KERALANEWSTop News

മത്സ്യത്തൊഴിലാളിക്ക് നേരെ വീണ്ടും പോലീസ് ആക്രമണം; കരമനയില്‍ വയോധിക വില്‍പ്പനയ്ക്കു വച്ച മീൻ തട്ടിത്തെറിപ്പിച്ചതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ വഴിയോരത്ത് വില്‍പ്പനയ്ക്ക് വെച്ച വയോധികയുടെ മീന്‍ പോലീസ് തട്ടിത്തെറിപ്പിച്ചതായി പരാതി. മീന്‍ വില്‍ക്കാന്‍ പാടില്ലെന്ന് പറഞ്ഞ് കരമന പോലീസ് സ്‌റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ മീന്‍ റോഡിലേക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. ആറ്റിങ്ങലിൽ അഞ്ചുതെങ്ങ് സ്വദേശി അൽഫോൺസയുടെ മീൻ കുട്ട തട്ടിത്തെറിപ്പിച്ച സംഭവം കെട്ടടങ്ങും മുന്നെയാണ് അടുത്ത വിവാദം.

ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കരമന പാലത്തിന് സമീപം മത്സ്യം വില്‍ക്കുകയായിരുന്ന പുഷ്പത്തോട് ഇതുവഴി വന്ന രണ്ട് പോലീസുകാര്‍ ഇവിടെനിന്നും മാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മാറാന്‍ കഴിയില്ലെന്നും ഉപജീവന മാര്‍ഗം തടസപ്പെടുത്തരുതെന്നും പുഷ്പം പോലീസിനോട് അഭ്യര്‍ഥിച്ചു. ഇതില്‍ പ്രകോപിതരായ പോലീസ് ഉദ്യോഗസ്ഥര്‍ മീന്‍കുട്ട റോഡിലേക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന് പുഷ്പം ആരോപിച്ചു.

സംഭവ സ്ഥലത്ത് തടിച്ചൂകൂടിയ നാട്ടുകാര്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. ഇത് ഗതാഗതതടസത്തിനും വഴിവെച്ചു. ഇതോടെ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. ഉത്തരവാദികള്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് പോലീസ് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

അതേസമയം തങ്ങളല്ല മീൻ കുട്ട തട്ടിത്തെറിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ഇതോടെ ആരോപണത്തിൽ വ്യക്തത വരുത്താനാകുമെന്നാണ് കരുതുന്നത്.

ദിവസങ്ങൾക്ക് മുമ്പാണ് ആറ്റിങ്ങലിൽ മീൻ വിൽപ്പന നടത്തിയിരുന്ന അഞ്ചുതെങ്ങ് സ്വദേശിയായ അൽഫോൺസയുടെ മീൻ കുട്ട നഗരസഭാ ജീവനക്കാർ തട്ടിത്തെറിപ്പിച്ചത്. സംഭവം വിവാദമായതോടെ ജീവനക്കാരെ സസ്പെന്റ് ചെയ്തു. ഇതിന് പിന്നാലെ പ്രതിഷേധങ്ങളും സമരങ്ങളുമുണ്ടായി. മന്ത്രിമാരായ ആന്റണി രാജുവും വി ശിവൻ കുട്ടിയും നേരിട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് ആക്ഷൻ കൌൺസിൽ സമരം പിൻവലിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close