Breaking NewsKERALANEWSTrending

മോഡലുകൾക്കൊപ്പം ഹോട്ടലിലുണ്ടായിരുന്നത് സിനിമയിലെ പ്രമുഖനോ അതോ പൊലീസിലെ പ്രമുഖനോ; മറ്റാരും കാണാൻ കൊള്ളാത്ത എന്തുകാര്യമാണ് പാതിരാത്രിയിലെ പാർട്ടിക്കിടെ നടന്നത്; മുൻ മിസ് കേരളകളുടെ മരണത്തിൽ പുതിയ വഴിത്തിരിവ്; നടന്നത് റേവ് പാർട്ടിയോ എന്ന അന്വേഷണത്തിന് എക്സൈസും

കൊച്ചി: ഒന്നുമില്ലെന്ന് പറഞ്ഞ് പൊലീസ് ഒതുക്കാൻ ശ്രമിച്ച മിസ് കേരളമാരുടെ അപകടമരണം പുതിയ വഴിത്തിരിവിലേക്ക്. ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ട് പോലീസിനു നൽകിയ മൊഴിയാണ് ഇപ്പോൾ കേസിനെ പുതിയൊരു തലത്തിലേക്ക് എത്തിച്ചിരിക്കുന്നത്. അന്നു രാത്രിയിൽ ഹോട്ടലിൽ നടന്ന സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ കായലിൽ എറിഞ്ഞ് നശിപ്പിച്ചതും അങ്ങനെ ചെയ്തത് എക്സൈസിനെ ഭയന്നാണ് എന്നുമുള്ള റോയിയുടെ മൊഴിയോടെയാണ് സംഭവത്തിന്റെ ​ഗൗരവം പുറത്തുവരുന്നത്. ഇതോടെ, സംഭവത്തിൽ എക്സൈസ് അന്വേഷണത്തിനും വഴിതെളിയുകയാണ്. ഹോട്ടലിൽ എല്ലാ വാരാന്ത്യങ്ങളിലും ഡി.ജെ. പാർട്ടി നടക്കുന്നുണ്ടെന്നും ഇത് മയക്കുമരുന്ന് ഉപയോഗിക്കുന്ന റേവ് പാർട്ടിയായി മാറുന്നുണ്ടെന്നും എക്സൈസ് ഇന്റലിജൻസിൽനിന്ന് വിവരമുണ്ടായിരുന്നു.

ഏപ്രിലിൽ ഹോട്ടലിലെ ഡി.ജെ. പാർട്ടിയിൽ നടത്തിയ റെയ്ഡിൽ കാര്യമായി ലഹരിവസ്തുക്കൾ പിടികൂടാതിരുന്നതിനാൽ വീണ്ടും റെയ്ഡ് അത്യാവശ്യമല്ലെന്ന ധാരണയിലായിരുന്നു എക്‌സൈസ്. രാത്രി വൈകിയും മദ്യം വിറ്റതിന് എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം ഹോട്ടലിലെ ബാറിന്റെ ലൈസൻസ് നവംബർ രണ്ടിനുതന്നെ താത്കാലികമായി റദ്ദ് ചെയ്തിരുന്നു. ഇതിനുപുറമേ മറ്റൊരു കേസ് കൂടി വന്നാൽ എന്നന്നേക്കുമായി ലൈസൻസ് നഷ്ടമാകുമെന്ന് കരുതിയാണ് സി.സി.ടി.വി. ദൃശ്യങ്ങൾ മാറ്റിയതെന്നാണ് പറയുന്നത്. ഈ മൊഴി വിശ്വാസ്യമല്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അപകടം നടന്ന നവംബർ ഒന്നിന് ഒരാഴ്ച മുന്നേ ഇവിടെ പ്രമുഖ ഫാഷൻ കൊറിയോഗ്രാഫറുടെ നേതൃത്വത്തിൽ പാർട്ടി നടന്നതായാണ് വിവരം.

അങ്ങനെയൊരന്വേഷണത്തിലേക്ക് കടക്കാതിരിക്കാൻ പോലീസിന് മേലുദ്യോഗസ്ഥരിൽനിന്ന് സമ്മർദമുണ്ട്. അതേസമയം, എക്സൈസ് കമ്മിഷണർ തന്നെ ഹോട്ടലിനെതിരേ നടപടിയെടുക്കാൻ നിർദേശം നൽകിയ സാഹചര്യത്തിൽ ശക്തമായ അന്വേഷണത്തിന് എക്സൈസിന് പ്രയാസമില്ല. ഹോട്ടലിൽ നടന്ന സംഭവങ്ങളെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ മട്ടാഞ്ചേരി റേഞ്ച് ഇൻസ്‌പെക്ടറെയാണ് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ആ പ്രമുഖൻ പൊലീസോ അതോ സിനിമാക്കാരനോ?

ഒക്ടോബർ 31 രാത്രിയിൽ നമ്പർ 18 ഹോട്ടലിൽ മിസ് കേരളകൾക്കൊപ്പം ഒരു വിഐപി ഉണ്ടായിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സിനിമാ മേഖലയിലുള്ളവരും പൊലീസ് ഉദ്യോ​ഗസ്ഥരും ഈ ഹോട്ടലിലെ നിത്യസന്ദർശകരാണ്. അതുകൊണ്ട് തന്നെ ഈ വിഐപി സിനിമാ സംവിധായകനാണോ അതോ പൊലീസ് ഉദ്യോ​ഗസ്ഥനാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. സംഭവം നടന്നയുടൻ ഹോട്ടലിൽ റെയ്ഡ് നടത്തി സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുക്കാതിരുന്നത് പൊലീസിന്റെ വൻ വീഴ്ച്ചയായാണ് കാണുന്നത്. അതുകൊണ്ട് തന്നെ ഇതിൽ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുടെ ഇടപെടലുണ്ടായിട്ടുണ്ടോ എന്നുമുള്ള സംശയം ഉയരുന്നുണ്ട്.

അപകടം നടന്ന ഉടനെ ഹോട്ടലിൽ പരിശോധന നടത്തി സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പിടിച്ചെടുത്തില്ല. ദൃശ്യങ്ങൾ പിടിച്ചെടുക്കാൻ ഒമ്പത്ദിവസം വൈകി. സി.സി.ടി.വി. ഡി.വി.ആർ. മാറ്റാൻ ഹോട്ടലുകാരെ സഹായിച്ചു. നിർണായക സി.സി.ടി.വി. ദൃശ്യങ്ങൾ ഉടമ മാറ്റിയിട്ടും തെളിവ് നശിപ്പിച്ച ഹോട്ടലുടമയെ തിരഞ്ഞുപിടിക്കാൻ പോലീസ് ശ്രമിച്ചില്ല. ഹാജരാവാൻ ഹോട്ടലുടമയ്ക്ക് മൂന്നുതവണ സമൻസ് നീട്ടി നൽകുകയായിരുന്നു. ഇതെല്ലാം ആരുടെ നിർദ്ദേശ പ്രകാരമായിരുന്നു എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

അപകടത്തിൽ സാരമായി പരിക്കേൽക്കാതിരുന്ന അബ്ദുൾ റഹ്മാനിൽനിന്ന് ആദ്യ ദിവസങ്ങളിൽ വിവരം ശേഖരിക്കാനും പൊലീസ് മെനക്കെട്ടില്ല. ഒരാഴ്ച കഴിഞ്ഞാണ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്. കാർ ഓടിച്ചിരുന്ന റഹ്മാൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവോ എന്നറിയാനുള്ള പരിശോധന നടത്താൻ പോലും പൊലീസ് തയ്യാറായില്ല. അപകടത്തിനിരയായ കാറിനെ പിന്തുടരുകയും അപകട വിവരം ഹോട്ടലുടമയെ വിളിച്ചറിയിക്കുകയും ചെയ്ത ഔഡി കാറിലെ ഡ്രൈവർ സൈജുവിനെ ഒരുതവണ ചോദ്യം ചെയ്ത് പോലീസ് വിട്ടയക്കുകയായിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചവർക്ക് മുന്നറിയിപ്പ് നൽകാനാണ് പിന്തുടർന്നതെന്ന ഇയാളുടെ മറുപടി പോലീസ് വിശ്വസിച്ചു.

സൈജു അപകട ശേഷം ഹോട്ടലുടമയെ കൂടാതെ ഹോട്ടലിലെ ജീവനക്കാരെയും വിളിച്ചിട്ടുണ്ട്. എന്തിനാണ് ഹോട്ടലിലെ ജീവനക്കാരെ അർധരാത്രി ഇയാൾ ഫോൺ വിളിച്ചതെന്ന് അന്വേഷിക്കാൻ പോലും പൊലീസ് മെനക്കെട്ടില്ല. ആദ്യവട്ടം ഹോട്ടലിൽ എത്തി ജീവനക്കാരെ ചോദ്യം ചെയ്ത് പോലീസ് ചടങ്ങ് തീർത്ത് പോകുകയായിരുന്നു. ഹോട്ടലിലെ രജിസ്റ്റർ പരിശോധിച്ച് ഇവിടെ വന്നവരെ കണ്ടെത്തി മൊഴിയെടുക്കാം. എന്നാൽ, രേഖകൾ പോലീസ് പിടിച്ചെടുത്തില്ല. ഹോട്ടലിലുണ്ടായിരുന്ന ആരുടേയും മൊഴിയെടുത്തില്ല.

അപകടം നടക്കുന്നതിന് ഒരാഴ്ച മുമ്പ് പ്രമുഖ ഫാഷൻ കൊറിയോഗ്രാഫറുടെ നേതൃത്വത്തിൽ ഹോട്ടലിൽ റേവ് പാർട്ടി നടന്നെന്ന വിവരമുണ്ട്. സിനിമാ താരങ്ങളും പ്രമുഖരും പങ്കെടുത്തെന്നാണ് വിവരം. ഫോർട്ട്കൊച്ചി പോലീസ് സ്റ്റേഷനു നേരെ മുന്നിലാണ് ഹോട്ടൽ. ഇവിടെ രാത്രി ഏറെ വൈകി മദ്യം വിളമ്പുന്നത് എക്‌സൈസ് കണ്ടെത്തി. തൊട്ടടുത്തുള്ള പോലീസ് ഇതറിയാതെപോയതാണോ അതോ ഉന്നത സ്വാധീനം കൊണ്ട് കണ്ണടച്ചതാണോ എന്ന ചോദ്യത്തിനും ഇനി ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close