KERALANEWS

വിവാഹം കഴിക്കണം, ജാമ്യം അനുവദിക്കണം: ഇരക്ക് പിന്നാലെ പ്രതിയായ വൈദികനും സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരി സുപ്രീംകോടതിയെ സമീപിച്ചുഹര്‍ജി ജസ്റ്റിസുമാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് നാളെ പരിഗണിക്കും. ഇന്നലെ പെൺകുട്ടിയും സമാന ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.

വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്ന റോബിന്‍ വടക്കുംചേരിയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യം അനുവദിക്കുന്നത് വിവാഹത്തിന് നേരിട്ടോ അല്ലാതെയോ നിയമാനുമതി നല്‍കുന്നതുപോലെയാകും. അതിനാല്‍, ഈ വിഷയത്തില്‍ അഭിപ്രായമൊന്നും രേഖപ്പെടുത്താതെ അകന്നു നില്‍ക്കുയാണെന്നാണ് ഹൈക്കോടതി ജാമ്യ അപേക്ഷ തള്ളിക്കൊണ്ട് വ്യക്തമാക്കിയത്. ഇതിന് എതിരെയാണ് റോബിന്‍ വടക്കുംചേരി സുപ്രീം കോടതിയെ സമീപിച്ചത്.

നാല് വയസ്സുള്ള മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര് രേഖപെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് കാണിച്ചാണ് പെണ്‍കുട്ടി കഴിഞ്ഞദിവസം കോടതിയെ സമീപിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് ഫാ. റോബിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്നും ഇതിനായി അദ്ദേഹത്തിനു ജാമ്യം നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ഈ ഹര്‍ജിയും സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ഫാ. റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചത്. റോബിന്‍ മൂന്ന് ലക്ഷം രൂപ പിഴ ഒടുക്കണമെന്നും തലശ്ശേരി പോക്സോ കോടതി വിധിച്ചിരുന്നു.

കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ നടപടിയെടുക്കാനും കോടതി ഉത്തരവിട്ടിരുന്നു. കള്ളസാക്ഷി പറഞ്ഞതിനാണ് രക്ഷിതാക്കള്‍ക്കെതിരെ നടപടി എടുക്കാന്‍ നിര്‍ദേശിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close