന്ധനകളൊക്കെ ഉദ്യോഗസ്ഥർ കാറ്റിൽ പറത്തുകയാണെന്ന് വ്യക്തം .ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും നിയന്ത്രണമൊക്കെ കർണ്ണാടക ഉദ്യോഗസ്ഥർ പെെസ കിട്ടുന്നതോടെ അവസാനിപ്പിക്കുന്നത് പതിവാണെന്ന് മുത്തങ്ങ അതിർത്തിമേഖലയിലെ താമസക്കാരായ മലയാളികളും സാക്ഷ്യപ്പെടുത്തുന്നു.

ആർടിപിസിആറിന്‍റെ മറവിൽ ഇത്തരത്തിൽ ലക്ഷങ്ങളാണ് കർണാടക ഉദ്യോഗസ്ഥർ കൈകൂലി വാങ്ങുന്നത്. എന്നാൽ സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ചെക്ക് പോസ്റ്റ് സ്ഥിതി ചെയ്യുന്ന ചാമരാജ് നഗർ ജില്ല ഭരണകൂടത്തിന്‍റെ വിശദീകരണം. സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങളൊക്കെ അതേപടി തുടരുന്നുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close