
ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഒപ്പിടുന്നത് വൈകും. ലക്ഷദ്വീപിൽ പോയ ഗവർണർ ഒന്നാം തിയതിക്ക് ശേഷം മാത്രമേ തിരിച്ച് കേരളത്തിൽ എത്തു. നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും ഗവർണറുടെ തുടർ തീരുമാനങ്ങൾ.
അതേസമയം ലോകായുക്ത ഭേദഗതി ഓർഡിനൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എഴുതിത്തന്നാൽ ഓഫിസ് വഴി മറുപടി അറിയിക്കാമെന്ന നിലപാടാണ് ഗവർണർ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഓർഡിനൻസിനെച്ചൊല്ലി ഭരണ പ്രതിപക്ഷങ്ങൾ തമ്മിൽ വാക്കേറ്റം കനക്കുമ്പോൾ നിർണ്ണായകമാവുക ഗവർണറുടെ നിലപാടായിരിക്കും. നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ഇതുവരെ ഒപ്പുവെച്ചിട്ടില്ല.
എന്ന് പ്രതിപക്ഷവും ഓർഡിനൻസിൽ ഒപ്പുവെക്കരുതെന്ന് ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. ലോകായുക്തയുടെ പല്ലും നഖവും ഓടിച്ചുകളയുന്നതാണ് ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. നിയമമന്ത്രിയുടെ മറുപടി വസ്തുതാവിരുദ്ധം, ഭരണഘടനാ വിരുദ്ധമെന്ന വാദം തെറ്റാണ്. ഒരു നിയമം ഭരണഘടനാ വിരുദ്ധമെന്ന് പറയാനുള്ള അവകാശം കോടതിക്ക് മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ ഇതിനെതിരെ വാദങ്ങളുമായി നിയമമന്ത്രി പി രാജീവ് രംഗത്തെത്തിയിരുന്നു. ലോകായുക്ത ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി ആവശ്യമില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ലോകായുക്ത നിയമങ്ങൾ പൂർണമായും സംസ്ഥാനങ്ങളുടെ ചുമതലയിലാണുള്ളത്. അതിൽ ഭേദഗതി വരുത്തുന്നതിന് രാഷ്ട്രപതിയുടെ അനുമതി വേണമെന്ന് പറയുന്നവർ 2013 ന് മുൻപ് ജീവിക്കുന്നവരാണെന്നും മന്ത്രി ആക്ഷേപിച്ചു.
ഭരണഘടനാപരമായ വ്യവസ്ഥകളെ നിയമവ്യവസ്ഥ കൊണ്ട് മറികടക്കാനാകില്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. ലോകായുക്ത നിയമത്തിൽ മുൻപ് ഭേദഗതി വരുത്തിയപ്പോൾ രാഷ്ട്രപതിയുടെ അനുമതി വാങ്ങിയിരുന്നില്ല. നിയമത്തിന്റെ 12,14 വകുപ്പുകൾ തമ്മിൽ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയതിനാലാണ് പുതിയ നടപടി. ഭരണഘടനാ പദവിയിലുള്ളവർക്കെതിരെ ലോകായുക്ത നടപടി സ്വീകരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.