Breaking NewsKERALANEWSTop News

മോശയുടെ അംശവടിയും യേശുവിനെ ഒറ്റിയ കാശും മാത്രമല്ല; കേരളത്തിലുള്ളത് കൃഷ്ണൻ വെണ്ണ എടുക്കാതിരിക്കാൻ യശോദാമ്മ നിർമ്മിച്ച തടിപ്പാത്രവും ​ഗണപതി എഴുതിയ മഹാഭാരതവും വ്യാസന്റെ നാരായവും വരെ; ഹൈക്ലാസ് തട്ടിപ്പുകൾക്ക് ഇരയാകുന്നത് ഉന്നതരും

മോൻസൺ മാവുങ്കൽ എന്ന പേര് ഇപ്പോൾ മലയാളികൾക്ക് പരിചിതമായി തീർന്നിരിക്കുകയാണ്. അയാൾ നടത്തിയ ക്രമക്കേടുകൾ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നു. അയാൾ ബന്ധം സ്ഥാപിച്ച പ്രമുഖരുടെ നീണ്ട നിര ഇനി വെളിപ്പെട്ട് വരുകയാണ്. മനുഷ്യന്റെ കാല്പനികതയോളം പഴക്കമുള്ള പല സാധനങ്ങളും തന്റെ കയ്യിലുണ്ടെന്ന് മനുഷ്യരെ പറഞ്ഞു പറ്റിച്ചായിരുന്നു മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ്. മോൻസൺ നടത്തിയ തട്ടിപ്പുകൾ ഇന്ന് കേരളത്തിൽ നടക്കുന്ന പലവിധ തട്ടിപ്പുകളിൽ ഒന്നു മാത്രമെന്ന ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

മോശയുടെ അംശവടി, ടിപ്പു സുൽത്താന്റെ സിംഹാസനം, യേശുവിനെ ഒറ്റിക്കൊടുക്കാൻ വേണ്ടി ഉപയോഗിച്ച 30 വെള്ളി കാശിൽ 2 എണ്ണം യേശുവിനെ കുരിശിലേറ്റുന്ന സമയത്തു ഉപയോഗിച്ചിരുന്ന രക്തം പുരണ്ട വസ്ത്രം, അൽഫോൻസാമ്മയുടെ വസ്ത്രത്തിന്റെ ഭാഗം, അന്തോണീസ് പുണ്യാളന്റെ നഖത്തിന്റെ ഭാഗം , മദർ തെരേസയുടെ മുടി , റാണി മരിയ സിസ്റ്ററിന്റെ തിരുശേഷിപ്പ് , ഗാഗുൽത്താത്തയിൽ നിന്നെടുത്ത മണ്ണിൽ ഉണ്ടാക്കിയ കുരിശിനുള്ളിൽ നിർമിച്ച ഏറ്റവും ചെറിയ ബൈബിൾ, സ്വർണ്ണം കൊണ്ടുണ്ടാക്കിയ ബൈബിൾ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് താൻ സ്വരുക്കൂട്ടിയതായി അവകാശപ്പെട്ടത്. എന്നാൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വിഡിയോയിൽ ഇത്തരം തട്ടിപ്പുമായി പലരും കേരളത്തിൽ വിലസുന്നുണ്ടെന്ന് തെളിയിക്കുന്നു.

ഈ വിഡിയോയിൽ ഒരാൾ ഇത്തരം ബിസിനസ് നടത്തുന്ന ഒരാളെ അഭിമുഖം നടത്തുകയാണ്. അതിൽ അയാൾ അവകാശപ്പെടുന്നത് കൃഷ്ണൻ വെണ്ണ കക്കാതിരിക്കാൻ യശോദാമ്മ നിർമ്മിച്ച തടി പാത്രം, അതിലെ ഇരുമ്പു ചുറ്റ് ശ്രീകൃഷ്ണൻ വലുതായ ശേഷം തൂക്കിയിടാൻ ഉണ്ടാക്കിയതാണത്രേ, ഇത് കിട്ടിയത് മധുരയിൽ നിന്നാണെന്ന് അയാൾ പറയുന്നു. അതുപോലെ എഴുത്തച്ഛന്റെ നാരായവും അദ്ദേഹം മഹാഭാരതം എഴുതിയ താളിയോലയും ഇയാളുടെ കൈയിലുണ്ടെന്ന് അവകാശപ്പെടുന്നു. അത് മാത്രമല്ല ഗണപതി എഴുതിയ താളിയോലയും അയാളുടെ കൈയിൽ ഉണ്ടത്രേ. അതും വ്യാസൻ പറഞ്ഞു എഴുതിച്ചത്. അത് എഴുതിയത് സംസ്‌കൃതത്തിനും മുമ്പുള്ള ദേവഭാഷ അഥവാ ബ്രാഹ്മിൺ ഭാഷയിൽ. ഇതൊന്നും യുക്തി വെച്ചു അളക്കരുതേ ഭക്തി വെച്ചു മാത്രമേ അളക്കാവൂ എന്ന നിബന്ധനയും ഇതിന്റെ ഒടുവിൽ അവതാരകൻ പറഞ്ഞ് വെക്കുന്നു.

പുരാവസ്തു വില്പനക്കാരനെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ ചേർത്തല വല്ലയിൽ മാവുങ്കൽ വീട്ടിൽ മോൻസനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പന്തളത്തെ വ്യവസായ പ്രമുഖന്റെ പരാതിയിന്മേലായിരുന്നു അറസ്റ്റ്.

പന്തളം കുളനടയിലെ ശ്രീവത്സം ഗ്രൂപ്പ് ഉടമ എം.കെ രാജേന്ദ്രൻ പിള്ളയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം പൂർത്തിയായപ്പോഴാണ് മോൻസൺന്റെ തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശികൾ മുഖ്യമന്ത്രിക്ക് പരാതി നൽകുന്നത്. തുടർന്നാണ് അറസ്റ്റ് നടക്കുന്നതും. ശ്രീവത്സം ഗ്രൂപ്പ് ഉടമ എം. കെ. രാജേന്ദ്രന്റെ പക്കൽ നിന്നും ഇയാൾ ഏഴു കോടി കടം വാങ്ങിയിരുന്നു. ഇത് കാലാവധി കഴിഞ്ഞിട്ടും തിരികെ നല്കാതിരുന്നതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. കൂടാതെ ചേർത്തലയിലെ വീട്ടിൽ നിന്നും മുന്തിയ ഇനം വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ മോൻസൻ ഡിജിപിക്ക് പരാതി നൽകുകയും ചെയ്തു. ഇത് പിന്നീട് ആലപ്പുഴ ക്രൈം ബ്രാഞ്ച് സംഘം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ പരാതിയിൽ പറയുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമാണെന്നും രാജേന്ദ്രൻ പിള്ളക്ക് പണം കൊടുക്കാനുണ്ടെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഇവയെല്ലാം അകപ്പെടുത്തി കേസ് അവസാനിപ്പിക്കുകയും ചെയ്തു. ഈ കേസിന്റെ വിവരങ്ങൾ കോഴിക്കോട് സ്വദേശികൾ അറിഞ്ഞതോടെയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഈ കേസ് എറണാകുളം ക്രൈം ബ്രാഞ്ചിലേക്ക് കൈമാറി. എറണാകുളം ക്രൈം ബ്രാഞ്ച് അസി. കമ്മീഷണർ റെക്സ് ബോബി അർവിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇയാൾ തട്ടിപ്പുകാരനാണെന്ന് കണ്ടെത്തി. തുടർന്ന് അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. എന്നാൽ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ മനസിലാക്കി ഇയാൾ പലപ്പോഴായി പോളിയോസിൽ നിന്നും വഴുതി പോയിരുന്നു. ചേർത്തലയിലെ വീട്ടിൽ വല്ലപ്പോഴും മാത്രമേ ഇയാൾ എത്തിയിരുന്നുള്ളൂ. മുഴുവൻ സമയം കൊച്ചി കലൂരിലെ വാടക വീട്ടിലായിരുന്നു. ഇവിടെ രണ്ടിടവും ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു.

ഇതിനിടയിലാണ് ശനിയാഴ്ച ഇയാളുടെ മകളുടെ വിവാഹ നിശ്ചയം നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്. മഫ്തിയിലെത്തിയ പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിനിടയിൽ മോൺസന്റെ ഗുണ്ടകൾ പ്രതിരോധിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുമ്പോഴാണ് വർഷങ്ങൾ പഴക്കമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്ന പല പുരാവസ്തുക്കളും ചേർത്തലയിലെ ആശാരി നിർമ്മിച്ചതാണെന്ന് മനസ്സിലാകുന്നത്.

പണം കടം കൊടുത്ത എം.കെ രാജേന്ദ്രൻ പിള്ള മുൻ നാഗാലാൻഡ് ഡി.വൈ.എസ്‌പി ആയിരുന്നു. നോട്ട് നിരോധന സമയത്ത് നാഗാലാൻഡ് പോലീസിന്റെ ഔദ്യോഗിക വാഹനങ്ങളിൽ സംസ്ഥാനത്തേക്ക് പണം കടത്തിയ സംഭവം പുറത്ത് വന്നതോടെയാണ് ഇയാൾ വിവാദത്തിൽ പെടുന്നത്. രാജേന്ദ്രൻ പിള്ളയുടെ വിവിധ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ആയിരം കോടിയുടെ ബിനാമി ഇടപാടുകൾ കണ്ടെത്തിയിരുന്നു. സംസ്ഥാന പോലീസ് മേധാവി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നാഗാലാൻഡ് ഗവൺമെന്റിന് റിപ്പോർട്ട് നൽകിയതോടെയാണ് റിട്ടയർമെന്റിന് ശേഷം ട്രാഫിക് കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്ന ജോലിയിൽ നിന്നും ഇയാളെ പുറത്താക്കിയത്.

കോൺസ്റ്റബിളായിട്ടാണ് പിള്ള നാഗാലാൻഡ് പോലീസിൽ കയറുന്നത്. പിന്നീട് ഡി.വൈ.എസ്‌പിയായിട്ടാണ് വിരമിക്കുന്നത്. കോൺസ്റ്റബിളായി സർവീസിൽ കയറിയ ഒരാൾക്ക് ഊഹിക്കാൻ പോലും കഴിയാത്തവിധത്തിൽ പിള്ള സമ്പാദിച്ചു കൂട്ടിയെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്. ജൂവലറി, വസ്ത്രശാലകൾ, ആറന്മുളയിലും നാഗാലാൻഡിലും സ്‌കൂൾ, റിസോർട്ടുകൾ തുടങ്ങി വിവിധ മേഖലകളിൽ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. ഡൽഹിയിൽ മൂന്നും ബെംഗളൂരുവിൽ രണ്ടും ഫ്‌ളാറ്റുകൾ ഉണ്ട്.

ബെംഗളൂരുവിൽ ഇദ്ദേഹത്തിന് വാണിജ്യസ്ഥാപനങ്ങളുമുണ്ട്. മസൂറിയിലും ട്രിച്ചിയിലും നിക്ഷേപങ്ങളുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കുതിച്ചു കയറ്റമുണ്ടായതാണ് കൂടുതൽ സംശയത്തിനിടയാക്കിയത്. നിരവധി റിസോർട്ടുകൾ ഇവർ സ്വന്തമാക്കിയിരുന്നു. കേരളത്തിൽ മാത്രം 200 കോടിയിൽപരം വസ്തുവകകൾ ഉണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ഒരാളെ കബളിപ്പിച്ച് 7 കോടി തട്ടിയെടുക്കാൻ ശ്രമിച്ചത് മോൺസൺ സ്വന്തം കുഴി തോണ്ടുന്നതിന് സമാനമായിരുന്നു.

പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ ജാമ്യാപേക്ഷ, കസ്റ്റഡി അപേക്ഷകളിൽ എറണാകുളം സിജെഎം കോടതി നാളെ ഉത്തരവ് പറയും. ക്രൈംബ്രാഞ്ച് അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്. എന്നാൽ മോൻസനെതിരെ തെളിവുകളില്ലെന്നും പണം നൽകിയതിന് യാതൊരു രേഖയും പരാതിക്കാരുടെ കൈയ്യിൽ ഇല്ലെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. അതേസമയം, ബാങ്കിന്റെ വ്യാജരേഖയുണ്ടാക്കിയാണ് മോൻസൻ തട്ടിപ്പ് നടത്തിയതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വരെ ഇത്തരത്തിലാണ് വിശ്വസിപ്പിച്ചതെന്നും പ്രതിഭാഗം നൽകിയ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു.

ഉന്നത പോലീസ് ഉദ്യോഗസ്ഥരും, രാഷ്ട്രീയ നേതാക്കളുമായും മോൻസന് അടുത്ത ബന്ധങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് കൂടുതൽ വിശ്വാസം വരുത്തുന്ന ചിത്രങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കൊച്ചിയിലെ പത്ത് കോടി രൂപയുടെ പുരാവസ്തു തട്ടിപ്പ് പുറത്ത് വന്നപ്പോൾ മുതൽ പല ഉന്നതരുമായി പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. ഇത് ശരിവെച്ചുകൊണ്ട് ഇന്ന് രാവിലെ ഐ ജി ലക്ഷ്മണയുടെയും ഡിഐജി എസ് സുരേന്ദ്രന്റെയും പങ്ക് വെളിപ്പെടുത്തികൊണ്ട് വാർത്തകൾ വന്നു. ഇതിന് പിന്നാലെയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായും പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെടുത്തൽ വരുന്നത്. കെ സുധാകരന് സ്കിൻ തെറാപ്പി നടത്തിയത് മോൻസൻ മാവുങ്കലാണെന്നും ഇതിനായി പത്ത് ദിവസം മോൻസന്റെ വീട്ടിൽ സുധാകരൻ താമസിച്ചെന്നുമാണ് പരാതിക്കാർ പറയുന്നത്. ആരോപണത്തെ തള്ളി സുധാകരൻ മുന്നോട്ട് വന്നു. ഡോക്ടറെന്ന നിലയിൽ ചികിത്സയ്ക്കായി അയാളുടെ വീട്ടിൽ പോയിട്ടുണ്ടെന്നും അദ്ദേഹത്തിന് മറ്റ് ഒരു കാര്യത്തിലും പങ്കില്ലെന്നും വാർത്താസമ്മേളനത്തിൽ സുധാകരൻ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close