KERALANEWSTop News

ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി; ഉദ്‌ഘാടനം മന്ത്രി ആർ. ബിന്ദു ഇന്ന് ഓൺലൈനായി നിർവഹിക്കും; ബാലുശേരി സ്കൂളിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി എംഎസ്എഫ്

കോഴിക്കോട്: നിരവധി ചർച്ചകൾക്ക് വഴിയൊരുക്കിയ വിഷയമാണ് ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി. ഇപ്പോഴിതാ സംസ്ഥാനത്ത് ആദ്യമായി ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന ബാലുശ്ശേരി ഹയർ സെക്കന്ററി സ്കൂളിനെതിരെ പ്രതിഷേധം ശക്തമാക്കി എംഎസ്എഫ് അടക്കമുള്ള സംഘടനകൾ. സ്കൂളിലേക്ക് പ്രതിഷേധ മാർച്ചടക്കം സംഘടിപ്പിക്കാനാണ് വിദ്യാ‍ർത്ഥി സംഘടനകളുടെ നീക്കം. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് മന്ത്രി ആർ. ബിന്ദു പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും രാഷ്ട്രീയം സജീവ ചർച്ചയാകുന്നയിടത്താണ്, വസ്ത്രത്തിലെ തുല്യതയെന്ന സന്ദേശവുമായി ബാലുശ്ശേരി ഗേൾസ് ഹയർസെക്കന്‍ററി സ്കൂൾ മുമ്പേ നടക്കുന്നത്. പെൺകുട്ടികളുടെ സ്കൂളെങ്കിലും ഹയർ സെക്കന്ററിയിൽ ആൺകുട്ടികളുമുണ്ട്. ഇക്കുറി പ്രവേശനം നേടിയ പ്ലസ് വൺ ബാച്ചിലാണ് ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി ആദ്യമായി നടപ്പാക്കുന്നത്. 260 കുട്ടികളും ബുധനാഴ്ച മുതൽ ഏകീകൃത വേഷത്തിൽ സ്കൂളിലെത്തും.

പരിപാടിയുടെ ഉദ്ഘാടനത്തിന് മുന്നേ തന്നെ പ്രതിഷേധവും ശക്തമാണ്. പുതിയ യൂണിഫോമണിഞ്ഞ് കുറച്ചു കുട്ടികൾ ചൊവ്വാഴ്ച സ്കൂളിലെത്തിയതോടെ, പ്രതിഷേധവുമായി എംഎസ്എഫ് പ്രവർത്തകരുമെത്തി. കൂടിയാലോചിക്കാതെയാണ് തീരുമാനമെന്നും വസ്ത്ര സ്വാതന്ത്ര്യത്തിലുളള കടന്നുകയറ്റമെന്നും എംഎസ്എഫ് ആരോപിക്കുന്നു. എന്നാൽ രക്ഷിതാക്കൾക്കോ, കുട്ടികൾക്കോ ഇല്ലാത്ത ആശങ്കയാണ് എതിർക്കുന്നവർക്കെന്ന് സ്കൂൾ അധികൃതർ പറയുന്നു. പ്രതിഷേധങ്ങളുയരുമെങ്കിലും മാതൃകയാവുന്ന തീരുമാനവുമായി മുന്നോട്ടുതെന്നെയെന്ന് അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ പറയുന്നു.

വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ജെന്‍ഡന്‍ ന്യൂട്രാലിറ്റി പരിഷ്‌കരണത്തിനെതിരെ മുസ്ലിം ലീഗിന്റെ വനിതാ വിദ്യാര്‍ഥി വിഭാഗമായ ഹരിത. നിര്‍ബന്ധിത പരിഷ്‌കരണം അടിച്ചേല്‍പ്പിക്കലാണ്. ഈ ആശയത്തോട് വിയോജിപ്പ് രേഖപ്പെടുത്തു. ജെന്‍ഡര്‍ ഇക്വാലിറ്റിയെ കുറിച്ചല്ല, തുല്യ നീതിയെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. പെണ്ണിന്റെ അളവ് കോല്‍ ആണാണ് എന്ന മിഥ്യാ ധാരണ മാറണം. ആണ്‍കുട്ടികളുടെ അതേ വസ്ത്രം പെണ്‍കുട്ടികളും ധരിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് വസ്ത്ര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹരിത സംസ്ഥാന പ്രസിഡന്റ് പിഎച്ച് ആയിശ ബാനു പറഞ്ഞു.

ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ ഫോളോ ചെയ്യുമ്പോള്‍ വരുന്നതല്ല സമത്വം. ആണാവാന്‍ പെണ്ണ് ശ്രമിക്കുക എന്നതുമല്ല. സര്‍ക്കാരിന്റേത് തലതിരിഞ്ഞ സമത്വ കാഴ്ചപ്പാടാണ്. ജെന്‍ഡല്‍ ന്യൂട്രല്‍ യൂണിഫോം എതിര്‍ക്കപ്പെടേണ്ടത് തന്നെയാണെന്നും ആയിശ ബാനു അഭിപ്രായപ്പെട്ടു. അവരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന നിര്‍ബന്ധിത പരിഷ്‌കരണം യഥാര്‍ത്ഥത്തില്‍ അടിച്ചേല്‍പ്പിക്കലാണ് എന്നതിനാല്‍ പൂര്‍ണ്ണമായും ഈ കണ്‍സപ്റ്റിനോട് അങ്ങേയറ്റം വിയോജിപ്പ് രേഖപ്പെടുത്തുന്നു.
സമത്വത്തിന് വേണ്ടിയുള്ള അഭിനയ അരങ്ങുകളാണ് പലയിടങ്ങളിലും കാണപ്പെടുന്നത്. ജെന്റര്‍ ഇക്വാലിറ്റിയെ കുറിച്ചല്ല , തുല്ല്യ നീതിയെ കുറിച്ചാണ് നാം ചര്‍ച്ച ചെയ്യേണ്ടത്. ‘ പെണ്ണ്’ എന്ന സ്വത്വത്തെ മുറുകെപിടിച്ചു കൊണ്ട് ആത്മാഭിമാനത്തോടെ ജീവിക്കാനും ഉയരങ്ങള്‍ കീഴടക്കാനുമാണ് കുഞ്ഞുനാള്‍ തൊട്ട് പഠിപ്പിക്കേണ്ടത്. പെണ്ണിന്റെ അളവ് കോല്‍ ആണാണെന്ന മിഥ്യാധാരണയാണ് മാറേണ്ടത്!

ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന കണ്‍സപ്റ്റില്‍ ആണ്‍കുട്ടികളുപയോഗിക്കുന്ന അതേ വസ്ത്രം തന്നെ വിദ്യാര്‍ത്ഥിനികള്‍ ധരിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് അടിച്ചേല്‍പ്പിക്കലും വസ്ത്ര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവുമാണ്.. മാത്രമല്ല, സെലക്റ്റിവ് സമത്വം സ്ത്രീ എന്ന ഐഡന്റിറ്റിയെ തരം താഴ്ത്തുന്നതിന് തുല്യമാണ്. സമത്വമെന്ന് പറയുമ്പോള്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗം ഫോളോ ചെയ്യുക എന്നല്ലല്ലോ !
ആണാവാന്‍ പെണ്ണ് ശ്രമിക്കുക എന്നതുമല്ല.

ആണ്‍കുട്ടികളുടെ വസ്ത്രം പെണ്‍കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നത് പോലെ പെണ്ണിന്റെ വസ്ത്രം ആണ്‍കുട്ടികളും ധരിക്കുമ്പോഴല്ലേ ഇത്തരത്തിലുള്ള തലതിരിഞ്ഞ സമത്വ കാഴ്ചപ്പാട് പുലരുന്നത്. അത് പ്രായോഗികമല്ല എന്നത് എല്ലാവര്‍ക്കും അറിയുന്നതുമാണ്. അതിനാല്‍ സമത്വമെന്നത് ആണ്‍വസ്ത്രം പെണ്ണ് ധരിക്കലാണെന്ന ചിന്ത പോലും അസംബന്ധമാണ്. കൂടാതെ, ഈ ഒരു കണ്‍സെപ്റ്റിനെ ഒരിക്കലും അംഗീകരിക്കാനാവാത്ത വിദ്യാര്‍ത്ഥിനികളുടെ ചോയ്‌സ് ആണ് നിഷേധിക്കപ്പെടുന്നത്.

ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.. അത് പുരോഗമനത്തിന്റെ അടയാളമല്ല! പെണ്‍കുട്ടികളോട് കാണിക്കുന്ന അവഗണനയുടെ ഭാഗമാണ്! പി.എച്ച് ആയിശ ബാനു ഹരിത സംസ്ഥാന പ്രസിഡന്റ്

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close