KERALANEWS

തിരുവനന്തപുരത്ത് വീടുകളിലും പോലിസിന് നേരെയും അക്രമം നടത്തിയ കഞ്ചാവ് മാഫിയ പിടിയിൽ; അറസ്റ്റിലായത് നിരവധി കേസുകളിൽ പ്രതിയായ പതിനൊന്ന് യുവാക്കൾ

കാട്ടാക്കട : കോട്ടൂർ, വ്ലാവെട്ടി എന്നിവിടങ്ങളിൽ പോലീസിനെ ആക്രമിക്കുകയും വീടുകളിൽ അതിക്രമം നടത്തുകയുംചെയ്ത കഞ്ചാവ് മാഫിയാ സംഘത്തിലെ 11 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവങ്ങൾക്കുശേഷം കോട്ടൂർ വനത്തിലേക്കു രക്ഷപ്പെട്ട പ്രതികളെ മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് വനത്തിൽ നടത്തിയ തിരച്ചിലിലാണ് വലയിലാക്കിയത്. 48 മണിക്കൂറിനുള്ളിലാണ് ഇവരെ വലയിലാക്കിയത്.

ഉഴമലയ്ക്കൽ പുതുക്കുളങ്ങര പള്ളിവിള ഷാഹിദാ മൻസിലിൽ ആസിഫ്(25), പൂവച്ചൽ കൊണ്ണിയൂർ ഫാത്തിമ മൻസിലിൽ വസീം(22), ഉണ്ടപ്പാറ കൊച്ചുകോണത്ത് വീട്ടിൽ നിന്നും അരുവിക്കര അഴിക്കോട് ഫാത്തിമാ ലാൻഡിൽ താമസിക്കുന്ന ആഷിഖ്(19), മുണ്ടേല കൊക്കോതമംഗലം കുഴിവിള വീട്ടിൽ സിബി വിജയൻ(22), വീരണകാവ് ഏഴാമൂഴി രഞ്ജു നിവാസിൽ രഞ്ജിത്ത്(22), വീരണകാവ് മുള്ളുപാറയ്ക്കൽ വീട്ടിൽ അഭിജിത്(22), അമ്പൂരി തേക്കുപാറ വെള്ളരിക്കുന്ന് രതീഷ് ഭവനിൽ രതീഷ്(22), അമ്പൂരി കുടപ്പനമൂട് ചപ്പാത്തിൻകര റോഡരികത്ത് വീട്ടിൽ അനു പ്രസന്നൻ(31), കാട്ടാക്കട ആമച്ചൽ കുച്ചപ്പുറം സി.എസ്.ഐ. പള്ളിക്ക്‌ സമീപം ചരുവിളാകത്ത് വീട്ടിൽ ശരത്(ശംഭു- 23), നെയ്യാർഡാം വ്ലാവെട്ടി നെല്ലിക്കുന്ന് കോളനിയിൽ അജിത്ത്(23), പൂവച്ചൽ പന്നിയോട് കുന്നിൽ വീട്ടിൽ ഹരികൃഷ്‌ണൻ(23) എന്നിവരാണ് പിടിയിലായത്.

വെള്ളിയാഴ്ച പുലർച്ചെയാണ് കോട്ടൂരിൽ പട്രോളിങ് നടത്തുകയായിരുന്ന നെയ്യാർഡാം പോലീസിനെ ആക്രമിക്കുകയും, നെല്ലിക്കുന്ന് സ്വദേശി സജികുമാറിന്റെ വീട് അടിച്ചുതകർക്കുകയും ചെയ്തത്. പിന്നാലെ സംഭവം അന്വേഷിച്ചെത്തിയ ഡിവൈ.എസ്.പി. ഉൾപ്പെടുന്ന പോലീസ് സംഘത്തിന് നേരേയും അക്രമികൾ കല്ലേറ് നടത്തിയിരുന്നു. അക്രമത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനായ ടിനോ ജോസഫ് ഇപ്പോഴും ചികിത്സയിലാണ്.

അക്രമങ്ങൾക്ക് ശേഷം കോട്ടൂർ വനത്തിലേക്ക്‌ രക്ഷപ്പെട്ട പ്രതികളെ കോട്ടൂർ, അമ്പൂരി പ്രദേശങ്ങളിലായുള്ള വനത്തിലെ ഒളിയിടങ്ങളിൽ നിന്നാണ് പിടികൂടിയത്. പ്രതികളുമായി വന മേഖലയിലും, ആക്രമണം നടത്തിയ ഇടങ്ങളിലും നടത്തിയ തെളിവെടുപ്പിൽ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും ബൈക്കുകളും പിടിച്ചെടുത്തു. കോട്ടൂർ വ്ലാവെട്ടി പ്രദേശങ്ങളിൽ വന മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് ലഹരി മാഫിയയ്‌ക്കെതിരേ പോലീസ് അടുത്തിടെ നടത്തിയ നീക്കങ്ങളാണ് പോലീസിനെതിരേ ആക്രമണത്തിന് കാരണമായത്. ഇതിൽ നാട്ടുകാരും സഹകരിച്ചതോടെ അവരെ ഭീതിയിലാക്കാനാണ് വീടുകൾ ആക്രമിച്ചതെന്നും പോലീസ് പറഞ്ഞു.

പിടിയിലായ പ്രതികളിൽ പലരും മുമ്പും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും, കഴിഞ്ഞ വർഷം കാട്ടാക്കട പന്നിയോട്ട്‌ പോലീസിനെ ആക്രമിക്കുകയും, ജീപ്പ് തകർക്കുകയും ചെയ്ത സംഭവത്തിലും അറസ്റ്റിലായ പ്രതികളിൽ ചിലർക്ക് പങ്കുണ്ടെന്നും പോലീസ് പറഞ്ഞു. കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കുള്ള ചിലരും, പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവരെയും ഇനിയും പിടിയിലാകാനുണ്ടെന്നും പോലീസ് അറിയിച്ചു.

റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ.മധുവിന് ലഭിച്ച രഹസ്യസന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കാട്ടാക്കട, നെടുമങ്ങാട് ഡിവൈ.എസ്.പി. മാരായ പ്രശാന്ത്, എ.അനിൽകുമാർ, നെയ്യാർഡാം ഇൻസ്‌പെക്ടർ എസ്.ബിജോയ്, ഗ്രേഡ് എസ്.ഐ. മാരായ ശശികുമാരൻ നായർ, രമേശൻ, മഹാദേവ മാരാർ, രാജശേഖരൻ, എ.എസ്.ഐ. മാരായ ഉണ്ണികൃഷ്ണൻ പോറ്റി, ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close