KERALANEWSTop News

വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; 10 മാസത്തിനുള്ളില്‍ വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കോവളത്ത് വിദേശ വനിത പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ ) വിചാരണ നടപടികള്‍ 10 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിർദേശം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കാണ് ഹൈക്കോടതി ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. കൊല്ലപ്പെട്ട ലാത്വിയന്‍ സ്വദേശിനിയുടെ സഹോദരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. വിചാരണ നീണ്ടുപോകുന്നതിനാല്‍ കൊല്ലപ്പെട്ട യുവതിയുടെ സഹോദരി കേരളത്തിലെത്തിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്.

എന്റെ സഹോദരി ഇനി തിരിച്ച് വരില്ല. ഇനി അവര്‍ക്ക് കൊടുക്കാനാകുന്നത് നീതിയാണ്. എന്നാലത് നിഷേധിക്കപ്പെടുകയാണ്. സഹോദരിയുടെ മരണം കുടുംബത്തിനെ വല്ലാതെ ബാധിച്ചു. പ്രതികൾ സമൂഹത്തില്‍ സ്വതന്ത്രരായി നടക്കുന്നത് വേദനയോടെയാണ് കാണുന്നതെന്നും കൊല്ലപ്പെട്ട യുവതിയുടെ സഹോദരി പറഞ്ഞു.

നീതി തേടിയാണ് വീണ്ടും ഈ ലാത്വിയൻ യുവതി കേരളത്തിലെത്തിയത്. മൂന്ന് വർഷം മുമ്പ് കോവളത്ത് ക്രൂരമായി കൊല്ലപ്പെട്ട സഹോദരിക്കായി ഇവരിപ്പോഴും സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. കേരളത്തിനാകെ നാണക്കേടായതായിരുന്നു കൊലപാതകം. 2018 മാർച്ച് 14നാണ് കേരളം കാണാനെത്തിയ വിദേശ സഞ്ചാരി ക്രൂരമായി കൊല്ലപ്പെട്ടത്. മയക്കുമരുന്ന് നല്‍കി ക്രൂരമായി പീഡിപ്പിച്ച് യുവതിയെ കോവളത്തെ കുറ്റിക്കാട്ടില്‍ തള്ളിയത് ഉമേഷ്, ഉദയൻ എന്നീ യുവാക്കളാണ്.

യുവതിയെ കാണാതായി ഒരു മാസത്തോളമായപ്പോഴാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിന്നീട് പല കാരണങ്ങളാല്‍ കുറ്റപത്രം വൈകി. കേരളം കണ്ട ക്രൂരമായ കൊലപാതകത്തിലെ പ്രതികള്‍ മൂന്ന് വര്‍ഷമായി സ്വതന്ത്രരായി കഴിയുകയാണ്. സര്‍ക്കാരും പോലീസും നല്‍കിയ ഉറപ്പിലാണ് കുറ്റപത്രം സമര്‍പ്പിച്ച ഉടൻ കൊല്ലപ്പെട്ട യുവതിയുടെ സഹോദരി നാട്ടിലേക്ക് മടങ്ങിയത്. എന്നാൽ അധികൃതരുടെ അലംഭാവം മൂലം കേസില്‍ ഒന്നും സംഭവിച്ചില്ല.

ഇത്തവണ വിചാരണ വേഗത്തിലാക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും സർക്കാർ അഭിഭാഷകരെയും കണ്ടെങ്കിലും എല്ലാവരും കൈ മലർത്തി. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ തുടങ്ങി സഹോദരിക്ക് നീതി ഉറപ്പാക്കിയിട്ടേ ഇനി കേരളം വിടൂവെന്നാണ് ഇവർ പറയുന്നത്.

പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊന്നെന്ന് പോലീസിന്റെ കണ്ടെത്തല്‍. രാജ്യാന്തരതലത്തില്‍ ചര്‍ച്ചയായതോടെ ഊര്‍ജിത അന്വേഷണം. പനത്തുറ സ്വദേശികളായ ഉമേഷും ഉദയനും അറസ്റ്റിലായതോടെ പോലീസിന്റെ ആവേശം അവസാനിച്ചു. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയില്ല. പ്രതികള്‍ ജാമ്യം നേടി സസുഖം വാഴുന്നു. വിദേശത്ത് നിന്ന് പലതവണ മുഖ്യമന്ത്രിയെ ഉള്‍പ്പെടെ ബന്ധപ്പെട്ട് വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മറുപടി പോലുമില്ല. അതോടെയാണ് കടല്‍ കടന്ന് ഇല്‍സയെത്തിയതും മുഖ്യമന്ത്രി മുതലുള്ള അധികാരകേന്ദ്രങ്ങളുടെ വാതിലില്‍ വീണ്ടും മുട്ടിയതും. എന്നിട്ടും അനക്കമില്ലാതെ വന്നതോടെ ഹൈക്കോടതിയെ സമീപിച്ച് കാത്തിരിക്കുകയാണ്.

ചെയ്യാവുന്നതെല്ലാം ചെയ്തെന്ന് പറഞ്ഞ് കയ്യൊഴിയുകയാണ് പോലീസ്. ഒറ്റ വര്‍ഷംകൊണ്ട് അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കി ഉത്രയ്ക്ക് നീതി നല്‍കിയെന്ന് അഭിമാനിക്കുന്ന നാടാണ് കേരളം. അതേ കേരളത്തിലേക്കാണ് മൂന്നര വര്‍ഷം മുന്‍പ് കൊല്ലപ്പെട്ട സഹോദരിക്ക് നീതി തേടി, യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ നിന്ന് സഹോദരിക്ക് വീണ്ടും വരേണ്ടിവന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close