KERALANEWSSocial MediaTrending

തിയേറ്റർ ആഘോഷമാക്കിയ മരക്കാരും കുറുപ്പും കാവലും ഒടിടിയിൽ; റിലീസ് തീയതികൾ പങ്കുവെച്ച് അണിയറപ്രവർത്തകർ; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

കോവിഡ് മഹാമാരിയുടെ പിടിയിൽ നിന്ന് തിയേറ്റർ വ്യവസായം ഒന്ന് അയഞ്ഞപ്പോൾ ആഘോഷമായി റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്ററുകളില്‍ പുറത്തിറങ്ങിയ ആദ്യ ബിഗ് ബജറ്റ് ചിത്രം കുറുപ്പ് നെറ്റ്ഫ്ലിക്സില്‍ പുറത്തിറക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ തന്നെ അറിയിച്ചു. കുറുപ്പിലെ നായിക ശോഭിത ധുലിപാലയാണ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ കുറുപ്പിന്‍റെ നെറ്റ്ഫ്ലിക്സ് റിലീസ് പ്രഖ്യാപിച്ചത്. ചിത്രം ഡിസംബര്‍ 17ന് നെറ്റ്ഫ്ലിക്സില്‍ പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.

പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ കുറുപ്പ് ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്‍റർടൈൻമെന്‍റ്സും ചേർന്നാണ് നിര്‍മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയ്നും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിലെത്തിയ കുറുപ്പിന് തിയറ്ററുകളില്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചിരുന്നത്. ചിത്രം സ്വപ്ന സമാനമായ അന്‍പത് കോടി ക്ലബിലും ഇടം പിടിച്ചു. ജി.സി.സിയിൽ നിന്ന് മാത്രം ചിത്രത്തിന് മൂന്ന് ദിവസം കൊണ്ട് 20 കോടിയോളം കളക്ഷൻ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ തിയേറ്ററുകളില്‍ 50 ശതമാനം മാത്രം പ്രവേശനാനുമതി ഉള്ളപ്പോഴാണ് കുറുപ്പ് ഈ നേട്ടം കൈവരിച്ചത്.

പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം ആമസോണ്‍ പ്രൈമിലൂടെ ഡിസംബര്‍ 17ന് പുറത്തിറങ്ങും. ആമസോണ്‍ പ്രൈം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ആമസോണ്‍ ഹെല്‍പ്പ് എന്ന ഫേസ്ബുക്ക് ഹാന്‍ഡിലൂടെയാണ് ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസ് സ്ഥിരീകരിച്ചത്. ചിത്രം 17ന് ആമസോണ്‍ പ്രൈം പ്ലാറ്റ്ഫോമില്‍ ലൈവ് ആകുമെന്നാണ് അറിയിച്ചത്.

നീണ്ട കാത്തിരിപ്പുകള്‍ക്ക് ശേഷം ഡിസംബര്‍ 2നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തിയ ചിത്രം അഞ്ചു ഭാഷകളിലായാണ് പുറത്തിറങ്ങിയത്. അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, പ്രണവ് മോഹന്‍ലാല്‍,മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, നെടുമുടി വേണു, ഫാസില്‍, ഇന്നസെന്‍റ്, സിദ്ധിഖ്,മാമുക്കോയ തുടങ്ങി വന്‍താരനിര തന്നെ അണിനിരക്കുന്ന ചിത്രം ആന്‍റണി പെരുമ്പാവൂരാണ് നിര്‍മിച്ചിരിക്കുന്നത്.

സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കാവല്‍ ആണ് ഒ.ടി.ടിയില്‍ വരുന്ന അടുത്ത ചിത്രം. ചിത്രം നെറ്റ്ഫ്ലിക്സില്‍ ഡിസംബര്‍ 23ന് പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 25നായിരുന്നു ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്.

ഒരു വലിയ ഇടവേളക്ക് ശേഷം സുരേഷ് ഗോപി വേഷമിടുന്ന ആക്ഷന്‍ ക്രൈം ത്രില്ലറാണ് കാവല്‍. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചത്. രഞ്ജി പണിക്കരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

കാവലിനും കുറുപ്പിനും പിന്നാലെ ജോജു ജോര്‍ജ് നായകനായ മധുരം, ടോവിനോ തോമസ് നായകനായ മിന്നല്‍ മുരളി എന്നീ ചിത്രങ്ങള്‍ ഒ.ടി.ടിയില്‍ ആദ്യ റിലീസായും പുറത്തുവരാനുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close