INSIGHTNEWSTrending

ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രം അനന്തമായ സ്വാതന്ത്ര്യദാഹത്തിൻ്റെ പ്രോജ്ജ്വലമായ കഥ; ചരിത്രത്തിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് ഭാവിയെ പടുത്തുയർത്തണം; പുതിയ പുലരികൾക്കായി നമുക്കിന്നേ വഴിവെട്ടിത്തുടങ്ങാം..

സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചു വർഷങ്ങൾ നമ്മൾ പിന്നിടുകയാണ്‌. കച്ചവടത്തിനായി വന്ന പറങ്കികളും ഡച്ചുകാരും, ഫ്രഞ്ചുകാരും പിന്നീട് ഇംഗ്ളീഷുകാരുമൊക്കെ ഈ രാജ്യത്തെ പതിയെ പങ്കിട്ടെടുക്കുകയും പിന്നീട് ഈസ്റ്റ് ഇന്ത്യാ കമ്പനി ബ്രിട്ടീഷ് സർക്കാരിനു 1857 ൽ ഈ രാജ്യത്തിൻ്റെ പരമാധികാരം കൈമാറുകയും ചെയ്തു. ഏതാണ്ട് ആയിരത്തി അറുനൂറുകളിൽ ആരംഭിച്ച ആ അധിനിവേശത്തിൻ്റെ ചരിത്രം 1947 ആഗസ്റ്റ് 14 അർദ്ധരാത്രി വരെ നീണ്ടു നിന്നു. ആ കാലഘട്ടത്തെ നമ്മൾ കാണുന്നത് നമ്മുടെ പരമാധികാരത്തിനു വേണ്ടി അധിനിവേശ ശക്തികൾക്കെതിരെ പോരാടാൻ നമ്മുടെ പൂർവികർ നയിച്ച അതിസാഹസികവും ഇതിഹാസതുല്യവുമായ പോരാട്ടങ്ങളുടേയും സമരങ്ങളുടേയും ചരിത്രമായിട്ടാണ്‌.

ആ സമരഭൂമികയിൽ സ്വപ്നം സാക്ഷാത്കരിക്കാനാവാതെ വഴിയിൽ വീണു പോയവർ എത്ര ? മാതൃ രാജ്യത്തോടുള്ള അളവറ്റ സ്നേഹത്തിൻ്റെ പേരിൽ മാത്രം തൂക്കുകയറിൽ തൂങ്ങിയാടേണ്ടി വന്നവർ എത്ര?.. വെടിയുണ്ടകൾക്ക് മുന്നിൽ ഭാരത് മാതാ കീ ജയ് എന്നു വിളിച്ചു പറഞ്ഞു പുഞ്ചിരിയോടെ മരണത്തെ പുൽകിയവർ എത്ര?.. അങ്ങനെ ലക്ഷക്കണക്കിനു മനുഷ്യരുടെതായി ചിന്തപ്പെട്ട എണ്ണമില്ലാത്ത രക്തത്തുള്ളികളുടേയും അതിലെ ഓരോ രക്തത്തുള്ളികളിലും നിറഞ്ഞു നിന്ന അനന്തമായ സ്വാതന്ത്ര്യദാഹത്തിൻ്റെയും പ്രോജ്ജ്വലമായ കഥയാണു ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രം.

ഇതൊന്നും നമുക്ക് അറിയാത്തതോ നമ്മൾ ഓർക്കാത്തതോ ആയ ചരിത്രമല്ല.. എന്നാൽ നമുക്ക് ഇക്കാലമത്രയും പരിചയമില്ലാത്ത ഒരു ചരിത്രസന്ധിയിലൂടെയാണ്‌ , ഒരു വലിയ ദശാസന്ധിയിലൂടെയാണു നമ്മുടെ രാജ്യം ഇപ്പോൾ കടന്നുപോവുന്നത്. പണ്ടൊരിക്കൽ മഹാത്‌മഗാന്ധിയോട് ടെലിഗ്രാഫ് ലേഖകൻ ചോദിച്ച ഒരു ചോദ്യമുണ്ട്. എന്താണു ഈ രാജ്യത്തിൻ്റെ ലക്ഷ്യം ? എന്ന്. അന്ന് അദ്ദേഹം അതിനു പറയുന്ന മറുപടി “ഈ രാജ്യത്തെ അവസാനത്തെ മനുഷ്യൻ്റെയും കണ്ണീരു തുടക്കുക എന്നതാണു ഈ രാജ്യത്തിൻ്റെ ധർമ്മം എന്നതാണ്‌ “. വെറും കാല്പനികമായ ഒരു ദർശനം മാത്രമായി അതിനെ കാണാതെ പല തരത്തിൽ പ്രവർത്തി പഥത്തിൽ എത്തിക്കാൻ ശ്രമിച്ചതിൻ്റെ ഫലമായാണു നാം ഇന്ന് കാണുന്ന നിലക്കെങ്കിലും നമ്മുടെ സ്വാതന്ത്ര്യം എത്തിയിട്ടുള്ളത്.

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന എം മുകുന്ദൻ്റെ പുസ്തകത്തിൽ കുഞ്ഞനന്തൻ മാഷിനോട് ദാമു റൈറ്റർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. “സ്വാതന്ത്ര്യോ അതെന്താ മാഷേ”? എന്ന്. അത്തരത്തിൽ സ്വാതന്ത്ര്യം എന്ന വാക്കിൻ്റെ അർഥം പോലും അറിയാത്ത ജനസമൂഹത്തിൽ നിന്നാണു ഈ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ലോകത്തിലെ എണ്ണം പറഞ്ഞ സമ്പദ് വ്യവസ്ഥകളിലൊന്നായി നമ്മൾ, ഇന്ത്യ മാറിയത്.
ഇതൊക്കെ പറയാനും ഓർക്കാനുമുള്ള കാരണം നാളെ സ്വാതന്ത്ര്യദിനമാണു എന്നത് കൊണ്ടല്ല, പകരം ഇന്ന് അതായത് “ഓഗസ്റ്റ് 14 വിഭജനഭീതി ദിനമായി ആചരിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നു എന്നതു കൊണ്ട് കൂടിയാണ്‌ “.

ഇന്ന് രാജ്യസ്നേഹത്തിൻ്റെ നിർവചനം എന്നത് ഈ രാജ്യത്തിൻ്റെ അതിർത്തികൾ കാക്കുന്ന ജവാന്മാരോടുള്ള സ്നേഹമായി പരിണമിച്ചിരിക്കുന്നു, അയൽരാജ്യത്തോടുള്ള വിദ്വേഷത്തിൻ്റെ അളവുകോലായി മാറ്റപ്പെട്ടിരിക്കുന്നു, ഈ രാജ്യം ഭരിക്കുന്ന ഭരണകക്ഷിയോടുള്ള നിങ്ങളുടെ വിശ്വസ്തതയുടെ ആഴമായി കൽപ്പിക്കപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള രാജ്യസ്നേഹത്തോട് സന്ധി ചെയ്യാൻ മനസ്സാക്ഷി അനുവദിക്കാത്ത മനുഷ്യർ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്നു.

രാജ്യസ്നേഹം എന്നതിൻ്റെ അളവ് കോൽ എന്നത് പാകിസ്ഥാനോടുള്ള വിദ്വേഷത്തിൻ്റെ അളവുകോലാക്കി മാറ്റാൻ ശ്രമിക്കുന്നു എന്നിടത്താണു പ്രധാനമന്ത്രി പറഞ്ഞ പ്രസ്താവനക്കുള്ള പ്രസക്തി. ഈ ലോകത്തിൽ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായിരുന്ന രാജ്യം വികലമായ സാമൂഹിക സാമ്പത്തിക നയങ്ങളുടെ ഭാഗമായി കുത്തനെ കീഴോട്ടടിച്ച കാലത്ത് രാജ്യസ്നേഹം എന്നതിൻ്റെ മറപറ്റി, ഈ രാജ്യം കാക്കുന്ന ജവാന്മാരുടെ ജീവത്യാഗത്തിനു വിലപേശി ഇനി വരുന്ന തിരഞ്ഞെടുപ്പുകളിൽ നേട്ടം കൊയ്യുക എന്ന കുടില തന്ത്രം മാത്രമാണു വിഭജനഭീതി അനുസ്‌മരണത്തിൻ്റെ കാതൽ.

സംഘപരിവാറിൻ്റെ സ്ഥാപക നേതാക്കളിലൊരാളായ സവർക്കർ, അദ്ദേഹത്തിൻ്റെ പുസ്തകത്തിൽ പറയുന്നതു പോലെ ഹിന്ദുക്കളുടെ പുണ്യഭൂമിയും പിതൃഭൂമിയുമായി ഇന്ത്യയും മുസ്ലീങ്ങൾക്കു വേണ്ടി വേറൊരു രാജ്യവും എന്നതു തന്നെയാണു മറ്റൊരു തരത്തിൽ ജിന്നയും ആവശ്യപ്പെട്ടത്. അന്ന് വിഭജനത്തിനെതിരെ നിലപാടെടുത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഗാന്ധിജിയും പിന്നീടുണ്ടായ വർഗ്ഗീയ കലാപങ്ങളുടേയും മനുഷ്യക്കുരുതികളുടേയും ഭാഗമായി നിലപാട് മാറ്റുകയായിരുന്നു.

അത്തരത്തിൽ വിശകലനം ചെയ്യുമ്പോൾ വിഭജനത്തിൽ ജീവനും കുടുംബവും സ്ഥാവരജംഗമങ്ങളും നഷ്ടപ്പെടുത്തിയ വർഗ്ഗീയവാദികളുടെ ഒരറ്റത്ത് സംഘപരിവാർ ഉണ്ടായിരുന്നു. അപ്പൊൾ ഇന്നത്തെ വൈകാരിക പ്രഹസനത്തിൽ നിന്ന് നമ്മൾ ഇന്ത്യയിലെ ജനങ്ങൾ എന്താണു മനസ്സിലാക്കേണ്ടത്.

വെറും ഒന്നരവർഷം മുൻപാണു ഈ രാജ്യം ഈ നൂറ്റാണ്ടിൽ കണ്ട എറ്റവും വലിയ പലായനത്തിനു സാക്ഷിയായത്. കോവിഡിൽ ജീവനോപാധികൾ നഷ്ടപ്പെട്ട കോടിക്കണക്കിനു ജനങ്ങൾ സ്വന്തം ജന്മനാടുകളിലേക്ക് മടങ്ങിയത് ആയിരക്കണക്കിനു കിലോമീറ്ററുകൾ നടന്നായിരുന്നു. കുറച്ചു കൂടി പിന്നിലേക്ക് പോയാൽ ഒരു രാജ്യം മുഴുവൻ അവനവൻ അധ്വാനിച്ചുണ്ടാക്കിയ പണം ബാങ്കിൽ മാറ്റാൻ ക്യൂ നിന്ന ദൈന്യത നമുക്ക് കാണാം. അരച്ചാൺ വയറു നിറക്കാൻ പോലും ബഹുഭൂരിപക്ഷം കഷ്ടപ്പെടുന്ന ഈ മഹാമാരിക്കാലത്ത് ആ ബഹുഭൂരിപക്ഷത്തെ ഒന്ന് ഓർക്കാൻ പോലും മനസ്സ് കാണിക്കാതെ 75 വർഷം മുന്നത്തെ പലായനക്കഥ ഓർക്കാൻ സമയം കാട്ടിയതിനു നമ്മൾ അദ്ദേഹത്തെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.
ഈ രാജ്യം എന്നത് ഹിമാലയം മുതൽ കന്യാകുമാരി വരെ നീണ്ടു നിവർന്നു കിടക്കുന്ന ഒരു ഭൂമി മാത്രമല്ലെന്നും പകരം അത് പല മതങ്ങളിലും ജാതികളിലും പല ഗോത്രങ്ങളിലും പല സംസ്കാരങ്ങളിലും ഇഴുകിച്ചേർന്നിട്ടുള്ള ജനവിഭാഗങ്ങളുടെ സംഗമ കേന്ദ്രമാണെന്നും തിരിച്ചറിയുന്ന ഭരണാധികാരികൾക്ക് മാത്രമേ ഇന്ത്യ എന്ന സ്വത്വം തിരിച്ചറിയാൻ കഴിയുകയുള്ളൂ. ആ തിരിച്ചറിവില്ലാത്തവർക്കൊക്കെ തന്നെ ഈ രാജ്യത്ത് വിഭജനരാഷ്ട്രീയം കളിക്കേണ്ടിവന്നിട്ടുണ്ട്.

അതായത് ബ്രിട്ടീഷുകാർ ഇന്ത്യയിൽ ഭരണം നിലനിർത്താൻ കാണിച്ച അതേ തന്ത്രം. അതുകൊണ്ടാണു നമ്മൾ ചരിത്രം പഠിക്കേണ്ടത്. അത്തരത്തിൽ ചരിത്രത്തെ കൃത്യമായി പഠിച്ചും വിലയിരുത്തിക്കോണ്ടും മാത്രമേ നമുക്ക് ഒരു രാജ്യമായി ഒരു ജനതയായി നിലനിൽക്കാൻ കഴിയുകള്ളൂ. അത്തരത്തിൽ ഒരു പുതിയ തലമുറ വരുമെന്നും അവർ ഈ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം. അവർ കാണിച്ചു തരാൻ പോകുന്ന പുതിയ പുലരികൾക്കായി നമുക്കിന്നേ വഴിവെട്ടിത്തുടങ്ങാം..

ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ….

Tags
Show More

Related Articles

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close