INDIANEWS

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനിറങ്ങി കുടുങ്ങി; മധ്യപ്രദേശ്‌ ആഭ്യന്തരമന്ത്രിയെ രക്ഷിക്കാന്‍ ഒടുവില്‍ വ്യോമസേന തന്നെ രംഗത്ത്‌ ഇറങ്ങേണ്ടി വന്നു; ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍

ഭോപ്പാല്‍: വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ കുടുങ്ങിപ്പോയ മന്ത്രിയെ വ്യോമസേന ഹെലികോപ്‌ടറില്‍ രക്ഷപ്പെടുത്തി. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കാനായി മധ്യപ്രദേശ്‌ ആഭ്യന്തരമന്ത്രി നരോത്തം മിശ്ര സഞ്ചരിച്ചിരുന്ന ബോട്ടിന്‌ മുകളില്‍ മരം വീണ്‌ കേടു വന്നതോടെയാണ്‌ വ്യോമസേന രക്ഷയ്‌ക്ക്‌ എത്തിയത്‌.

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെയെല്ലാം വ്യോമമാര്‍ഗം രക്ഷപ്പെടുത്തിയെന്ന്‌ ഉറപ്പാക്കിയ ശേഷമാണ്‌ അദ്ദേഹം വ്യോമസേനയുടെ ഹെലികോപ്‌ടറില്‍ കയറാന്‍ സന്നദ്ധനായത്‌.അദ്ദേഹത്തെ വ്യോമസേന രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.

മിശ്ര നിരവധി ഗ്രാമങ്ങളില്‍ നേരിട്ടെത്തി വെള്ളപ്പൊക്ക കെടുതികള്‍ വിലയിരുത്തുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുകയും ചെയ്‌തിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ദാന്തിയ ജില്ലയിലാണ്‌ മഴ ഏറ്റവും കുൂടുതല്‍ നാശം വിതച്ചിരിക്കുന്നത്‌. അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലവും ഈ ജില്ലയില്‍ തന്നെയാണ്‌.

മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ചൗഹാനും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ജില്ലയിലെ രണ്ട്‌ പാലങ്ങള്‍ വെള്ളപ്പൊക്കത്തില്‍ പൂര്‍ണമായും തകര്‍ന്നു. ദേശീയപാത മൂന്നിലെ ഒരു പാലത്തില്‍ വിള്ളലുണ്ടായതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തി വച്ചു.

അതേസമയം ആഭ്യന്തരമന്ത്രിയുടെ ചെയ്‌തികള്‍ക്കെതിരെ കോണ്‍ഗ്രസ്‌ രംഗത്ത്‌ എത്തിയിട്ടുണ്ട്‌. ഇതൊരു പ്രചാരണ തന്ത്രമാണെന്നും പേര്‌ നേടാന്‍ വേണ്ടിയുള്ള കാട്ടിക്കൂട്ടലാണെന്നുമാണ്‌ കോണ്‍ഗ്രസിന്റെ വാദം. ഇത്തരത്തില്‍ ഒരു സ്‌പൈഡര്‍മാനെ പോലെ ആഭ്യന്തരമന്ത്രി കാട്ടിക്കൂട്ടിയത്‌ അദ്ദേഹത്തിന്റെ ജീവന്‌ തന്നെ ഭീഷണി ഉയര്‍ത്തുമെന്നും കോണ്‍ഗ്രസ്‌ ആരോപിച്ചു. ഇതിന്‌ പുറമെ അദ്ദേഹത്തൊപ്പമുണ്ടായിരുന്നവര്‍ക്കും വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്കും ഇത്‌ അപകടകരം തന്നെയാണ്‌. ഇത്തരം വസ്‌തുതകള്‍ തെറ്റായി പ്രചരിക്കപ്പെടുകയാണെന്നും കോണ്‍ഗ്രസ്‌ നേതാവ്‌ ഭൂപേന്ദ്ര ഗുപ്‌ത പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close