INDIANEWS

ലഖിംപൂർ ആക്രമണം; അജയ് മിശ്രയ്ക്കെതിരെ നടപടി എടുക്കാത്തതിന് പ്രതിഷേധിച്ച് കർഷകർ ഇന്ന് ട്രെയിനുകൾ തടയും

ഡൽഹി: ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയ്ക്കെതിരെ നടപടി എടുക്കാത്തതിന് പ്രതിഷേധിച്ച് കർഷകർ ഇന്ന് ട്രെയിനുകൾ തടയും. രാവിലെ 10 മണി മുതൽ വൈകീട്ട് നാല് മണി വരെ രാജ്യവ്യാപകമായി ട്രെയിനുകൾ തടയാനാണ് സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനം. പഞ്ചാബിൽ 36 ഇടങ്ങളിൽ ട്രെയിനുകൾ തടയുമെന്ന് സംയുക്ത കിസാൻ മോർച്ച പറഞ്ഞു. സമരം സമാധാനപരമായിരിക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.

കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച വിവിധ രീതിയിലാണ് പ്രതിഷേധം ശക്തമാക്കുന്നത്. ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലം പ്രതിഷേധക്കാർ കഴിഞ്ഞ ദിവസം കത്തിച്ചിരുന്നു.

ലഖിംപൂര്‍ സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്ക് എതിരെയും കേസ് എടുത്തിരുന്നു. ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അജയ് മിശ്രയുടെ മകന്‍ ആശിഷിനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. കർഷകർക്കിടയിലേക്ക് ആശിഷ് കുമാർ മിശ്ര വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. ആശിഷ് കുമാർ മിശ്ര ഉൾപ്പടെ 14 പേർക്കെതിരെ കൊലപാതകക്കുറ്റം ഉൾപ്പടെ ചുമത്തിയാണ് കേസെടുത്തത്. ലഖിംപുർ ഖേരിയിൽ നടന്ന സംഘർഷത്തിൽ നാല് കർഷകർ ഉൾപ്പടെ ആകെ ഒന്‍പത് പേരാണ് മരിച്ചത്. ലഖിംപുർ ഖേരി ആക്രമണവുമായി ബന്ധപ്പെട്ട് ഒക്ടോബർ ഒമ്പതിനാണ് ആശിഷ് മിശ്രയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 12 മണിക്കൂർ ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close