വിദ്യാർത്ഥി നേതാവായി തുടങ്ങി ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായും പ്രസിഡന്റായും ലോക വൻ ശക്തിയായ അമേരിക്കയെ വിറപ്പിച്ച ക്യൂബൻ വിപ്ലവ നായകൻ ഫിദൽ കാസ്‌ട്രോയ്ക്ക് ഇന്ന് 95 -ആം ജന്മദിനം. സൈനിക വേഷങ്ങളണിഞ്ഞ് ഒതുക്കാത്ത താടിയും, ഭംഗിയുള്ള തൊപ്പിയും വെച്ച് അഞ്ചര പതിറ്റാണ്ട് കാലം ലോകത്ത് ഉജ്ജ്വല കാൽവെപ്പുകൾ നടത്തിയ ഇദ്ദേഹം തന്റെ വ്യക്തിപ്രഭാവം കൊണ്ട് ലോകത്തെ തന്നിലേക്ക് അടുപ്പിച്ചു. പൊരുതിനിന്ന കാലഘട്ടങ്ങളിൽ സോഷ്യലിസം, മാർക്സിസം, ലെനിനിസം എന്നീ പ്രത്യയശാസ്ത്രങ്ങളുടെ ജീവിച്ചിരുന്ന അടയാളമായി അദ്ദേഹം മാറി. പതിറ്റാണ്ടുകളോളം മുതലാളിത്ത ശക്തികൾ പരിശ്രമിച്ചിട്ടും കീഴടക്കാനാവാത്ത ഇദ്ദേഹം ചൂഷണത്തിനെതിരെ പോരാടുന്ന ലോകമെമ്പാടുമുള്ള വിപ്ലവകാരികൾക്ക് ഇന്നും ആവേശമാണ്. കാസ്ട്രോയുടെ 95-ാം ജന്മദിനത്തിൽ അദ്ദേഹത്തെക്കുറിച്ച് കൂടുതലറിയാം…
1926 ആഗസ്ത് 13ന് ക്യൂബയിലെ ഓറിയന്റെ പ്രവിശ്യയിലെ ബിറൻ എന്ന സ്ഥലത്താണ് ഫിഡൽ കാസ്ട്രോ ജനിച്ചത്. ഫിഡൽ അലെജാൻഡ്രോ കാസ്ട്രോ റൂസ് എന്നാണ് മുഴുവൻ പേര്. പിതാവ് ഏഞ്ചൽ കാസ്ട്രോ സ്പെയിൻകാരയിരുന്നു. മാതാവ് ക്യൂബക്കാരിയായ ലിനാറുസ് ഗോൺസാലസ്. കാസ്ട്രോയുടെ പ്രാഥമിക വിദ്യാഭ്യാസം സാന്റിയാഗോ ദെ ക്യൂബയിലെ കത്തോലിക്കാ സ്കൂളിലായിരുന്നു. ഹവാനയിലെ ബേലെൻ സ്കൂളിൽനിന്നു ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം നിയമപഠനത്തിനായി 1945ൽ ഹവാന യൂണിവേഴ്സിറ്റിയിൽ ചേർന്നു. 1950ൽ നിയമബിരുദം കരസ്ഥമാക്കിയതിനുശേഷം അഭിഭാഷകവൃത്തിയിലേർപ്പെട്ടെങ്കിലും രാഷ്ട്രീയത്തോടും വിപ്ലവപ്രവർത്തനങ്ങളോടുമായിരുന്നു കാസ്ട്രോക്ക് ആഭിമുഖ്യം.

പ്രസിഡന്റ് ബാറ്റിസ്റ്റയുടെ ദുർഭരണത്തെ ശക്തിയുക്തമായി വിമർശിച്ചുവന്ന സോഷ്യൽ ഡെമോക്രാറ്റിക് ഓർത്തഡോക്സ് പാർട്ടിയിൽ അംഗത്വം
നേടി. അട്ടിമറിയിലൂടെ അധികാരത്തിലേറിയ ബാറ്റിസ്റ്റയെ അംഗീകരിക്കാൻ കാസ്ട്രോ തയ്യാറായില്ല. ഇതിനെ തുടർന്ന് വിപ്ലവകാരികളെ സംഘടിപ്പിച്ച് 1953 ജൂലായ് 26ന് സാന്റിയാഗോ ദെ ക്യൂബയിലെ മൊങ്കാട സൈനികത്താവളം അദ്ദേഹം ആക്രമിച്ചു. ഈ ആക്രമണം ദയനീയമായി പരാജയപ്പെടുകയും വിപ്ലവകാരികളിൽ ഏറെപ്പേർ വധിക്കപ്പെടുകയും ചെയ്തു. പിടിക്കപ്പെട്ട കാസ്ട്രോയെ 15 വർഷത്തേയ്ക്കും സഹോദരൻ റൗളിനെ 13 വർഷത്തേയ്ക്കും തടവുശിക്ഷയ്ക്ക് വിധിച്ചു. ഈ കേസിന്റെ വിചാരണയ്ക്കിടെയാണ് ‘ചരിത്രം എന്നെ കുറ്റവിമുക്തനാക്കുമെന്ന വിഖ്യാതമായ പ്രസ്താവന അദ്ദേഹം നടത്തിയത്. മൊങ്കാടാ ആക്രമണം ഫലം കണ്ടില്ലെങ്കിലും ഇത് കാസ്ട്രോക്ക് വലിയ അംഗീകാരം നേടിക്കൊടുത്തു. 1955ൽ ഭരണകൂടം പൊതുമാപ്പ് നൽകിയതിനെ തുടർന്ന് കാസ്ട്രോയെയും സഹോദരനെയും വിട്ടയച്ചു.

ഇതിനുശേഷം മെക്സിക്കോയിൽ വെച്ചാണ് അദ്ദേഹം മൂവ്മെന്റ് എന്ന സംഘടനയ്ക് രൂപം നൽകിയത്. ക്യൂബയിലേക്ക് തിരിച്ചുപോയി സൈന്യത്തോട് ഏറ്റുമുട്ടിയയെങ്കിലും കഷ്ടിച്ചാണ് രക്ഷപെട്ടത്. 1959 -ൽ ബാരിസ്റ്റ പലായനം ചെയ്തതിനെ തുടർന്ന് അദ്ദേഹം അധികാരമേറ്റെടുക്കുകയായിരുന്നു.
1959 ഫിബ്രവരി 16 മുതൽ 1976 ഡിസംബർ രണ്ടുവരെ പ്രധാനമന്ത്രിയായും അതിനുശേഷം പ്രസിഡന്റായും അദ്ദേഹം ക്യൂബ ഭരിച്ചു. രാഷ്ട്രത്തിന്റെ സർവ്വസൈന്യാധിപനും കാസ്ട്രോയായിരുന്നു. 1961-ൽ താൻ മാർക്സിസ്റ്റ്- ലെനിനിസ്റ്റാണെന്നും ക്യൂബ കമ്യൂണിസം സ്വീകരിക്കുകയാണെന്നും അദ്ദേഹം കെന്നഡിക്ക് സോഷ്യലിസം ഇഷ്ടപ്പെടാത്തതുപോലെ തനിക്ക് സാമ്രാജ്യത്വത്തോടും മുതലാളിത്തത്തോടും പുച്ഛമാണെന്നും അദ്ദേഹം വിളിച്ചു പറഞ്ഞു.
എതിരാളികൾ കാസ്ട്രോയെ ഏകാധിപതിയെന്ന് വിളിച്ചെങ്കിലും അതൊന്നും ആ വിപ്ലവകാരിയുടെ വ്യക്തിപ്രഭാവത്തിന് മങ്ങലേൽപ്പിച്ചില്ല. എതിർപ്പുകളെ വെട്ടിമാറ്റി കാസ്ട്രോ ദ്വീപരാഷ്ട്രത്തെ മുന്നോട്ടു നയിച്ചു. ദേശസാത്കരണം, കാർഷിക പരിഷ്കരണ പരിപാടികൾക്ക് തുടക്കം ക്കുറിച്ചു. സാക്ഷരതാ നിരക്ക് 90 ശതമാനത്തിന് മേലെയുള്ള ക്യൂബയിൽ സൗജന്യ വൈദ്യസഹായവുമുണ്ട്. ശിശുമരണ നിരക്കും വളരെ കുറവാണ്. അനാരോഗ്യത്തെ തുടർന്ന് അധികാരം സഹോദരന് കൈമാറിയെങ്കിലും ക്യൂബയിൽ അദ്ദേഹം 1959 മുതൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവാണ്.
അരനൂറ്റാണ്ടത്തെ കാസ്ട്രോ ഭരണത്തിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതായി വിമർശകർ കുറ്റപ്പെടുത്തുന്നുണ്ട്.ക്യൂബയിലെ ജീവിതം മടുത്ത ആയിരക്കണക്കിനാളുകൾ കടൽവഴി അമേരിക്കയിലെ ഫ്ലോറിഡയിലേക്ക് പോയിരുന്നു. 1953ന് ശേഷം ക്യൂബയിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞുവന്നു. 1959-73 കാലത്ത് ആറ് ലക്ഷത്തോളം പേരാണ് ക്യൂബ വിട്ടുപോയത്.
കാസ്ട്രോയും ഉറ്റതോഴൻ ചെഗുവേരയും

അർജന്റീനയിൽ ജനിച്ച ഏണെസ്റ്റോ ചെ ഗുവേര ഫിഡൽ കാസ്ട്രോയുടെ ഉറ്റ ചങ്ങാതിയായിരുന്നു. 1954ൽ മെക്സിക്കോയിലെത്തിയ ചെ ഗുവേര അവിടെ രാഷ്ട്രീയത്തിലും തുടർന്നുള്ള ജീവിതത്തിലും അഭയം തേടിയിരുന്നത് കാസ്‌ട്രോയിലായിരുന്നു. താൻ തേടിക്കൊണ്ടിരുന്ന വിപ്ലവകാരി ഇദ്ദേഹമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് കാസ്ട്രോയുടെ മൂവ്മെന്റ് എന്ന സംഘടനയിൽ ചെഗുവേരയും ഭാഗമായി. വിപ്ലവാനന്തര ക്യൂബയിൽ കാസ്ട്രോക്ക് ശേഷം രണ്ടാമത്തെ നേതാവായി ചെ വാഴ്ത്തപ്പെട്ടു. ഏണെസ്റ്റോ ഗുവേരാ സെർണാ എന്നായിരുന്നു ഈ വിപ്ലവകാരിയുടെ ആദ്യ പേര്. 1959 ഫിബ്രവരി ഏഴിന് ക്യൂബയിലെ ഒരു പൂർണപൗരനായി പ്രഖ്യാപിച്ച ശേഷം കാസ്ട്രോയാണ് ‘ചെ’ എന്ന് പേരിനോട് കൂട്ടിച്ചേർത്ത് ചെഗുവേരയാക്കിയത്. ഉറ്റതോന്മാരായിരുന്നു ഇരുവരും. ഈ കൂട്ടുകെട്ടിനെ ഇന്നും ആരാധിക്കുന്ന ജനലക്ഷങ്ങളുണ്ട്.
ഫിദൽ കാസ്‌ട്രോയുടെ ജീവിതകഥ ‘മൈ ലൈഫ്’ എന്ന പുസ്തകമാക്കി പുറത്തിറക്കിട്ടുണ്ട്. ഇത് ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത് ഇഗ്നേഷ്യോ റമോണെറ്റ് എന്ന പത്രപ്രവർത്തകനായിരുന്നു. കാസ്‌ട്രോയുമൊത്ത് റമോണെറ്റ് രചിച്ച ‘മൈ ലൈഫ്’ 2006 ലാണ് പുറത്തിറങ്ങിയത്. രണ്ടു വർഷത്തിനു ശേഷം ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയും പുറത്തിറങ്ങി.