INDIANEWSTop News

ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവം; വാഹനം ഇടിച്ച് കയറുന്ന ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. കാൽനടയായി കർഷകർ മുന്നോട്ട് പോകുമ്പോൾ പിന്നാലെ എത്തിയ വാഹനം ഇവരുടെ ഇടയിലേക്ക് ഇടിച്ച് കയറുന്നതാണ് ദൃശ്യങ്ങളിൽ. കർഷകരെ ഇടിച്ച വാഹനത്തിനു പുറമെ മറ്റൊരു വാഹനം കൂടി ഇവരുടെ പിന്നാലെ കടന്നു പോകുന്നുണ്ട്. സമരത്തിൽ പങ്കെടുത്ത ചിലർ പകർത്തിയതാണ് ഈ ദൃശ്യങ്ങൾ.

ലഖിംപുർ ഖേരിയിൽ സംഘർഷത്തെ തുടർന്ന് കർഷക മരണത്തെ തുടർന്ന് വൻ പ്രക്ഷോഭമാണ് യുപിയിൽ കർഷകർ നടത്തിയത്. കർഷകരെ കൊലപ്പെടുത്തിയതിന് പിന്നാലെ രാജ്യവ്യാപകമായി കർഷക സമരം നടത്തുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ലഖിംപൂര്‍ അതിര്‍ത്തി അടച്ചു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍റര്‍നെറ്റ് സേവനങ്ങളും നിരോധിച്ചു.

അതേസമയം കര്‍ഷകരെ കാറിടിച്ചു കൊന്നതിന് കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയ്ക്കെതിെര കേസെടുത്തു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കേസില്‍ പതിനാല് പ്രതികളാണുള്ളത്. അതേസമയം കേന്ദ്ര നേതാക്കളെ സംഘർഷസ്ഥലത്തേക്ക് പോലീസ് വിലക്കിയിട്ടുണ്ട്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി, പഞ്ചാബ് ഉപമുഖ്യമന്ത്രി എന്നിവരെ തടയാനാണ് യുപി സര്‍ക്കാരിന്റെ നീക്കം. ലക്നൗ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുവദിക്കില്ല. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനും വിലക്കേർപ്പെടുത്തി.

അതേസമയം സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി അജയ് കുമാര്‍ ടേനി രംഗത്തെത്തിയിരുന്നു. വാഹനവ്യൂഹത്തില്‍ തന്റെ മകന്‍ ഇല്ലായിരുന്നുവെന്നും ഉണ്ടായിരുന്നെങ്കില്‍ ജീവനോടെ പുറത്തുവരില്ലായിരുന്നെന്നുമാണ് കേന്ദ്രമന്ത്രി പറഞ്ഞത്. ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കര്‍ഷകര്‍ കല്ലെറിയുകയായിരുന്നുവെന്നും കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞപ്പോള്‍ അതിനടിയില്‍പ്പെട്ടാണ് കർഷകർ മരിച്ചതെന്നുമാണ് മന്ത്രിയുടെ വിശദീകരണം. അപകടത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടെന്നും അക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അർധരാത്രിയിൽ ലഖിംപൂർ ഖേരിയിലേക്ക് തിരിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് പ്രിയങ്ക കാൽനടയായി മുന്നോട്ടുനീങ്ങുകയായിരുന്നു. നൂറ് കണക്കിന് പ്രവർത്തകരും പ്രിയങ്കയ്ക്കൊപ്പം നടന്നു. പിന്നീട് വാഹനത്തിൽ പോകാൻ പ്രിയങ്കയ്ക്ക് പൊലീസ് അനുവാദം നൽകി. എന്നാൽ, ലഖിംപൂർ ഖേരിയിൽ എത്തും മുൻപ് പ്രിയങ്കയെ പൊലീസ് തടഞ്ഞ് സീതാപൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. കാൽനട യാത്രക്കൊടുവിൽ ലഖിംപൂർ ഖേരിയിലെത്തിയ പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെയും കസ്റ്റഡിയിലെടുത്തു. ലക്നൗവിധ പൊലീസ് ബാരിക്കേഡ് മറികടന്ന് സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് പുറത്തേക്ക് വന്നത് സംഘർഷത്തിനിടയാക്കി. എസ്പി പ്രവർത്തകർ ഒരു പൊലീസ് ജീപ്പ് കത്തിച്ചു. അഖിലേഷ് യാദവിനെയും കസ്റ്റഡിയിൽ എടുത്ത് പൊലീസ് തടഞ്ഞു വച്ചിരിക്കുകയാണ്. സ്ഥിതി സാധാരണനിലയിൽ ആകാതെ രാഷ്ട്രീയനേതാക്കളെ ലഖിംപുർ ഖേരിയിൽ എത്താൻ അനുവദിക്കില്ല എന്നാണ് പൊലീസ് വിശദീകരണം.

കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എന്നാൽ എന്താണ് നടന്നതെന്ന് മനസ്സിലാക്കാതെയുള്ള പ്രചാരണം അനുവദിക്കാൻ കഴിയില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മകനെ വധിക്കാനുള്ള ഗൂഡാലോചനയാണ് നടന്നതെന്ന് കേന്ദ്രമന്ത്രിയും സ്ഥലം എംപിയുമായ അജയ് മിശ്രയും പ്രതികരിച്ചു. പ്രതിപക്ഷം ഒറ്റക്കെട്ടായി ലഖിംപുർ ഖേരിയിലെ സംഭവം ആയുധമാക്കുകയാണ്. കേന്ദ്രമന്ത്രിയുടെ മകൻ വാഹനം ഓടിച്ചു കയറ്റി എന്ന ആരോപണം കേന്ദ്ര സംസ്ഥാനസർക്കാരുകൾക്ക് ഒരു പോലെ തിരിച്ചടിയാകുകയാണ്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close