INSIGHT

ഫോക്‌ലോർ: അറിവുകളുടെ അക്ഷയപാത്രം, ഇന്ന് ലോക നാട്ടറിവ് ദിനം

നാട്ടറിവിന്റെ അഥവാ ഫോക്‌ലോറിന്റെ വലിയൊരു ശേഖരം സ്വന്തമായുള്ളവരാണ് നമ്മൾ. എന്നാൽ, അതിന്റെ വൈവിധ്യത്തെ നമ്മളിൽ എത്ര പേർ മനസ്സിലാക്കിയിട്ടുണ്ട് എന്നത് സംശയമാണ്. ഇന്ന് ഓഗസ്റ്റ് 22, ലോക ഫോക്‌ലോർ ദിനത്തിൽ നമ്മുടെ നാടാറിവുകളുടെ സമൃദ്ധിയെ കുറിച്ചൊന്ന് നോക്കാം.

ആദ്യം തന്നെ ഫോക്‌ലോർ എന്ന പദത്തിന്റെ ആശയം മനസിലാക്കാം. ഫോക്, ലോർ എന്നീ രണ്ട് പദങ്ങൾ കൂടിച്ചേർന്നുണ്ടായ വാക്കാണ് അത്. ഫോക് എന്നാൽ ഗ്രാമീണൻ, കൃഷീവലൻ എന്നൊക്കെയാണ് അർത്ഥം. ലോർ എന്ന പദം അറിവ്, പരമ്പര്യവിജ്ഞാനം എന്നിവയെ സൂചിപ്പിക്കുന്നു. ഇതിനാൽ കാർഷികസമൂഹത്തിന്റെ പാരമ്പര്യ വിജ്ഞാനമാണ് ഫോക്‌ലോർ എന്ന് പൊതുവെ നിർവചിക്കാം. അതിനാൽ ഫോക്‌ലോറിനെ നാട്ടറിവ് എന്നും വിശേഷിപ്പിക്കാം.

ഗ്രാമീണ ജനതയുടെ ജീവിതരീതി, കലാപൈതൃകം, ആചാരവിശ്വാസങ്ങൾ തുടങ്ങി നമ്മുടെ സാംസ്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവിൽ പെടുന്നു. ഇന്ന് ‘ഫോക്‌ലോർ’ എന്നത് ലോകത്ത് എവിടെയും പ്രധാനമായി പഠിക്കപ്പെടുന്ന വിഷയമാണ്. അതിന്റെ വ്യാപ്തി ഓരോ നാൾ ചെല്ലുമ്പോഴും കൂടുന്നു. ഓരോ നാടിനും അവരവരുടേതായ ഫോക്‌ലോർ ഉണ്ട്. കേരളത്തിലെ ഫോക്‌ലോർ മേഖല അതി വിശാലമാണ്.

നമ്മുടെ നാടൻ പാട്ടുകൾ, വാമൊഴി വഴക്കങ്ങൾ, ഐതിഹ്യങ്ങൾ, പുരാവൃത്തങ്ങൾ, അനുഷ്ഠാന അനുഷ്ഠാനേതര കലകൾ, കടംകഥകൾ, പഴഞ്ചൊല്ലുകൾ, നാടോടി നാടകങ്ങൾ, ഭക്ഷണപാനീയങ്ങൾ ഇവയെല്ലാം ഈ നാട്ടറിവുകളുടെ അഥവാ ഫോക്‌ലോറിന്റെ ഗണത്തിൽ പെടുന്നു. ഇനി ഇവക്കോരോന്നും വീണ്ടും പല ശാഖകൾ ഉണ്ട്. അത്രയധികം പഠിക്കാൻ വിശാലമായി കിടക്കുന്ന മേഖലയാണ് ഫോക്‌ലോർ.

ഗ്രാമീണ ജനതയുടെ ജീവിതരീതി, കലാ പൈതൃകം, ആചാരവിശ്വാസങ്ങൾ, ചൊല്ലി പതിഞ്ഞ വാങ്മയ രൂപങ്ങൾ, മഴയറിവുകൾ, കൃഷി അറിവുകൾ തുടങ്ങി നമ്മുടെ സാംസ്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവിൽ പെടുന്നു. ഐതിഹ്യങ്ങളും നാടൻപാട്ടുകളും വാമൊഴി ചരിത്രവും നാടോടിക്കഥകളും നാടൻ ഭക്ഷണവും നാട്ടു ചികിത്സയും എല്ലാം നാട്ടറിവാണ്. ആധുനിക സാഹിത്യവും കലാരൂപങ്ങളും ചികിത്സാരീതികളും എല്ലാം വികസിച്ചത് നാട്ടറിവിൽ നിന്ന് ഊർജം ഉൾക്കൊണ്ടാണ്. ആദിവാസികളുടെ അനുഭവ ജ്ഞാനത്തെയും അറിവിനെയും ഉപയോഗപ്പെടുത്തി പല ആധുനിക മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ പല ചലച്ചിത്രഗാനങ്ങളുടെയും സംഗീതത്തിന്റെയും വേരുകൾ നാടൻപാട്ടുകളിൽ ആണ്. വിദ്യാലയങ്ങളും പാഠപുസ്തകങ്ങളും ആയിരുന്നില്ല അവർക്ക് അറിവ് പ്രദാനം ചെയ്തത്. കൃഷിയിൽ, ആരോഗ്യസംരക്ഷണത്തിൽ, കലാ സാഹിത്യ മേഖലയിൽ, നാട്ടു നിർമ്മിതികളിൽ തുടങ്ങി ജന ജീവിതത്തിൻറെ സമസ്തമേഖലകളിലും പരമ്പരാഗതമായ ആർജിച്ച അറിവിൻറെ അക്ഷയ aഖനികൾ കാണാം. നാട്ടറിവിലൂടെ ആർജിച്ച ഒരു ഭക്ഷ്യസംസ്കാരം തന്നെ കേരളീയർക്ക് ഉണ്ടായിരുന്നു.

പഴഞ്ചൊല്ലുകൾ

നാട്ടറിവുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിരവധി പഴഞ്ചൊല്ലുകളും വാമൊഴികളും ഇന്ന് സംസ്കാരത്തിൻറെ ഭാഗമായിട്ടുണ്ട്. “വിത്ത് ആയാൽ മടിയിൽ വയ്ക്കാം മരം ആയാലോ” എന്ന് മുതിർന്നവർ പലപ്പോഴും ചോദിക്കുന്നതാണ്. ചെറുപ്പത്തിലെ ഉപദേശങ്ങൾ പ്രായമാകുമ്പോൾ തുടരുന്നതിലെ നിരർത്ഥകതയെ ഇത് സൂചിപ്പിക്കുന്നു.

മഴ അറിവുകൾ

സന്ധ്യാസമയത്ത് പ്രകൃതി ഒരു പ്രത്യേക വർണ്ണത്തോടെ കാണപ്പെട്ടാൽ രാത്രിയിൽ മഴയുണ്ടാകുമെന്ന് മുതിർന്നവർ പറയും. കറുത്ത ചെറിയ ഈയബാറ്റകൾ ഉയരത്തിൽ പറന്നു പൊങ്ങിയാൽ മഴപെയ്യും, വെളുപ്പ് ആണെങ്കിൽ മഴയ്ക്ക് സാധ്യത കുറവാണ്. തുമ്പികൾ കൂട്ടത്തോടെ താഴ്ന്നു പറക്കുക, തവളകൾ കൂട്ടമായി ശബ്ദിക്കുക , മഴവില്ല് ഉദിക്കുക, ഉറുമ്പുകൾ മുട്ടകളുമായി ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് നീങ്ങുക ഇതെല്ലാം മഴയുടെ ലക്ഷണങ്ങൾ ആയി കാണുന്നു.

കൃഷി അറിവുകൾ

വിത്തുതേങ്ങ ഒരാഴ്ചയോളം വെള്ളത്തിൽ കുതിർത്തശേഷം പാകിയാൽ വേഗത്തിൽ മുളപൊട്ടും. ചേന, ചേമ്പ്, മരച്ചീനി എന്നിവ നടുമ്പോൾ ചുറ്റും വേലി പോലെ മഞ്ഞൾ നട്ടാൽ എലി ശല്യം കുറയും, ഗോമൂത്രത്തിൽ വേപ്പില അരച്ച് ചേർത്ത് തളിച്ചാൽ കീടങ്ങൾ ഉണ്ടാകില്ല, ചീര സമൃദ്ധമായി വളരും. വാഴനട്ട് അഞ്ചുമാസം കഴിഞ്ഞ് വളമിടുന്നത് യാതൊരു കാര്യവുമില്ല.

കടലറിവുകൾ

കടലിൽ പോകുന്ന മുതിർന്ന തലമുറയിൽപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് കടലിനെ സ്വഭാവം കാലാവസ്ഥയും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. പഞ്ഞി കഷണങ്ങൾ പോലെ സമുദ്ര ഭാഗത്തുനിന്ന് കോടന്നൂർ പറന്നിറങ്ങുന്നത് കൊടുങ്കാറ്റിനെ സൂചനയായി അവർ കണ്ടിരുന്നു . കടൽ ചളി ഇളകിയാൽ ചാകര ഉറപ്പാണ് .

മത്സ്യങ്ങൾ സുരക്ഷിതമായിരിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളാണ് പാലുകൾ മുട്ടകൾ വിരിയിക്കാൻ കുഞ്ഞുങ്ങളെ വളർത്താനുള്ള ഇടമാണ് മത്സ്യങ്ങൾ തെരഞ്ഞെടുക്കുന്നത് പ്രകൃതിദത്തമായ മത്സ്യബന്ധനം ലക്ഷ്യമാക്കി മനുഷ്യനിർമ്മിതമായ ഇപ്പോൾ നിലവിലുണ്ട്.

കേരളത്തിലെ ഫോക്‌ലോറിനെ സംരക്ഷിക്കുക, പഠിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കേരള സാംസ്കാരിക വകുപ്പിന്റെ കീഴിൽ 1996ൽ കേരള ഫോക്‌ലോർ അക്കാദമി സ്ഥാപിച്ചു. അവരുടെ നേതൃത്വത്തിൽ ഫോക്‌ലോർ പഠനങ്ങൾ, അതിനെ സംബന്ധിച്ചുള്ള പുസ്‌തക രചനകൾ എന്നിവയൊക്കെ നടക്കുന്നു.

ഡോ. രാഘവൻ പയ്യനാട്, ഡോ. എം. വി. വിഷ്ണു നമ്പൂതിരി എന്നിവർ ഫോക്‌ലോറിനെ സംബന്ധിച്ച് അനവധി പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്. ഇവ കൂടാതെയും അനവധി പുസ്‌തകങ്ങൾ ഫോക്‌ലോർ സംബന്ധിച്ച് എഴുതപ്പെട്ടിട്ടുണ്ട്.

ലോകമെങ്ങും ഫോക്‌ലോറിനെ കുറിച്ച് പഠിക്കുമ്പോൾ നമ്മുടെ നാടിന്റെയും അറിവുകളെ മനസിലാക്കി മുന്നോട്ട് പോകാൻ നമുക്ക് ശ്രമിക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close