NEWSTop NewsWORLD

ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽനിന്നുള്ളവർക്ക് യുഎഇ പ്രവേശനം; എത്തിഹാദ് എയർവെയ്‌സും എമിറേറ്റ്‌സും ബുക്കിങ് ആരംഭിച്ചു; പ്രവേശനാനുമതി ഓഗസ്റ്റ് അഞ്ചു മുതൽ

കൊച്ചി: യാത്രാവിലക്കിൽ യുഎഇ ഇളവ് വരുത്തിയതോടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് പ്രമുഖ വിമാനക്കമ്പനികൾ. യുഎഇയിലെ വിമാനക്കമ്പനികളായ എത്തിഹാദ് എയർവെയ്‌സും എമിറേറ്റ്‌സുമാണു ബുക്കിങ് ആരംഭിച്ചത്. യുഎയിൽ റെസിഡൻസി പെർമിറ്റുള്ളവർക്കും യുഎയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കുമാണ് പുതിയ ഇളവ് പ്രകാരം ഇന്ത്യയിൽ നിന്ന് യാത്രാ അനുമതി ലഭിച്ചിട്ടുള്ളത്.

അബുദാബി ആസ്ഥാനമായ എത്തിഹാദ് എയർവെയ്‌സ് ഓഗസ്റ്റ് 18 മുതലുള്ള ടിക്കറ്റുകളാണ് വെബ്‌സൈറ്റിൽ കാണിക്കുന്നത്. കൊച്ചിയിൽനിന്ന് അബുദാബിയിലേക്ക് ഇക്കണോമി ക്ലാസിനു 18,19 തിയതികളിൽ 70,684 രൂപയും 20,21,22 തിയതികളിൽ 71,860 രൂപയും 25 മുതൽ 30 വരെ 51,878 രൂപയുമാണ് നിലവിൽ വെബ്‌സൈറ്റിൽ കാണിക്കുന്ന നിരക്ക്. സെപ്റ്റംബർ അവസാനം ആകുമ്പോഴേക്കും ടിക്കറ്റ് നിരക്ക് കോവിഡിനു മുന്പുളള നിരക്കിൽ എത്തുന്നതായാണു കാണിക്കുന്നത്.

എമിറേറ്റ്‌സ് ഓഗസ്റ്റ് ഒൻപതു മുതലാണു ടിക്കറ്റ് ബുക്കിങ് കാണിക്കുന്നത്. ഒൻപത്, 10,11 തിയതികളിൽ കൊച്ചിയിൽനിന്ന് ദുബായിലേക്ക് ഇക്കോണമി ക്ലാസിന് 1,31,120 രൂപയാണു നിലവിലെ നിരക്ക്. 15ന് 92,749 രൂപയും 16നു 89,837 രൂപയിലുമെത്തുന്ന നിരക്ക് 23 മുതൽ 25 വരെ വീണ്ടും ഒരു ലക്ഷം കടക്കും. 26നു 61,750 രൂപയിലെത്തി മാസാവസനാത്തോടെ മുപ്പതിനായിരത്തിനു താഴെയായും സെപ്റ്റംബർ 20 മുതൽ പതിനായിരത്തിനു താഴെയായും ടിക്കറ്റ് വില കുറയുന്നുണ്ട്.

എയർ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് സംബന്ധിച്ച് ഇന്നു രാത്രിയോടെ വ്യക്തതയുണ്ടാവുമെന്നാണു ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്നുള്ള വിവരം. ഇന്ത്യയിലെ മറ്റു സ്വകാര്യ എയർലൈൻസുകളുടെ ഈ സെക്ടറിലേക്കുള്ള ടിക്കറ്റ് ബുക്കിങ് സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും വന്നിട്ടില്ല.യുഎഇയിൽനിന്ന് കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും എടുത്ത ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് ഓഗസ്റ്റ് അഞ്ചു മുതൽ യുഎഇ പ്രവേശനം അനുവദിക്കുന്നത്. കഴിഞ്ഞവർഷം നവംബർ മുതൽ യുഎഇയിൽ കോവിഡ് പ്രതിരോധ വാക്‌സിൻ നൽകിയിരുന്നു. അവിടെനിന്ന് വാക്‌സിന്റെ രണ്ടു ഡോസും എടുത്ത് ഡിസംബർ-ജനുവരി മുതൽ ആയിരക്കണക്കിനു പ്രവാസികളാണ് ഇന്ത്യയിലേക്ക് അവധിക്കു വന്നത്. എന്നാൽ, കോവിഡ് രണ്ടാം തരംഗം രൂക്ഷായതോടെ ഏപ്രിൽ 24 മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യു.എ.ഇജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി വിലക്കേർപ്പെടുത്തി. ഇതോടെ ഭൂരിഭാഗം പേർക്കും തിരിച്ചുപോകാൻ കഴിയാതെയായി.

ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടെ യാത്രാവിലക്ക് ആണ് നീങ്ങിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ ചില പ്രത്യേക തൊഴിൽ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന വാക്‌സിൻ എടുക്കാത്തവർക്കും വ്യാഴാഴ്ച മുതൽ തിരിച്ചുപോകാൻ കഴിയും.

ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ, യുഎഇയിലെ സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റിയിലും ജോലി ചെയ്യുന്ന അധ്യാപകർ, വിദ്യാർത്ഥികൾ, യുഎഇയിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള ചികിത്സകൾ സ്വീകരിക്കേണ്ടവർ, സർക്കാർ ഏജൻസികളിലോ ഫെഡറൽ ഏജൻസികളിലോ ജോലി ചെയ്യുന്നവർ എന്നിവർക്കാണ് വാക്‌സിൻ എടുത്തിട്ടില്ലാത്ത സാഹചര്യത്തിലും യാത്ര ചെയ്യാനാവുക.

ഈ വിഭാഗത്തിലുള്ളവുടെ കൈവശം യാത്രാ തിയതിയുടെ 48 മണിക്കൂറിനുള്ളിൽ നേടിയ പിസിആർ നെഗറ്റീവ് പരിശോധനഫലമുണ്ടാകണം. ഇതുകൂടാതെ വിമാനത്തിൽ കയറുന്നതിനു മുൻപായി റാപ്പിഡ് ടെസ്റ്റ് എടുക്കുകയും നിർദേശിച്ചുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും യുഎഇയിൽ എത്തിയശേഷം പിസിആർ ടെസ്റ്റിനു വിധേയമാകുകയും ക്വാറന്റൈൻ പൂർത്തിയാക്കുകയും വേണം.

യാത്രാനുമതിയ്ക്കായി ഫെഡറൽ ഇമിഗ്രേഷൻ ഡിപ്പാർടന്റ്, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് എന്നിവയുടെ വെബ്‌സൈറ്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close