INDIAINSIGHTNEWS

കാബൂളിലെ ജയിലുകളിൽ കഴിയുന്ന മലയാളി യുവതികളുടെ ​ഗതിയെന്ത്? അഫ്​ഗാനിൽ താലിബാൻ ഭരണത്തിലേറിയതോടെ കേരളത്തിലെ ചർച്ചകൾ ഇങ്ങനെ

കാബൂൾ: അഫ്​ഗാനിൽ താലിബാൻ ഭീകരർ പൂർണമായും ഭരണം പിടിച്ചതോടെ കേരളത്തിൽ ചർച്ചയാകുന്നത് അഫ്​ഗാൻ ജയിലുകളിൽ കഴിയുന്ന മലയാളി യുവതികളുടെ അവസ്ഥ എന്താകും എന്നതിനെ കുറിച്ച്. ഐഎസ് പോരാളികളുടെ ഭാ​ര്യമാരായിരുന്ന ഈ യുവതികൾ പിന്നീട് അഫ്​ഗാൻ സഖ്യസേനക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. അഫ്ഗാനിലെ ഏതോ ജയിലിൽ തടവിൽ കഴിയുന്ന മലയാളികളായ നിമിഷാ ഫാത്തിമ, സോണിയാ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, റഫീല എന്നിവർക്കും അവരുടെ കുട്ടികൾക്കും എന്ത് സംഭവിച്ചുവെന്ന് വിവരമില്ല. യുഎസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഭർത്താക്കന്മാർ കൊല്ലപ്പെട്ട ഇവർ 2019 ലാണ് അഫ്ഗാൻ സേനയ്ക്കു മുന്നിൽ കീഴടങ്ങിയത്. ഇസ്ലാമിക് രാജ്യം സ്ഥാപിക്കാനുള്ള പോരാട്ടത്തെ ഒറ്റുകൊടുത്തവർ എന്ന നിലയിലാകും താലിബാൻ ഭീകരർ ഇവരെ പരി​ഗണിക്കുക എന്നാണ് ഉയർന്നുവരുന്ന ചർച്ചകൾ.

യുദ്ധത്തിൽ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളായ മലയാളികളായ സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് അഫ്ഗാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഇന്ത്യൻ ഭരണകൂടം അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. നിലവിൽ ഇവർ അഫ്​ഗാനിസ്ഥാനിലെ ജയിലുകളിലാണ്.

2016-18 കാലയളവിൽ അഫ്ഗാനിസ്ഥാനിലെ നൻഗർഹറിലേക്ക് ഭർത്താക്കന്മാർക്കൊപ്പം എത്തിയവരാണ് ഇവർ നാലുപേരും. അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന വിവിധ ഏറ്റുമുട്ടലുകളിൽ വെച്ച് ഇവരുടെ ഭർത്താക്കന്മാർ കൊല്ലപ്പെടുകയായിരുന്നു. 2019 ഡിസംബറിലാണ് സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവർ അഫ്ഗാൻ പോലീസിന് കീഴടങ്ങുന്നത്. തുടർന്ന് ഇവരെ കാബൂളിലെ ജയിലിൽ തടവിൽ പാർപ്പിച്ചു.

13 രാജ്യങ്ങളിൽ നിന്നുളള ഇസ്ലാമിക് സ്റ്റേറ്റിലെ 408 അംഗങ്ങളെ തടവിൽ പാർപ്പിച്ചിട്ടുളളതായി നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി അഹമ്മദ് സിയ സരാജ് ഏപ്രിൽ 27ന് കാബൂളിൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. ഇതിൽ 4 ഇന്ത്യക്കാരും 16 ചൈനക്കാരും 299 പാകിസ്താനികളും രണ്ട് ബംഗ്ലാദേശികളും രണ്ട് മാലദ്വീപുകാരുമാണ് ഉളളത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരായുള്ള തടവുകാരെ അതത് രാജ്യങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിനായി 13 രാജ്യങ്ങളുമായി അഫ്ഗാൻ സർക്കാർ ചർച്ചകൾ നടത്തുന്നതായും അദ്ദേഹം അറിയിച്ചിരുന്നു.

2019 ഡിസംബറിൽ കാബൂളിൽ വെച്ച് ഇന്ത്യൻ അന്വേഷണ ഏജൻസികൾ കുട്ടികൾക്കൊപ്പം കഴിയുന്ന നാലുവനിതകളെയും കണ്ടിരുന്നു. എന്നാൽ ഇവരുമായി നടത്തിയ അഭിമുഖത്തിൽ നിന്ന് ഇവരും തീവ്രമൗലികവാദ നിലപാടുള്ളവരാണെന്ന് മനസ്സിലായെന്നും ഫ്രാൻസ് സ്വീകരിച്ച മാതൃകയിൽ ഇവരെ അവിടെ തന്നെ വിചാരണ ചെയ്യണം എന്നായിരുന്നു ഇന്ത്യൻ നിലപാട്. ഇന്ത്യയുടെ അഭ്യർഥന പ്രകാരം ഇന്റർപോൾ ഇവർക്കെതിരേ റെഡ് നോട്ടീസ് നൽകിയിരുന്നു.

2016 ജൂലായിലാണ് നിമിഷയെ കാണാതായത്. കാസർഗോഡുനിന്ന് ഐഎസിൽ ചേരാൻ അഫ്ഗാനിലേക്കു പോയ സംഘത്തിനൊപ്പമാണ് നിമിഷയും പോയത്. രണ്ടു വർഷങ്ങൾക്ക് മുൻപ് ഇവർ അമ്മ ബിന്ദുവുമായി സംസാരിച്ചിരുന്നു. പേരക്കുട്ടിയുടെ ചിത്രവും ഇരുവരും അയച്ചു നൽകിയിരുന്നു. കാസർഗോഡ് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിൽ അവസാനവർഷ ബിഡിഎസ് വിദ്യാർത്ഥിനിയായിരുന്ന നിമിഷ അവിടെ വെച്ച് സൗഹൃദത്തിലായ പാലക്കാട് സ്വദേശി ബെക്സൺ വിൻസെന്റിനെ വിവാഹം കഴിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ഇസ്ലാംമതം സ്വീകരിച്ച് ഐഎസിൽ ചേരുന്നതിനായി അഫ്ഗാനിലേക്ക് കടക്കുകയായിരുന്നു. ശ്രീലങ്കവഴിയാണ് ഇവരുൾപ്പെട്ട സംഘം അഫ്ഗാനിലേക്കു പോയത്.

അതേസമയം, 2016 മെയ് 31ന് ഭർത്താവായ അബ്ദുൾ റാഷിദ് അബ്ദുള്ളയ്ക്കൊപ്പം കാസർഗോഡ് സ്വദേശിനി സോണിയ സെബാസ്റ്റിയൻ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായി ഇന്ത്യ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. സോണിയയെ ഫോട്ടോ കണ്ട് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. സോണിയ എന്ന അയിഷയെ വിവാഹം ചെയ്ത ശേഷം കോഴിക്കോട് പീസ് ഇന്റർനാഷണൽ സ്‌കൂളിൽ അധ്യാപകനായി എത്തിയ റാഷിദ് സഹപ്രവർത്തകയായ യാസ്മിൻ എന്ന ബീഹാറി യുവതിയുമായി സൗഹൃദത്തിലായി. പിന്നീട് യാസ്മിനെ റാഷിദ് തന്റെ രണ്ടാം ഭാര്യയാക്കുകയും ചെയ്തു. 2016 മെയ് 31നാണ് മൂവരും മുംബൈ വഴി മസ്‌ക്കറ്റിലേക്കും അവിടന്ന് അഫ്ഗാനിസ്ഥാനിലേക്കും കടക്കുകയായിരുന്നു. രാജ്യം വിടുമ്പോൾ അയിഷ മൂന്ന് മാസം ഗർഭിണിയായിരുന്നു. പിന്നീട് അവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതായി വിവരം ലഭിച്ചിരുന്നു. ഐഎസിന്റെ സീക്രട്ട് ക്ലാസ്സ് എന്ന വിഭാഗത്തിലാണ് സോണിയയും ഭർത്താവ് റാഷിദ് അബ്ദുള്ളയും പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ജൂണിൽ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടതായി നാട്ടിലുള്ളവർക്ക് സന്ദേശം ലഭിച്ചിരുന്നു. എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലാണ് അയിഷയമുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close