INDIANEWS

ആദിത്യ നാഥിനെതിരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന്‌ പ്രഖ്യാപിച്ച മുന്‍ ഐപിഎസ്‌ ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍; നടപടി ബലാത്സംഗ ആരോപണം ഉയര്‍ത്തിയ സ്‌ത്രീയെ ആത്മഹത്യക്ക്‌ പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി


ലഖ്‌നൗ: മുന്‍ ഐപിഎസ്‌ ഉദ്യോഗസ്ഥനെതിരെ ആദിത്യനാഥ്‌ സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ തുടരുന്നു. നേരത്തെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന്‌ നീക്കം ചെയ്‌ത അമിതാഭ്‌ താക്കൂറിനെതിരെയാണ്‌ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്‌.

ബിഎസ്‌പി എംപിയ്‌ക്കെതിരെ ബലാത്സംഗ ആരോപണമുന്നയിച്ച സ്‌ത്രീയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ്‌ മുന്‍ ഐപിഎസ്‌ ഉദ്യോഗസ്ഥനെ ഇപ്പോള്‍ ഉത്തര്‍പ്രദേശ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ്‌ അറസ്റ്റ്‌ .

ബിഎസ്‌പി എംപി അതുല്‍റോയിക്കെതിരെയാണ്‌ ഈ സ്‌ത്രീ ബലാത്സംഗം ആരോപിച്ചത്‌. ബലാത്സംഗം ചെയ്യപ്പെട്ട യുവതി സുപ്രീം കോടതിക്ക്‌ മുന്നില്‍ തീകൊളുത്തുകയായിരുന്നു.

അമിതാഭ്‌ താക്കൂറിനെ ബലം പ്രയോഗിച്ച്‌ പൊലീസ്‌ ജീപ്പിലേക്ക്‌ കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനകം വൈറലായിക്കഴിഞ്ഞു. ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ഇദ്ദേഹം വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു.

ബലാത്സംഗം ചെയ്യപ്പെട്ട സ്‌ത്രീക്കൊപ്പം അവരുടെ സുഹൃത്തും ആത്മഹത്യ ചെയ്‌തിരുന്നു. രണ്ട്‌ ആത്മഹത്യാ പ്രേരണാക്കുറ്റങ്ങളാണ്‌ അമിതാഭിന്‌ മേല്‍ ചുമത്തിയിരിക്കുന്നത്‌. 2018ല്‍ അതുല്‍ റോയി അയാളുടെ വാരണസിയിലെ വീട്ടില്‍ വച്ചാണ്‌ 24കാരിയെ ബലാത്സംഗം ചെയ്‌തത്‌. താക്കൂറിന്റെ സഹായത്തോടെ അതുല്‍ റായ്‌ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയും അപഹസിച്ചും പരാതി പിന്‍വലിപ്പിക്കുകയും കേസ്‌ ദുര്‍ബലപ്പെടുത്തുകയും ചെയ്‌തു എന്നാണ്‌ ആരോപണം. യുവതി ഓഗസ്‌റ്റ്‌ 24നാണ്‌ ഡല്‍ഹിയിലെ ആശുപത്രിയില്‍ വച്ച്‌ മരിച്ചത്‌. ഇവരുടെ സുഹൃത്ത്‌ ഇതിന്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ മരിച്ചു. ആത്മഹത്യ ചെയ്യും മുമ്പ്‌ ഇരുവരും ഫെയ്‌സ്‌ബുക്ക്‌ ലൈവില്‍ തങ്ങളുടെ മരണത്തിന്‌ കാരണം അതുല്‍ റോയിയാണ്‌ മരണത്തിന്‌ കാരണമെന്ന്‌ പറയുന്നുണ്ട്‌. കേസ്‌ ദുര്‍ബലമാക്കാന്‍ പൊലീസ്‌ കൂട്ടുനിന്നുവെന്നും ഇതില്‍ അവര്‍ ആരോപിക്കുന്നു.

അമിതാഭ്‌ താക്കൂര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കുന്ന കാര്യം കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ കുടുംബം പ്രഖ്യാപിച്ചിരുന്നു. താക്കൂരിന്റെ ഭാര്യ അഭിഭാഷകയും സാമൂഹ്യപ്രവര്‍ത്തകയുമായ നുതാന്‍ താക്കൂര്‍ സംഭവത്തെക്കുറിച്ച്‌ ഇനിയും പ്രതികരിച്ചിട്ടില്ല. സര്‍ക്കാരിന്റെ വിമര്‍ശകയായ ഇരുവരും വര്‍ഷങ്ങളായി സര്‍ക്കാരിനെതിരെ നിരവധി പൊതുതാല്‍പ്പര്യ ഹര്‍ജിയും വിവരാവകാശ അപേക്ഷകളും നല്‍കിയിട്ടുണ്ട്‌.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close