MoviesTrending

” മോഹന്‍ലാല്‍ എന്ന ബിസിനസുകാരന്‍ വളരുകയാണ് “; മരക്കാര്‍ ഒടിടി റിലീസിനെതിരെ ആഞ്ഞടിച്ച് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍

കൊച്ചി: കോവിഡ് മഹാമാരിയുടെ കടന്നു വരവിനിടയിൽപ്പെട്ട് മലയാളിക്ക് നഷ്ടമായ തിയറ്റർ അനുഭവം തിരിച്ചു വരികയാണ്. ഇപ്പോഴിതാ ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് തിയറ്ററുകൾ സജീവമാകുമ്പോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. എന്നാൽ ചിത്രമിപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ട്. എന്നാൽ ഈ വിഷയത്തിൽ രൂക്ഷമായ വിമർശനവുമായി എത്തിയിരിക്കുകയാണ് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍. മോഹന്‍ലാല്‍ എന്ന ബിസിനസുകാരനാണ് തീരുമാനത്തിന് പിന്നിലെന്ന് വിജയകുമാര്‍ പറഞ്ഞു.

‘മരക്കാര്‍ എന്ന ചിത്രത്തിന്റെ പിന്നില്‍ സാമ്പത്തിക കാര്യങ്ങള്‍ മാത്രമല്ല ഉള്ളത്. ആന്റണി എന്ന ബിസിനസുകാരന്‍ മാത്രമല്ല അതിന്റെ പിന്നിലുളളത്. മോഹന്‍ലാല്‍ എന്ന ഒരു കലാകാരനുണ്ട്. പ്രതിഭാധനനായ ഒരു സംവിധായകനുണ്ട്. അതിന്റെ അണിയറയിലും അരങ്ങിലും ഒരുപാട് വ്യക്തിത്വങ്ങളുണ്ട്. ഇവരുടെയൊക്കെ മുഖങ്ങളും പ്രകടനങ്ങളും ബിഗ് സ്‌ക്രീനില്‍ കാണണോ മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ കാണണോ എന്ന് അവര്‍ തീരുമാനിക്കണം. മോഹന്‍ലാല്‍ എന്ന വലിയ നടന്‍ അദ്ദേഹത്തിന്റെ വിസ്മയകരമായ പ്രകടനം മൊബൈലിലൂടെ ആരാധകര്‍ കാണുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.’

‘മോഹന്‍ലാല്‍ എതിര്‍ക്കാത്തതിന്റെ കാരണം മോഹന്‍ലാല്‍ കലാകാരന്‍ എന്നതിനെക്കാള്‍ ഉപരിയായി ബിസിനസുകാരനായി എന്നതാണ്. മോഹന്‍ലാല്‍ എന്ന ബിസിനസുകാരന്‍ വളരുകയാണ്. 2019 ഡിസംബറില്‍ സൂഫിയും സുജാതയും ഒടിടിയില്‍ പോയപ്പോള്‍, സിനിമ എന്നത് തിയേറ്ററുകളില്‍ കാണാനുള്ളതാണെന്ന് മോാഹന്‍ലാല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒടിടിക്കെതിരെ അന്ന് ശബ്ദം ഉയര്‍ത്തിയ സിനിമാതാരം മോഹന്‍ലാലാണ്. സിനിമ തിയേറ്ററുകള്‍ക്ക് ഉള്ളതാണെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. എന്നാണ് ഈ അഭിപ്രായം തിരിഞ്ഞത്. ഞങ്ങളുമായി ഇടപാട് നടന്നിട്ടുണ്ടെന്ന് ആമസോണിനെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അഡ്വാന്‍സ് തിരിച്ചുകൊടുത്തത്. തിയേറ്റര്‍ ഉടമകള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വഞ്ചിക്കപ്പെടുകയാണ്.’ – വിജയകുമാര്‍ പറഞ്ഞു.

മരക്കാര്‍ ഒടിടി റിലീസിനൊരുങ്ങുകയാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളെ അറിയിച്ചതിന് പിന്നാലെയാണ് പ്രതികരണം. മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഓടിടി റിലീസിനൊരുങ്ങുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആമസോൺ പ്രൈമുമായി അണിയറ പ്രവർത്തകരുടെ ചർച്ച പുരോഗമിക്കുന്നു. സിനിമ പ്രദർശനത്തിന് ഇനിയും കാത്തിരിക്കാൻ സാധിക്കില്ലെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. മരയ്ക്കാറിന് മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ സർക്കാർ നിർദ്ദേശം അനുസരിച്ച്‌ 50 ശതമാനം ആളുകളെ മാത്രമാണ് തീയറ്ററുകളിൽ പ്രവേശിപ്പിക്കാൻ കഴിയുന്നത്. ഈ സാഹചര്യത്തിൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ലന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

തീയറ്റർ അല്ലെങ്കിൽ ഓടിടി. ഇനിയും കാത്തിരിക്കാനാകില്ല. അനുകൂല സാഹചര്യമൊരുക്കിയാൽ തീയറ്ററുകളിൽ റിലീസ് ചെയ്യും. ഇല്ലെങ്കിൽ മറ്റുവഴികളെക്കുറിച്ച്‌ ആലോചിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close