പ്രേമജയും സംഘവും ആളുകളെ പറ്റിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ വായ്പ തരപ്പെടുത്തി നല്‍കാം എന്ന് പറഞ്ഞ്; 30 ലക്ഷം രൂപ പ്രതീക്ഷിച്ച് ആദ്യമേ കമ്മീഷന് നല്കി കാത്തിരുന്നത് നിരവധി പേര്; കൊല്ലത്ത് പ്രധാനമന്ത്രിയുടെ പേരില്‍ തട്ടിപ്പു നടത്തിയ യുവതിയേയും സംഘത്തേയും പിടിക്കാന്‍ കഴിയാതെ പൊലീസും

പ്രധാനമന്ത്രിയുടെ പേരിലുളള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വായ്പ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയിരിക്കുകയാണ് കൊല്ലം കല്ലുവാതുക്കൽ സ്വദേശി പ്രേമജ. പ്രതിയുടെ പൂർണമായ വിവരങ്ങൾ ഇനിയും കിട്ടാതെ പോലീസ് നട്ടം തിരിയുന്നതിൽ നിന്നും വ്യക്തമാണ് കൃത്യമായ ആസൂത്രണത്തിലൂടെ തന്നെയാണ് പ്രതി തട്ടിപ്പിന് ഇറങ്ങിയതെന്ന്. കൂട്ടത്തിൽ സമാനമായ കുറ്റ കൃത്യങ്ങളിൽ മുമ്പും പങ്കെടുത്തതോടെ പ്രേമജക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി. സർക്കാർ സ്ഥാപനങ്ങളിൽ ഒരാവശ്യത്തിന് ചെന്നാൽ കുറെ നടക്കേണ്ടി വരുമെന്ന സാധാരണക്കാരുടെ ഭയത്തെയായിരുന്നു പ്രേമജ വിലയ്ക്ക് വാങ്ങിയത്. ഒരു നിശ്ചിത കമീഷൻ നൽകിയാൽ 30 ലക്ഷം വരെ എളുപ്പം വായ്പ വാങ്ങി നൽകാമെന്ന വാഗ്ദാനത്തിൽ കുടുങ്ങിയത് നിരവധി സ്ത്രീകളായിരുന്നു. എല്ലാവരുടെയും വിശ്വാസ്യത പിടിച്ചു പറ്റാൻ സമയാസമയങ്ങളിൽ കൂട്ടു പ്രതികളെ എത്തിച്ചതോടെ എല്ലാവരും കണ്ണടച്ചു വിശ്വസിച്ചു.
പ്രതികളെ ഇനിയും പിടികൂടാനാകാതെ നട്ടം തിരിയുകയാണ് പോലീസ് ഉദ്യോഗസ്ഥർ. വായ്പാതട്ടിപ്പിൽ മുഖ്യപ്രതി പ്രേമജ ഉൾപ്പെടെ മൊത്തം 4 പ്രതികളാണ് ഉള്ളത്. പ്രതികളുടെ പേര് വിവരങ്ങളല്ലാതെ മറ്റു വിവരങ്ങളൊന്നും ഇനിയും പൊലീസിന് ലഭ്യമായിട്ടില്ല. യോഗേഷ്, സജു , ചാത്തന്നൂർ ഗുഡ് മോർണിംഗ് എന്റർപ്രൈസ് നടത്തുന്ന മറ്റൊരു വ്യക്തി എന്നിവരാണ് കൂട്ടു പ്രതികൾ.
സാമ്പത്തിക ഇടപാടുകൾ എല്ലാം തന്നെ നടന്നിരിക്കുന്നത് പ്രേമജ മുഖേനെയാണ്. മറ്റു പ്രതികൾക്ക് സാമ്പത്തിക തട്ടിപ്പിൽ നേരിട്ട് ബന്ധമില്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വ്യക്തമായ ആസൂത്രണത്തോടെയാണ് പ്രേമജ തട്ടിപ്പിന് വലവിരിച്ചത്. യോഗേഷ് എന്ന വ്യക്തിയെ ആളുകളുടെ മുന്നിലെക്ക് പ്രേമജ എത്തിച്ചത് പ്രൊജക്റ്റ് ഡിസൈനർ എന്ന വ്യാജേന ആയിരുന്നു. ഒടുവിൽ യോഗേഷിനെയും പണം നൽകാതെ പറ്റിച്ചെന്നാണ് അറിയാൻ കഴിഞ്ഞത്. മറ്റു രണ്ട്പേരെയും ആളുകളെ പരിചയപ്പെടുത്തിയത് ലോൺ നൽകുന്ന തയ്യൽ മെഷീനും മറ്റും ക്വട്ടേഷൻ എടുത്തവരായും. ഇങ്ങനെ പോകുന്നു പ്രേമജയുടെ തട്ടിപ്പിന്റെ വ്യക്തമായ ആസൂത്രണം. ആളുകൾക്ക് യാതൊരു സമാഷായവും തോന്നാതിരിക്കാനും അവരുടെ വിശ്വാസ്യത ഉറപ്പ് വരുത്താനും ഇവരെ ഓരോരുത്തരെയും പ്രതി തന്ത്രപൂർവം ഉപയോഗിക്കുകയായിരുന്നു. പ്രധാനമന്ത്രി വായ്പ തട്ടിപ്പിൽ മറ്റു മൂന്നു പ്രതികളുടെ പങ്കാളിത്തത്തിൽ ഇനിയും വ്യക്തതയില്ല. മനഃപൂർവം തട്ടിപ്പിന്റെ ഭാഗമായതെന്നോ അവരും പെട്ട് പോയതെന്നോ എന്ന സംശയവും പോലീസ് തള്ളിക്കളയുന്നില്ല. എല്ലാവരും വീട്ടിൽ ഇല്ലാത്തതിനാൽ അറസ്റ്റ് രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല.
പ്രേമജക്ക് ഏകദേശം 40 വയസ്സ് പ്രായം കാണുമെന്നാണ് പോലീസ് പറയുന്നത്. തട്ടിപ്പ് പ്രേമജയെ സംബന്ധിച്ചെടുത്തോളം സ്ഥിരം തൊഴിലാണ്. ഇതിനു മുമ്പും പ്രതിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പല കേസുകളും ജയിൽ വാസം അനുഭവിച്ച ആളുമാണ് പ്രേമജ. തട്ടിപ്പിൽ പ്രാവീണ്യം നേടിയതുകൊണ്ട് തന്നെയാണ് അതിവിദഗ്ധമായി ലക്ഷങ്ങൾ തട്ടിയിട്ടും പൊലീസിന് പ്രേമജയുടെ കൂടുതൽ വിവരങ്ങൾ ഇനിയും കണ്ടെത്താൻ കഴിയാതെ പോകുന്നത്. വ്യക്തിപരമായ വിവരങ്ങളൊന്നും കൂടുതലായി അവശേഷിപ്പിക്കാതെ തന്നെയാണ് പ്രതി ഒളിവിൽ പോയതും.
ഒരാളുടെ മൊഴിയിലാണ് കേസ് എടുത്തിരിക്കുന്നത്. നിലവിൽ പന്ത്രണ്ടോളം പേർ സ്റ്റേഷനിൽ നേരിട്ടെത്തി. പലരും വഞ്ചിക്കപ്പെട്ടത് പണം നേരിട്ട് കൈയിൽ കൊടുത്തു കൊണ്ടായിരുന്നു. അതുകൊണ്ട് തന്നെ തെളിവുകളിലില്ല. ബാങ്ക് വഴി ആയിരുന്നു പണം കൈമാറിയതെങ്കിൽ അത് തെളിവായി നിലനിൽക്കുമായിരുന്നു. ഓരോരുത്തരുടെയും കൈയിൽ നിന്ന് ഒന്നേക്കാൽ ലക്ഷം വാങ്ങിയിട്ടുണ്ട്, 12 ലക്ഷത്തോളം തുക തട്ടിച്ചതായാണ് പ്രാഥമിക വിവരം. കൂടുതൽ ആളുകളും പരാതിയുമായി വന്നേക്കാം.
ഇടനിലക്കാരുടെ ആവശ്യമൊന്നും തന്നെയില്ലാതെ പിഎംഇജിപി പദ്ധതിയുടെ ഭാഗമാകാം. കൊല്ലം ഖാദി ബോർഡ് ഓഫീസിനെ സമീപിക്കേണ്ട കാര്യത്തിനാണ് ഇടനിലക്കാരി ചമഞ്ഞ് പ്രേമജ രംഗപ്രവേശം ചെയ്യുന്നത്. നേരിട്ട് പോയ് മെനക്കെടാൻ വയ്യാത്തതിനാൽ ആയിരിക്കാം ആളുകൾ ഇവരുടെ തട്ടിപ്പിന് ഇരയായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആളുകളുടെ മുന്നിൽ മോഹന വാഗ്ദാനങ്ങളുമാണ് പ്രേമജ അവതരിപ്പിച്ചത്. നിങ്ങൾ ഒന്നും അറിയണ്ട 30 ലക്ഷം രൂപവരെ വാങ്ങി തരാം എന്നായിരുന്നു പ്രേമജയുടെ വാക്ക്. കമീഷൻ തന്നാൽ മതിയെന്ന് പറഞ്ഞ് നിരവധി സ്ത്രീകളെ പ്രേമജ വലയിലാക്കി.
30 ലക്ഷം രൂപവരെ ഇന്ന് കിട്ടും നാളെ കിട്ടും എന്ന് പറഞ്ഞ ലക്ഷങ്ങളാണ് സ്ത്രീകൾ പ്രേമജക്ക് നൽകി പോന്നത്. വായ്പ ലഭിക്കുന്നുമില്ലെന്ന് കണ്ട് നേരിട്ട് പോയ് അന്വേഷിച്ചപ്പോഴാണ് ഇവരുടെ ആരുടെ പേരിലും അവിടെ അപേക്ഷകൾ എത്തിയിട്ടില്ലെന്ന് അധികൃതർ അറിയിക്കുന്നത്. പ്രേമജയെ വിശ്വസിച്ച് പണം നൽകിയവർ അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ നിങ്ങൾക്കെന്നെ സംശയം ആണെകിൽ നേരിട്ട് ചെന്ന് ലോൺ വാങ്ങു ഞാൻ ആർക്കും ലോൺ വാങ്ങി തരുന്നില്ല എന്നായി മറുപടി. കഴിഞ്ഞ വർഷം അവസാന മാസങ്ങളിലായിരുന്നു തട്ടിപ്പ്. ജനുവരി 21 ന് ആയിരുന്നു പോലീസ് കേസെടുത്തത്.
സ്ത്രീകളടക്കമുളളവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. നാല്‍പ്പതിനായിരം രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് യുവതി സാധാരണക്കാരെ പറ്റിച്ച് തട്ടിയെടുത്തത്. തട്ടിപ്പ് മനസിലാക്കി പണം നൽകിയവർ പ്രേമജയുടെ വീട്ടിലെത്തിയപ്പോൾ ഭീഷണിപ്പെടുത്തി മടക്കി അയച്ചെന്നും പരാതിയുണ്ട്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി കാത്തിരിക്കുകയാണ് പണം നഷ്ടപ്പെട്ടവർ.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..