
ആർത്തവസംബന്ധമായ പ്രശ്നങ്ങളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടാറുള്ളത് ആർത്തവസമയത്തെ വേദനയാണ്. ഇതൊഴിവാക്കാനായി പെയിൻ കില്ലേഴ്സിൽ അഭയം തേടുന്നവരാണ് മിക്ക സ്ത്രീകളും. എന്നാൽ ജീവിതരീതികളിൽ തന്നെ ചിലത് ശ്രദ്ധിക്കുന്നതിലൂടെ ഒരു പരിധി വരെ ആർത്തവ വേദന കുറയ്ക്കാനാകും.
ജീവിതരീതികൾ മെച്ചപ്പെടുത്തുന്നതിൽ തന്നെ ഡയറ്റിലും ചില കാര്യങ്ങൾ കരുതാം. വേദന കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളുണ്ട്. അവ കഴിക്കുന്നതിലൂടെ ആർത്തവസമയത്തെ അസ്വസ്ഥതകൾക്ക് ആശ്വാസം ലഭിച്ചേക്കാം. അങ്ങനെ നിർബന്ധമായും സ്ത്രീകള് കഴിക്കേണ്ട അഞ്ച് ആഹാരങ്ങളെ പരിചയപ്പെടാം.
ഈ പട്ടികയിൽ ആദ്യം വരുന്നത് ഭക്ഷണമല്ല. മറിച്ച് വെള്ളമാണ്. വെറും വെള്ളം കൊണ്ട് എന്ത് പ്രയോജനമെന്ന് ചിന്തിക്കല്ലേ. ധാരാളം വെള്ളം കുടിക്കുന്നത് ആർത്തവസമയത്തെ വേദന കുറയ്ക്കാനും അസ്വസ്ഥതകളില്ലാതാക്കാനും സഹായിക്കും. വെള്ളത്തിന് പുറമെ ഇളനീർ, പച്ചക്കറി ജ്യൂസുകൾ, മോര് എന്നിവയും കഴിക്കാം.
കട്ടത്തൈര് കഴിക്കുന്നത് ആർത്തവവസംബന്ധമായ വേദനയ്ക്ക് ആക്കം നൽകാം. കാത്സ്യത്തിൻറെയും പ്രോട്ടീൻറെയും നല്ലൊരു കലവറയാണ് കട്ടത്തൈര്. ഇത് പേശികളെ അയച്ചുകൊടുക്കാനും ആർത്തവത്തിന് മുന്നോടിയായ അസ്വസ്ഥതകളെ കുറയ്ക്കാനുമെല്ലാം സഹായിക്കും. കട്ടത്തൈര് അല്ലെങ്കിൽ മോര്, സ്മൂത്തീ എന്നിവയും കഴിക്കാവുന്നതാണ്.
ആർത്തവസംബന്ധമായ പ്രശ്നങ്ങളിൽ ആശ്വാസം ലഭിക്കാൻ നട്ട്സും സീഡ്സും കഴിക്കുന്നത് നല്ലതാണ്. ഇവയ്ക്ക് പൊതുവിൽ തന്നെ ഏറെ ആരോഗ്യഗുണങ്ങളുണ്ട്. അതുപോലെ ഇവയിലടങ്ങിയിരിക്കുന്ന ഒമോഗ- 3 ഫാറ്റി ആസിഡും പ്രോട്ടീനുമെല്ലാം മറ്റ് അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നു. അതുവഴി വയറിന് ഏറെ ആശ്വാസം ലഭിച്ചേക്കാം.
നേന്ത്രപ്പഴം കഴിക്കുന്നതും ആർത്തവസമയത്തെ ബുദ്ധിമുട്ടുകൾക്ക് ആശ്വാസം നൽകും. ആർത്തവത്തോട് അനുബന്ധിച്ചുള്ള ‘മൂഡ് സ്വിംഗ്സ്’ പരിഹരിക്കാനാണ് ഇത് ഏറെയും സഹായകമാവുക.
പയർവർഗങ്ങൾ കാര്യമായി കഴിക്കുന്നതും ആർത്തവസമയത്തെ പ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നതാണ്. അയേണിനാലും പ്രോട്ടീനിനാലും സമ്പന്നമാണ് പയറുവർഗങ്ങൾ. ഇത് രക്തയോട്ടം സുഗമമായി നടക്കാൻ സഹായിക്കും. അതുപോലെ പയറുവർഗങ്ങളിലടങ്ങിയിരിക്കുന്ന സിങ്ക് വേദന കുറയ്ക്കാനും സഹായകമാണ്.