KERALANEWS

രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ ചെറു സമരങ്ങൾ ഫലം കണ്ടു; തീരുവ കുറയ്ക്കാനുള്ള തീരുമാനം താൽക്കാലിക ആശ്വാസം നൽകുന്നത്; ഇന്ധനവില കുറച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ പ്രതികരണവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ ചെറു സമരങ്ങൾ ഫലം കണ്ടുവെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

“ഇന്ധനവിലയിൽ ജനത്തിന് താത്കാലിക ആശ്വാസം . കോൺഗ്രസിൻ്റെ സമരത്തെ തകർക്കാൻ ശ്രമിച്ചവർക്കും നാളെ മുതൽ കുറഞ്ഞ വിലയിൽ ഇന്ധനം ലഭ്യമാകും. ഇന്ധന വില ഇനിയും കുറയേണ്ടതുണ്ട്. അവകാശ സമരങ്ങളെ അടിച്ചമർത്താൻ ഏത് തമ്പുരാൻ വന്നാലും അതിന് വഴങ്ങി കൊടുക്കാൻ കോൺഗ്രസിന് സൗകര്യമില്ല. കരുത്തുറ്റ പ്രതിഷേധങ്ങളുമായി കോൺഗ്രസ് ജനങ്ങൾക്കൊപ്പം തെരുവിലുണ്ടാകു”മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറയുന്ന രീതിയിൽ എക്സൈസ് തീരുവ കുറയ്ക്കാനുള്ള തീരുമാനം ജനങ്ങൾക്ക് താൽക്കാലിക ആശ്വാസം നൽകുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2014ൽ യു. പി. എ. സർക്കാർ ഈടാക്കിയിരുന്ന നികുതിയുടെ ഇരുന്നൂറ്‌ ശതമാനമെങ്കിലും ഇപ്പോഴും സർക്കാർ ജനങ്ങളിൽ നിന്ന് ഈടാക്കുന്നുണ്ട് എന്നതാണ് വാസ്തവമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. സർക്കാരിന്റെ ദീപാവലി സമ്മാനം എന്നൊക്കെ വ്യാഖ്യാനം നൽകുന്നവർ അത് മറന്നു പോവരുതെന്നും ഉപതിരഞ്ഞെടുപ്പുകളിൽ ഉണ്ടായ തിരിച്ചടിയും ഉയർന്ന് വരുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ സമ്മർദ്ദവും ആണ് സർക്കാരിനെ ഇപ്പോൾ ഈ നടപടിക്ക് പ്രേരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് വിലനിയന്ത്രണാധികാരം കമ്പനികൾക്ക് നൽകിയതാണ് ഇന്ധന വില കൂടാൻ കാരണം എന്ന വാദം ഉയർത്തി ജനങ്ങളെ പിഴിഞ്ഞ് കൊണ്ടിരിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വാദം പൊള്ളയാണെന്ന് തെളിയിക്കുന്നത് കൂടിയാണ് ഈ നടപടിയെന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close